തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ പീഡിപ്പിക്കുന്നത് പതിവ് രീതി, കുട കൊണ്ട് മുഖംമറച്ച് ഹോസ്റ്റലിൽ കയറി; പീഡിപ്പിച്ചയാളെ ഐ.ടി ജീവനക്കാരി തിരിച്ചറിഞ്ഞു
text_fieldsകഴക്കൂട്ടം (തിരുവനന്തപുരം): ഹോസ്റ്റലിൽ കയറി ബലാത്സംഗം ചെയ്ത പ്രതിയെ ഐ.ടി ജീവനക്കാരിയായ യുവതി തിരിച്ചറിഞ്ഞു. മധുര സ്വദേശിയായ ലോറി ഡ്രൈവർ ബെഞ്ചമിൻ (35) ആണ് പ്രതി. ഇയാളെ ഇന്നലെ രാത്രി മധുരയിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തെരുവിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാളുടെ പതിവ് രീതിയാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നും ഡി.സി.പി ടി. ഫറാഷ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഒരുവീട്ടിൽനിന്ന് ഹെഡ് ഫോണും മറ്റൊരു വീട്ടിൽനിന്ന് കുടയും മോഷ്ടിച്ചു. ഈ കുട കൊണ്ട് മുഖംമറച്ചാണ് പ്രതി അതിജീവിത താമസിച്ച ഹോസ്റ്റൽ മുറിയിൽ എത്തിയത്. രാത്രി ജോലി കഴിഞ്ഞ് സഹതാമസക്കാരി വരുന്നതിനാൽ ഹോസ്റ്റലിന്റെ പ്രധാനമുറിയോ യുവതി കിടന്നുറങ്ങിയ മുറിയോ അടച്ചിരുന്നില്ല.
വെള്ളിയാഴ്ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം. സമീപത്തെ ഏതാനും വീടുകളിൽ കയറി മോഷണം നടത്തിയ ശേഷമാണ് യുവതി കിടന്നുറങ്ങുകയായിരുന്ന ഹോസ്റ്റലിൽ എത്തിയതെന്ന് പ്രതി മൊഴി നൽകി. പൂർണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഏഴോടെ യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.
ഹോസ്റ്റലിൽ സി.സി ടി.വി കാമറയില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെപ്പറ്റി സൂചന ലഭിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. കഴക്കൂട്ടം അസി. കമീഷണർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, തുമ്പ, പേരൂർക്കട സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരും സിറ്റി ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിനുശേഷം ട്രക്കിൽ നാട്ടിലേക്ക് പോവുകയായിരുന്നു പ്രതി.
കേരളത്തിൽ ട്രിപ്പ് വരുന്ന ദിവസങ്ങളിൽ ഇയാൾ പതിവായി മോഷണം നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽതന്നെ പ്രതിയെ പിടികൂടാനായത് പൊലീസിന് ആശ്വാസമായി. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ കഴക്കൂട്ടത്ത് എത്തിച്ചു. മുഖംമൂടിയണിയിച്ചാണ് സ്റ്റേഷനിൽ എത്തിച്ചത്.


