കർണാടകയിൽ ബസ് മറിഞ്ഞ് നഴ്സിങ് വിദ്യാര്‍ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
text_fieldsകർണാടകയിലെ ചിത്രദുർഗയിൽ അപകടത്തിൽപെട്ട ബസ്
ബംഗളൂരു: കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മൂന്ന് പേർ മരിച്ചു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ, നഴ്സിങ് വിദ്യാര്‍ഥി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 26 പേർക്ക് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രപ്രദേശ് ചിറ്റൂർ രാമ ചന്ദ്രപുരം സ്വദേശി ദീക്ഷിത (19) ആണ് മരിച്ച വിദ്യാർഥി.
കർണാടകയിലെ ചിത്രദുര്‍ഗ ജില്ലയിൽ ഹിരിയൂർ താലൂക്കിലെ ഐമാംഗലക്ക് സമീപം ദേശീയപാതയിൽ വെള്ളിയാഴ്ചയാണ് രാവിലെ 5.30 ഓടെയാണ് അപകടം. ബന്നാർഘട്ട റോഡിലെ അരെക്കെരെയിലുള്ള സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു.
ആഗസ്റ്റ് 16 ന് ഗോവയിലേക്ക് യാത്ര പോയ വിദ്യാര്‍ഥികള്‍ യാത്ര പൂർത്തിയാക്കി ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉടൻ തന്നെ ചിത്രദുർഗ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചിത്രദുർഗ പൊലീസ് സൂപ്രണ്ട് ഞ്ജിത്ത് കുമാർ ബന്ദാരു സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തില്‍ ഐമാംഗല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.


