വിവാഹത്തിൽനിന്ന് പിന്മാറിയതിന് എച്ച്.ഐ.വി രക്തം കുത്തിവെച്ചു; ഹൈദരാബാദിൽ ഇരയായ പെൺകുട്ടി ജീവനൊടുക്കി
text_fieldsപ്രതീകാത്മക ചി്രതം
ഹൈദരാബാദ്: മാസങ്ങൾക്ക് മുമ്പ് ഹൈദരാബാദിൽ നടന്ന എച്ച്.ഐ.വി കുത്തിവെപ്പ് കേസിലെ ഇരയായ യുവതി ജീവനൊടുക്കി. മുൻ കാമുകന്റെ ക്രൂരതക്ക് ഇരയായ യുവതിയെ വെള്ളിയാഴ്ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. പ്രതിയായ മനോഹർ എന്ന യുവാവും യുവതിയും വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നവരാണ്. എന്നാൽ, മനോഹർ എച്ച്.ഐ.വി ബാധിതനാണെന്ന് അറിഞ്ഞതോടെ യുവതി വിവാഹത്തിൽനിന്ന് പിന്മാറി. ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന് മാർച്ച് 11ന് മനോഹർ യുവതിയെ തടഞ്ഞുനിർത്തുകയും തന്റെ ശരീരത്തിൽ നിന്നും എടുത്ത എച്ച്.ഐ.വി ബാധിച്ച രക്തം യുവതിയുടെ ശരീരത്തിലേക്ക് സിറിഞ്ച് ഉപയോഗിച്ച് ബലമായി കുത്തിവെക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ കടുത്ത പനിയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ പരാതിയിൽ മാർച്ച് 14ന് മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ കൊലപാതക ശ്രമത്തിന് ജയിലിൽ കഴിയുകയാണ് ഇയാൾ.
ആക്രമണത്തെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി വെള്ളിയാഴ്ച സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


