Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightNRIchevron_rightതിരികെവന്ന...

തിരികെവന്ന പ്രവാസികൾക്ക് തൊഴിൽ നൽകാൻ ​‘നെയിം’

text_fields
bookmark_border
തിരികെവന്ന പ്രവാസികൾക്ക് തൊഴിൽ നൽകാൻ ​‘നെയിം’
cancel

തൊഴിൽ അന്വേഷകരായ തിരികെ വന്ന പ്രവാസികൾക്കും ഒപ്പം തൊഴിൽ ദാതാക്കളായ സ്ഥാപന ഉടമകൾക്കും ഒരു പോലെ പ്രയോജനപ്രദമാണ് നോർക്കയുടെ ‘നെയിം’ പദ്ധതി (നോർക്ക അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്). 2024 ഒക്ടോബറിലെ സർക്കാർ ഉത്തരവ് പ്രകാരം നോർക്ക റൂട്സ് നെയിം പദ്ധതി നടപ്പിലാക്കിവരുന്നു. തിരികെ വന്ന പ്രവാസികൾക്ക് വർഷം കുറഞ്ഞത് ഒരുലക്ഷം തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഗുണങ്ങൾ തൊഴിലുടമകൾക്ക്

  • വിദഗ്ധ പരിശീലനം ലഭിച്ച പ്രവാസികളുടെ അറിവ്, അനുഭവ പരിചയം എന്നിവ നാട്ടിലെ സംരംഭങ്ങൾക്ക് മുതൽക്കൂട്ടാക്കാം.
  • സാമ്പത്തിക ബാധ്യതയില്ലാതെ യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിന് നോർക്ക റൂട്സ് സഹായം ഉപയോഗിക്കാം.
  • നോര്‍ക്ക റൂട്ട്സ് നല്‍കുന്ന ചുരുക്കപ്പട്ടികയിൽനിന്ന് യോഗ്യരായവരെ നിയമനനടപടികൾ പൂർത്തീകരിച്ചു നിയമിക്കാം.
  • അതോടൊപ്പം വേജ് കോമ്പൻസേഷൻ വഴി സാമ്പത്തിക ലാഭം നേടാം.

തിരികെ വന്ന പ്രവാസികൾക്ക്

  • തൊഴിൽ ലഭ്യമാകുന്നതിനു വേണ്ട സാഹചര്യവും സഹായവും ലഭിക്കുന്നു .
  • കേരളത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളിൽ (കുറഞ്ഞത് ഒരു വർഷം) മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നു.

തൊഴിൽ ദാതാവിന്റെ യോഗ്യത

കേന്ദ്ര / സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾ പാലിച്ച്, നിയമപരമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏത് സ്ഥാപനത്തിനും ഈ പദ്ധതി പ്രകാരം പ്രവാസികളെ നിയമിക്കാവുന്നതാണ്. ഉദാഹരണത്തിന് സഹകരണ/വ്യവസായ/സമാന വകുപ്പുകളുടെ കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിൽ/വ്യവസായ/സേവന/സംരംഭക സഹകരണ സംഘങ്ങൾ, ഇ.എസ്.ഐ, ഇ.പി.എഫ് പദ്ധതികളിൽ അംഗങ്ങളായ സ്ഥാപന ഉടമകൾ, എൽ.എൽ.പികൾ , സ്വകാര്യ / പൊതു ലിമിറ്റഡ് കമ്പനികൾ, ഉദ്ധ്യം രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ തുടങ്ങി നിയമപരമായി ഏത് മേഖലയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്ക് ഈ പദ്ധതി പ്രകാരം തൊഴിൽ ദാതാവായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തൊഴിലുടമക്കുള്ള സാമ്പത്തിക നേട്ടം

