കൈകാലുകൾ ഒടിഞ്ഞ വയോധികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsപത്തനാപുരം: കൈകാലുകൾ ഒടിഞ്ഞ് കിടപ്പിലായ വയോധികക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം സ്വദേശി തുളസീധര(52)നെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
അപകടത്തിൽ പരിക്കേറ്റ് വയോധിക കൈയ്യും കാലുമൊടിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ കഴിയുകയാണ്. ഇവർ തനിച്ചാണ് വീട്ടിൽ താമസിച്ചു വരുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിയോടെ വീടിനു സമീപത്തെ റോഡിലൂടെ വന്നയാൾ കതക് തള്ളിത്തുറന്ന് വീട്ടിൽ കയറി വയോധികയെ ലൈംഗികമായി ആക്രമിച്ചത്.
വയോധിക കിടന്ന കട്ടിലിൽ കയറി മുഖത്തും നെഞ്ചിലും ആഞ്ഞടിച്ച പ്രതി അവരെ, ലൈംഗികാതിക്രമത്തിന് വിധേയമാക്കി. കൈ കാലുകൾ അനക്കാൻ വയ്യാത്തതിനാൽ അക്രമിയെ പ്രതിരോധിക്കാനും കഴിഞ്ഞില്ല. കണ്ടാൽ അറിയാവുന്ന ആളാണ് തന്നെ ആക്രമിച്ചതെന്ന് വയോധിക പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ക്രൂരമർദനത്തിനൊടുവിൽ പ്രതി വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷമാണ് രക്ഷപ്പെട്ടത്.


