Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകയ്പമംഗലത്ത്...

കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ടു പേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
https://www.madhyamam.com/tags/road-accident
cancel
camera_alt

കയ്പമംഗലം പനമ്പിക്കുന്നിൽ അപകടമുണ്ടായ സ്ഥലം കെ.കെ. വത്സരാജ് എം.എൽ.എ, ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ എന്നിവർ സന്ദർശിക്കുന്നു

തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി തമിഴ്നാട് സ്വദേശികളായ എട്ടു പേർക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന ഏഴ് എൻജിനീയറിങ് ​വിദ്യാർഥികളും ഡ്രൈവറുമാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്തായിരുന്നു അപകടം.

മരിച്ചവരിൽ തമിഴ്നാട് സേലം സ്വദേശി വിശ്വ (20), ദിണ്ഡിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ സന്തോഷ് (20), പ്രസന്ന എന്നിവരെ തിരിച്ചറിഞ്ഞു. മറ്റു രണ്ടുപേരെയും ഡ്രൈവറെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. ദിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മധുരെ രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് ഇടിച്ചത്.

ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചു കയറിയത്.

റോഡരികിലായി മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു. ഈ മേഖലയിൽ അപകടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയിൽ മതിയായ സൂചനാ ബോർഡുകൾ ഉണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. കാർ പൂർണമായും തകർന്നു.

പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി.

മൃതദേഹങ്ങൾ ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റിയത്. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപ​ത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. ഇന്ന് തന്നെ മുഴുവൻ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.

Show Full Article
TAGS:National Highway 66 Road Accident Tragic death Thrissur 
Next Story