ഓട്ടോ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; നാല് പേർക്ക് പരിക്ക്
text_fieldsസാവിത്രി
വർക്കല: തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. വെന്നികോട് കട്ടിംഗ് മേക്കോണം വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ സാവിത്രി(85) ആണ് മരിച്ചത്. ചെറുന്നിയൂർ ജങ്ഷൻ-ശാസ്താംനട റോഡിൽ ഡീസന്റ് മുക്കിന് സമീപം ബുധനാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്.
ഡ്രൈവർ ഉൾപ്പെടെ ഏഴ് പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ചെറുന്നിയൂർ സ്കൂളിന് സമീപം തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സാവിത്രിയും സഹപ്രവർത്തകരായ ശ്യാമള, ബീന, ബേബി, രാധ, മേബിൾ എന്നിവരുമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഉച്ച ഭക്ഷണം കഴിക്കുന്നതിനായി പോകവെയാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞത്.
അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമായി പറയുന്നത്. മരണപ്പെട്ട സാവിത്രി ഓട്ടോയുടെ മുൻസീറ്റിൽ ഇരിക്കുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സാവിത്രിയെ ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കാലിന് സാരമായ പരിക്കേറ്റ ശ്യാമള ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിലും തലക്ക് സാരമായ പരിക്കുകളോടെ ബീന തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റ മേബിൾ, ബേബി എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഷീല, അനിൽകുമാർ, മണിലാൽ (ലാലു),പരേതരായ ഷാജി, ഷീബ എന്നിവരാണ് സാവിത്രിയുടെ മക്കൾ.