അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്ന് വീണ് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
text_fieldsന്യൂഡൽഹി: തലസ്ഥാനത്തെ അമ്യൂസ്മെന്റ് പാർക്കിലെ റോളർകോസ്റ്ററിൽ നിന്ന് വീണ് പ്രതിശ്രുത വധു മരിച്ചു. ചാണക്യപുരിയിൽ സെയിൽസ് മാനേജറായ പ്രിയങ്കയാണ്(24)മരിച്ചത്. ബുധനാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം. പ്രതിശ്രുത വരനായ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്മെന്റ് പാർക്കിലെത്തിയത്. വാർട്ടർ തീം പാർക്കിലെ റൈഡിനു ശേഷമാണ് ഇരുവരും അമ്യൂസ്മെന്റ് പാർക്കിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
റോളകോസ്റ്റർ ഏറ്റവും ഉയരത്തിലെത്തിയപ്പോൾ അതിന്റെ സ്റ്റാന്റ് തകർന്ന് പ്രിയങ്ക താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഉടൻ തന്നെ നിഖിൽ വിവരം പ്രിയങ്കയുടെ കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ നിഖിലിന്റെ മൊഴി അടിസ്ഥാനമാക്കി പൊലീസ് കേസെടുത്തു. പ്രിയങ്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.
അമ്യൂസ്മെന്റ് പാർക്ക് അധികൃതരുടെ അനാസ്ഥയാണ് സഹോദരിയുടെ ജീവനെടുത്തത് എന്നാരോപിച്ച് പ്രിയങ്കയുടെ സഹോദരൻ മോഹിത് രംഗത്തുവന്നു. വീണ് ഗുരുതര പരിക്കേറ്റ സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും മോഹിത് ആരോപിച്ചു.
അപകടത്തിന് ശേഷം പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.


