നോർത്ത് അമേരിക്കന്‍ പര്യടനം; ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് ചിക്കാഗോയിൽ സ്വീകരണമൊരുക്കാന്‍ വിശ്വാസികൾ
text_fieldsചിക്കാഗോ: നോർത്ത് അമേരിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് ചിക്കാഗോയിൽ ഗംഭീര സ്വീകരണം നടത്താനൊരുങ്ങി വിവിധ ഇടവകകളിലെ വിശ്വാസികൾ. ആഗസ്റ്റ് രണ്ട് ഞായറാഴ്ച ചിക്കാഗോ നോർത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായസുറിയാനി പള്ളിയിലാണ് സ്വീകരണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ എട്ടരയോടെ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തുന്ന ശ്രേഷ്‌ഠ ബാവയ്ക്ക് വരവേൽപ്പ് നൽകും. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം ശ്രേഷ്‌ഠ ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടത്തും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ശ്രേഷ്‌ഠ ബാവയെ ആദരിക്കുന്നതിനായി പ്രത്യേക സ്വീകരണ സമ്മേളനം നടത്തും. സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരി വെരി റവ. തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്‌കോപ്പ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
സെന്റ് ജോർജ് യാക്കോബായ പള്ളി വികാരിമാരായ വെരി റവ. മാത്യു കരിത്തലക്കൽ കോറെപ്പിസ്‌കോപ്പ, ഫാ. ലിജു പോൾ, സെന്റ് മാർക്‌സ് ക്നാനായ യാക്കോബായ പള്ളി വികാരി ഫാ. തോമസ് മേപ്പുറത്ത് എന്നിവർ ആശംസകൾ അറിയിക്കും.
ഷിക്കാഗോ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മാർക്‌സ് ക്നാനായ യാക്കോബായ സുറിയാനി പള്ളി എന്നീ ഇടവകകളിൽ നിന്നുള്ള വൈദികരും നൂറുകണക്കിന് വിശ്വാസികളും ചടങ്ങുകളിൽ പങ്കാളികളാകുമെന്ന് ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് ജോജി കുര്യാക്കോസ്, സെക്രട്ടറി ജോജോയ് വർഗിസ്, ട്രഷറർ ജോർജ് തോമസ് അറിയിച്ചു.


