കെ.എസ്.ആർ.ടി.സി ബസ് ബൈക്കുമായി കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
text_fieldsബംഗളൂരു: കെ.എസ്.ആർ.ടി.സി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ അബ്നാൻ (23) ആണ് മരിച്ചത്. ശിവമൊഗ്ഗ താലൂക്കിലെ സുട്ടുക്കോട്ടെയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. ശിക്കാരിപുരയിൽ നിന്ന് ശിവമൊഗ്ഗയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ശിവമൊഗ്ഗയിൽ നിന്ന് ശിക്കാരിപുരയിലേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ബസിന്‍റെ റേഡിയേറ്റർ ഭാഗത്ത് ബൈക്ക് ഇടിക്കുകയും തീപിടിത്തമുണ്ടായതായും പൊലീസ് പറഞ്ഞു. ബസിന് തീപിടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.എമർജൻസി വാതിലുകളിലൂടെയും ജനാലകളിലൂടെയും യാത്രികര്‍ പുറത്തിറങ്ങി. സംഭവത്തെ തുടർന്ന് സവലംഗ റോഡിൽ ഏതാനും മിനിറ്റുകൾ ഗതാഗതം തടസ്സപ്പെട്ടു.വിവരം ലഭിച്ചതിനെത്തുടർന്ന് ഡി.വൈ.എസ്.പി സഞ്ജീവ് കുമാറും കുംസി പൊലീസ് സ്റ്റേഷനിലെ പി.എസ്.ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.


