നിര്‍മാണത്തിലിരുന്ന പോര്‍ച്ച് തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
text_fieldsആനന്ദൻ, സുരേഷ്
മാവേലിക്കര: തഴക്കരയില്‍ വീടിനുസമീപം നിര്‍മിച്ചിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലുമല പുതുച്ചിറ പ്ലാവിള വടക്കതില്‍ ആനന്ദന് (കൊച്ചുമോന് -54), ചെട്ടികുളങ്ങര പേള പേരേക്കാവില്‍ സുരേഷ് ഭവനത്തില്‍ സുരേഷ് (57) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പോനകം മംഗാലവടക്കതില്‍ ശിവശങ്കര്‍ (39), കാട്ടുവള്ളില്‍ കുറ്റിയില്‍ വീട്ടില്‍ സുരേഷ് (56), കൃഷ്ണപുരം കാപ്പില്‍ കളരിക്കല്‍ വടക്കതില്‍ രാജു (65) എന്നിവരാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്കുശേഷം 2.30ഓടെയാണ് സംഭവം. മാവേലിക്കര മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡ് തഴക്കര പുത്തന്‍ പുരയിടത്തില്‍ മൂത്താന്റെ കിഴക്കതില്‍ സ്റ്റീഫന്‍ ഫിലിപ്പോസിന്റെ വീടിനോടുചേര്‍ന്ന് നിര്‍മിച്ചുകൊണ്ടിരുന്ന പോര്‍ച്ചിന്റെ മേല്‍ക്കൂരയുടെ കോൺക്രീറ്റിന് ഉപയോഗിച്ച തട്ട് ഇളക്കിമാറ്റുന്നതിനിടെയായിരുന്നു അപകടം.
സുരേഷിനെ കോണ്‍ക്രീറ്റിനായി ഇട്ടിരുന്ന തട്ടിനിടയില്നിന്ന് പുറത്തെടുക്കുന്നു
തട്ട് ഇളക്കുന്നത് അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ കൂരമാതൃകയില് നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് മേൽക്കൂര പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ഭിത്തിയുടെ ഉയരത്തില്‍ മറ്റൊരു തട്ട് കെട്ടി അതില്‍നിന്നാണ് മുകളിലെ കൂരക്കുള്ള തട്ടും ജാക്കികളും കൊടുത്തിരുന്നത്. ജാക്കിയും തട്ടും ഇളക്കിയതോടെ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കും ഭിത്തിയുടെ ഉയരത്തില്‍ ഉണ്ടായിരുന്ന തട്ടിനും ഇടയില്‍ ഞെരുങ്ങിയാണ് ഇരുവരും മരിച്ചത്. ഇവര്‍ക്കൊപ്പം മുകളില്‍ ഉണ്ടായിരുന്ന ശിവശങ്കര്‍ ചാടിയും ഇവരെ സഹായിക്കുകയായിരുന്ന സുരേഷ് ഏണിയില്‍നിന്ന് ചാടിയും താഴെനിന്നിരുന്ന രാജു ഓടിമാറിയും രക്ഷപ്പെട്ടു. ശിവശങ്കറിന് മുഖത്തും കാലിനും പരിക്കേറ്റു. സുരേഷും രാജുവും പരിക്കേല്‍ക്കാതെയും രക്ഷപ്പെട്ടു. രാജുവിന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഉടന്‍ മാവേലിക്കര പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചു.
മരിച്ച രണ്ടുപേരെയും ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാസേന പുറത്തെടുത്തത്. സുരേഷിനെ പോര്‍ച്ചിന്റെ ഭിത്തി ഉയരത്തിലുള്ള സ്ലാബ് നീക്കിയും ആനന്ദനെ കട്ടര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുറിച്ചുമാറ്റിയുമാണ് പുറത്തെടുത്തത്. മാവേലിക്കരയില്‍ അഡ്വാന്‍സ്ഡ് െറസ്ക്യൂ ടൂള്‍ യൂനിറ്റ് ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. വൈകീട്ട് നാലോടെയാണ് രണ്ടാമത്തെ മൃതദേഹം പുറത്തെടുത്തത്.
കോണ്‍ക്രീറ്റ് ചെയ്ത് 20 ദിവസത്തിനുശേഷമാണ് തട്ട് ഇളക്കിയതെന്നും ബെല്‍റ്റിന് പുറത്ത് കെട്ടിയിരുന്ന സിമന്റ് കട്ടകള്‍ ഇളകിമാറിയതാണ് അപകടത്തിന് കാരണമായതെന്നും കരാറുകാരൻ പ്രശാന്ത് പറഞ്ഞു. എന്നാല്‍, നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആനന്ദന്റെ ഭാര്യ ഷീബ. സുരേഷിന്റെ ഭാര്യ ഗിരിജ. മകള്‍: അശ്വതി.