നിബന്ധന പാലിച്ചുകൊണ്ട് തിരികെ വന്ന പ്രവാസികൾക്ക് ഒരുവർഷം പൂർണമായും തൊഴിൽ നൽകുന്ന സ്ഥാപന ഉടമക്ക് ഓരോ തൊഴിലാളിയുടെയും ഒരുദിവസത്തെ വേതനത്തിന്റെ പകുതി (പരമാവധി 400 രൂപ) ഇതിൽ ഏതാണോ കുറവ് അത് നോർക്ക റൂട്സിൽനിന്ന് വേജ് കോമ്പൻസേഷൻ ഇനത്തിൽ ലഭിക്കുന്നതാണ്. പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതമാണ് ലഭിക്കുക. അതായത് പരമാവധി 40,000 രൂപവരെ.

ഒരു മുൻ പ്രവാസിക്ക് ആദ്യത്തെ ഒരുവര്‍ഷമേ പദ്ധതി ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. ഒരു തൊഴിലുടമക്ക് പരമാവധി 50 പേരെവരെ പദ്ധതി പ്രകാരം നിയമിക്കാവുന്നതാണ്.

തൊഴിലന്വേഷകന്റെ കുറഞ്ഞ യോഗ്യത

  • കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ഉപജീവനാർഥം തൊഴിൽ ചെയ്ത, നിലവിൽ തൊഴിൽ വിസ ഇല്ലാത്ത (അല്ലെങ്കിൽ തിരികെ എത്തിയിട്ട് ആറുമാസം കഴിഞ്ഞിരിക്കണം) പ്രവാസി കേരളീയര്‍.
  • പ്രായപരിധി 25 മുതൽ 70 വയസ്സ് വരെ (ഓരോ തൊഴിലുടമയുടെയും ആവശ്യ പ്രകാരം)
  • തൊഴിലുടമ ആവശ്യപ്പെട്ട നിശ്ചിത യോഗ്യതകൾ
  • കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപക്ക് താഴെ

നോർക്ക റൂട്സിന്റെ ചുമതലകൾ

  • രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിശോധിച്ച് രജിസ്‌ട്രേഷൻ നമ്പർ അംഗീകരിച്ചു നൽകുക. അവരുമായി ധാരണപത്രം ഒപ്പിടുക. തൊഴിൽ വിജ്ഞാപനം അംഗീകരിക്കുക.
  • വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുവരുന്ന തൊഴിലവസരങ്ങളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ വിവിധ സമൂഹമാധ്യമ പേജുകള്‍, പത്രമാധ്യമങ്ങള്‍, ഔദ്യോഗിക വെബ്സൈറ്റ് എന്നിവവഴി പരസ്യം ചെയ്യുക.
  • ഉദ്യോഗാർഥികളുടെ യോഗ്യതകൾ പരിശോധിച്ചു നിശ്ചിത യോഗ്യതയുള്ളവരെ ഷോർട് ലിസ്റ്റ് ചെയ്തു സ്ഥാപനങ്ങൾക്ക് നൽകുക.
  • നിയമന നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് സ്ഥാപനങ്ങളിൽനിന്ന് നിയമനം സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുക
  • വേജ് കോംപോൺസഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

തൊഴിലുടമ രജിസ്ട്രേഷൻ

നോർക്ക റൂട്സ് വെബ്സൈറ്റ് (www.norkaroots.org) സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി തൊഴിൽദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാം.

ഉദ്യോഗാർഥി അപേക്ഷ നല്‍കേണ്ട വിധം

ഉദ്യോഗാർഥികള്‍ക്ക് നോർക്ക റൂട്സ് വെബ്സൈറ്റ് (www.norkaroots.org) സന്ദർശിച്ച് വിജ്ഞാപനത്തിൽ സൂചിപ്പിച്ച യോഗ്യതയുള്ള പക്ഷം ഓൺലൈനായി അപേക്ഷ നല്‍കാവുന്നതാണ്.

Show Full Article
TAGS:New project returning expatriates employment Kerala News 
News Summary - ‘NAME’ to provide employment to returning expatriates
Next Story