യു.എസിൽ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യൻ വംശജനും മകളും കൊല്ലപ്പെട്ടു
text_fieldsകൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ പ്രദീപ് പട്ടേൽ, മകൾ ഉർമി. അക്രമി ജോർജ് ഫ്രേസിയർ ദേവൻ വാർട്ടൻ
വാഷിങ്ടൺ: വിർജീനിയയിലെ ഡിപാർട്മെന്റൽ സ്റ്റോറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ വംശജനായ പിതാവും മകളും കൊല്ലപ്പെട്ടു. ഗുജറാത്തിൽ നിന്ന് ആറുവർഷം മുമ്പ് യു.എസിലെത്തിയ പ്രദീപ് പട്ടേൽ(56), ഉർമി(25) എന്നിവരാണ് മരിച്ചത്.
ഇരുവരും ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം. അക്കോമാക് കൗണ്ടിയിൽ അടുത്തിടെ തുറന്നിട്ടേ ഉണ്ടായിരുന്നുള്ളൂ ഈ സ്റ്റോർ. വെടിവെപ്പുമായി ബന്ധപ്പെട്ട് ജോർജ് ഫ്രേസിയർ ദേവൻ വാർട്ടൻ(44)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യം വാങ്ങാനായി വ്യാഴാഴ്ച രാവിലെയാണ് അക്രമി സ്റ്റോറിലെത്തിയത്. ആ സമയത്ത് രാത്രി കട അടച്ചിടുന്നത് എന്തിനാണെന്ന് അക്രമി ചോദിക്കുകയുണ്ടായി. അതിന് പിന്നാലെ പിതാവിനും മകൾക്കും നേരെ നിറയൊഴിക്കുകയായിരുന്നു. പ്രദീപ് പട്ടേൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഉർമി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണ് പ്രദീപ് പട്ടേലിന്റെ വീട്. ബന്ധുവായ പരേഷ് പട്ടേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ഹൻസബെൻ ആണ് പ്രദീപ് പട്ടേലിന്റെ ഭാര്യ. ഇവർക്ക് രണ്ട് പെൺമക്കൾ കൂടിയുണ്ട്. ഒരാൾ കാനഡയിൽ മറ്റേയാൾ അഹ്മദാബാദിലുമാണ്.
കൊലപാതകം ഗുജറാത്തിലെ പട്ടേലിന്റെ കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആറേഴ് വർഷം മുമ്പാണ് പ്രദീപ് പട്ടേൽ യു.എസിലേക്ക് പോയതെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ ചന്തു പട്ടേൽ പറഞ്ഞു. പ്രാദേശിക മാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയുമാണ് ഗുജറാത്തിലെ വെടിവെപ്പിനെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ യു.എസിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ആശങ്ക പ്രകടിപ്പിച്ചു. നോർത്ത് കരോലൈനയിൽ കട നടത്തുകയായിരുന്ന 36കാരനായ ഇന്ത്യൻ വംശജനായ യുവാവും മാസങ്ങൾക്ക് മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു.