കർണാടകയിൽ ഹൈവേ കൊള്ളസംഘം മലയാളിയെ ആക്രമിച്ച് കാറും പണവും കവർന്നു; പൊലീസുകാരനടക്കം അഞ്ചു പേർ അറസ്റ്റിൽ
text_fieldsമർദനമേറ്റ അബ്ബാസ്
മംഗളൂരു: കുടക് വിരാജ്പേട്ടയിലെ ബാലുഗോഡുവിനടുത്ത് ബുധനാഴ്ച നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള ഓട്ടോറിക്ഷ ഡ്രൈവർ സച്ചിൻ യാമാജി ധൂധൽ (24), താനെ സിറ്റിയിലെ കൽവ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ബാബ സാഹിബ് ചൗഗൽ (32), അബ സാഹിബ് ഷെൻഡേജ് (33), യുവരാജ് സിന്ധെ (25), ബന്ദു ഹക്കെ (20) എന്നിവരാണ് അറസ്റ്റിലായത്.
വടകര സ്വദേശി അബ്ബാസിനെയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കൊള്ളയടിച്ചത്. വ്യാപാരി കാറിൽ സഞ്ചരിക്കുമ്പോൾ 10 ലക്ഷം രൂപയും മൊബൈൽ ഫോണും സംഘം കൊള്ളയടിച്ചു. വിരാജ്പേട്ട് റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. പെരുമ്പാടി– ഹുൻസൂർ വഴി മൈസൂരുവിലേക്ക് പോവുകയായിരുന്ന അബ്ബാസിനെ മഹാരാഷ്ട്ര റജിസ്ട്രേഷൻ കാറിലെത്തിയ സംഘം മാതാ പെട്രോൾ പമ്പിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് തടയുകയായിരുന്നു. അബ്ബാസ് വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയപ്പോൾ ഒരാൾ വടികൊണ്ട് തലക്കടിച്ചു. തുടർന്ന് അക്രമികൾ അബ്ബാസിനെ കാറിൽ നിന്നും വലിച്ചിറക്കി റോഡിൽ ഉപേക്ഷിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു.
അതുവഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണ് തലപൊട്ടി രക്തം ഒഴുകുന്ന നിലയിൽ കണ്ട അബ്ബാസിനെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ ഫോൺ വാങ്ങി നാട്ടിലെ ബന്ധുവിനെ അബ്ബാസ് വിവരമറിയിച്ചു. ബന്ധു കാർ ജി.പി.എസ് ഉപയോഗിച്ച് ഓഫ് ചെയ്തു. ഇതോടെ അക്രമികൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പൊലീസ് കണ്ടെത്തി. ഹോട്ടൽ, ടെക്സ്റ്റൈൽസ് വ്യാപാരം നടത്തുന്ന അബ്ബാസ് ദീപാവലി പ്രമാണിച്ച് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ മൈസൂരുവിലേക്ക് പോകുകയായിരുന്നു.
അക്രമി സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.
മലയാളികളെ ഉന്നമിട്ട് കവർച്ചാ സംഘം വിലസുന്നു
മംഗളൂരു: കണ്ണൂർ-മക്കുട്ട റൂട്ടിൽ കുടക് വഴി മൈസൂരുവിലേക്ക് പതിവായി സഞ്ചരിക്കുന്ന കേരളത്തിൽ നിന്നുള്ള ബിസിനസുകാരെ ലക്ഷ്യമിട്ട് തുടർച്ചയായി രണ്ട് കവർച്ചകൾ നടന്നത് ഭീതിയുണർത്തുന്നു. ഇരട്ട സംഭവത്തോടെ കുടക് പൊലീസ് ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും കവർച്ചയുടെ മർമ്മമറിഞ്ഞ് കൊള്ളക്കാർ വിലസുകയാണ്.
ബുധനാഴ്ച ഗോണിക്കൊപ്പൽ-ഹുൻസൂർ റൂട്ടിൽ വടകരയിലെ ബിസിനസുകാരൻ അബ്ബാസിനെ ക്രൂരമായി ആക്രമിച്ച് കൊള്ളയടിച്ച സംഭവത്തിന്റെ അന്വേഷിക്കണം നടക്കുന്നതിനിടെയുണ്ടായ മറ്റൊരു കവർച്ചയാണ് ഭീതി പരത്തുന്നത്.
കുടക്-കേരള അതിർത്തിയിലെ പെരുമ്പാടിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ട് സ്വർണ്ണ വ്യാപാരികളെ തട്ടിക്കൊണ്ടുപോയി. കൂത്തുപറമ്പ് നിവാസികളായ ഗണേഷ് (36), സന്തോഷ് (35), രതീഷ് (30) എന്നീ വ്യാപാരികൾ മൈസൂരുവിൽ നിന്ന് സ്വർണം വിറ്റ് 10 ലക്ഷം രൂപയുമായി മടങ്ങുമ്പോഴാണ് സംഭവം.
കാറിൽ പെരുമ്പാടി വഴി കൂത്തുപറമ്പിലേക്ക് പോകുമ്പോൾ, കേരള രജിസ്ട്രേഷനിലുള്ള രണ്ട് വാഹനങ്ങളിൽ എട്ടോളം പേരടങ്ങുന്ന അക്രമി സംഘം തടഞ്ഞ് ആക്രമിച്ച ശേഷം 10 ലക്ഷം രൂപ കൊള്ളയടിക്കുകയായിരുന്നു. ഗണേഷിനെയും സന്തോഷിനെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഗുരുതര പരിക്കേറ്റ രതീഷ് വിരാജ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വിരാജ്പേട്ട റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


