ആസ്‌ട്രേലിയയിൽ കേരള മാപ്പിള പൈതൃക കലാരൂപങ്ങളുടെ മഹാസംഗമം
text_fieldsമെൽബൺ: ആസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി കേരള മാപ്പിള പൈതൃക കലാരൂപങ്ങളെ ഒരുമിച്ച് അവതരിപ്പിച്ച “ഇശൽ നിലാവ് 2025” മെൽബണിൽ വിജയകരമായി നടന്നു.
നൂറുകണക്കിന് പ്രേക്ഷകർ പങ്കെടുത്ത, ത്രൈവ് ടുഗെതർ ആസ്‌ട്രേലിയയുടെ ബാനറിൽ സംഘടിപ്പിച്ച പരിപാടി ഒക്ടോബർ 19-ന് മെൽബണിലെ എൻകോർ ഇവന്‍റ് സെന്‍ററിലാണ് തുടക്കമിട്ടത്.
ഒപ്പന, കോൽക്കളി, ദഫ് മുട്ട്, വട്ടപ്പാട്ട്, അറബിക് ഡാൻസ്, മാപ്പിളപ്പാട്ട്, തുടങ്ങിയ മാപ്പിള കലാരൂപങ്ങളും കവ്വാലി, വയലിൻ പ്ലേ, ഗാനമേള മുതലായവയും ഒരേ വേദിയിൽ അവതരിപ്പിച്ചത് പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. ആസ്‌ട്രേലിയയിൽ വളർന്ന മലയാളി കുട്ടികളും യുവാക്കളുമാണ് ഈ കലാരൂപങ്ങൾ അവതരിപ്പിച്ചത്.
ആസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എഴുപതിലധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത പരിപാടി കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും ആസ്‌ട്രേലിയൻ മണ്ണിൽ പുനർസൃഷ്ടിച്ചു.
കേരളത്തിന്റെ മാപ്പിള കലാ പൈതൃകത്തെ ആസ്‌ട്രേലിയയിലെ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും സമൂഹത്തിന്റെ അതുല്യമായ പിന്തുണയും കലാകാരന്മാരുടെ സമർപ്പിതത്വവുമാണ് ഈ വിജയത്തിന് പിന്നിലെന്നും സ്വാഗത പ്രസംഗത്തിൽ ത്രൈവ് ടുഗെതർ ആസ്‌ട്രേലിയയുടെ പ്രസിഡന്റ് റഫീഖ് മുഹമ്മദ് പറഞ്ഞു.ഭാവിയിൽ സമാനമായ കലാസാംസ്കാരിക വേദികൾ മെൽബണിൽ ഒരുക്കാൻ തങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനീസ് മുഹമ്മദ് നന്ദി പ്രസംഗം നിർവഹിച്ചു.


