കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കവെ അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥി മരിച്ചു
text_fieldsആര്യൻ റെഡ്ഡി
വാഷിങ്ടൺ: കൂട്ടുകാർക്കൊപ്പം ജൻമദിനം ആഘോഷിക്കവെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥി മരിച്ചു. നവംബർ 13നായിരുന്നു സംഭവം. ആര്യൻ റെഡ്ഡിയാണ്(23) മരിച്ചത്.
അറ്റ്ലാന്റയിലെ വീട്ടിൽ കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കുകയായിരുന്നു ആര്യൻ. ആഘോഷത്തിനിടെ വേട്ടക്കായുപയോഗിക്കുന്ന തന്റെ തോക്ക് വൃത്തിയാക്കാനായി ആര്യൻ പോയി. എന്നാൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ആര്യന്റെ നെഞ്ചിന് വെടിയേൽക്കുകയായിരുന്നു. വെടിയൊച്ച കേട്ടപ്പോൾ രക്തത്തിൽ കുളിച്ച ആര്യനെയാണ് മുറിയിലെത്തിയ സുഹൃത്തുക്കൾ കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കൻസാസ് യൂനിവേഴ്സിറ്റിയിലെ രണ്ടാംവർഷ വിദ്യാർഥിയായിരുന്നു ആര്യൻ. തെലങ്കാനയിലെ ഭുവനഗരി ജില്ലയാണ് ജൻമദേശം. ആര്യന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.