മ്യൂസിക് കോൺസെർട്ടിനിടെ മയക്കുമരുന്ന് ഉപയോഗം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, സംഘാടകനടക്കം 6 പേർ അറസ്റ്റിൽ
text_fieldsമുംബൈ: മുംബൈയിൽ നടന്ന വിദേശ സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് എം.ബി.എ വിദ്യാർഥികൾ മരിച്ചു. ഗോരേഗാവിലെ നെസ്‌കോ എക്സിബിഷൻ സെന്ററിൽ നടന്ന '9x9' മ്യൂസിക് കോൺസെർട്ടിനിടെയാണ് സംഭവം. 28 വയസ്സുള്ള യുവാവും 24 വയസ്സുള്ള യുവതിയുമാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവതി ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദക്ഷിണ മുംബൈയിലെ പ്രമുഖ കോളജിലെ 25ഓളം വരുന്ന വിദ്യാർഥി സംഘമാണ് സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. പരിപാടിക്കിടെ ഇവർക്കിടയിൽ എം.ഡി.എം.എ എന്ന് സംശയിക്കുന്ന മഞ്ഞ നിറത്തിലുള്ള ഗുളികകൾ വിതരണം ചെയ്യപ്പെട്ടതായി പൊലീസ് പറയുന്നു. ഇത് കഴിച്ച ശേഷം നൃത്തം തുടർന്ന വിദ്യാർഥികൾക്ക് പുലർച്ചയോടെ ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകൻ, സെക്യൂരിറ്റി ചീഫ്, മയക്കുമരുന്ന് എത്തിച്ചുനൽകിയ വിദ്യാർഥി, മയക്കുമരുന്ന് വിതരണക്കാരൻ എന്നിവരടക്കം ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ സുരക്ഷ പരിശോധനകൾ നടത്തുന്നതിൽ സംഘാടകർ പരാജയപ്പെട്ടെന്നും നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇറ്റാലിയൻ ഡി.ജെ സംഘമായ '999999999' (9x9) നടത്തിയ പരിപാടിയുടെ ഭാഗമായി നടന്ന റെയ്‍വ് പാർട്ടിയിലാണ് മയക്കുമരുന്ന് വിതരണം നടന്നത്. പരിപാടി നടന്ന ഹാളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ലഹരിയുടെ ലഹരിയിൽ യുവാക്കൾ നൃത്തം ചെയ്യുന്ന വിഡിയോകൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


