റിയാദ് - ജുബൈൽ റോഡിൽ ട്രെയിലറിന് തീപിടിച്ച് ഉത്തർപ്രദേശ് സ്വദേശി മരിച്ചു
text_fieldsറിയാദ്: റിയാദ് - ജുബൈൽ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു. മീററ്റ് സർധാന കലന്ദ് സ്വദേശി സാഹിൽ ത്യാഗി (27) ആണ് ദാരുണമായി മരിച്ചത്. റിയാദിലെ പ്രമുഖ കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
സാഹിൽ സഞ്ചരിച്ചിരുന്ന ട്രെയിലർ അപകടത്തിൽപ്പെടുകയും നിമിഷങ്ങൾക്കകം വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. തീ വേഗത്തിൽ പടർന്നുപിടിച്ചതിനെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ സാഹിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.
മുഹമ്മദ് സലിം - ഫർസാന ദമ്പതികളുടെ മകനാണ് സാഹിൽ ത്യാഗി. സേബ, സുഹൈൽ ത്യാഗി എന്നിവർ സഹോദരങ്ങളാണ്. മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിയമനടപടികൾ പുരോഗമിച്ചുവരികയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.


