പരാതി പരിഹാര സംവിധാനം കാര്യക്ഷമമല്ല; വിബി-ജി റാം-ജിയും ആശങ്കയിൽ
text_fieldsകണ്ണൂർ: വിബി-ജി റാം-ജി നിയമം പ്രാബല്യത്തിൽ വന്ന് ആറുമാസം കഴിഞ്ഞിട്ടും സ്വതന്ത്ര പരാതി പരിഹാര സംവിധാനം കാര്യക്ഷമായില്ല.
നിലവിലുള്ള ഓംബുഡ്സ്മാൻമാരെ നിയമാനുസൃതം സ്വതന്ത്രമായി പ്രവർത്തിക്കാൻ സംസ്ഥാനമിഷൻ അനുവദിക്കാത്തതാണ് തടസ്സമാകുന്നത്.
പ്രാരംഭഘട്ടത്തിൽ തന്നെ കുറ്റമറ്റ പരാതിപരിഹാര സംവിധാനമില്ലെങ്കിൽ പുതിയ പദ്ധതിയും പഴയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലെ പാളംതെറ്റുമെന്ന അവസ്ഥയാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തെറ്റായ ഉപദേശങ്ങൾ നൽകി തൊഴിലുറപ്പിനെ അവതാളത്തിലാക്കിയ അതേ സംഘം തന്നെയാണ് വിബി-ജി റാം-ജിയെയും നയിക്കുന്നതെന്നതാണ് ശ്രദ്ധേയം. കേന്ദ്ര ചട്ട പ്രകാരമുള്ള അപ്പലറ്റ് അതോറിറ്റി ഉൾപ്പെടെയുള്ള പരാതി പരിഹാര സംവിധാനങ്ങൾ നടപ്പിലാക്കാൻ വൈകിയാൽ കേന്ദ്ര ഫണ്ടിൻ്റെ ലഭ്യതയെതന്നെ ബാധിക്കുമെന്ന ഗുരുതരമായ അവസ്ഥയാണിപ്പോൾ. സ്വതന്ത്ര പരാതിപരിഹാര സംവിധാനങ്ങളോട് മുഖം തിരിച്ച് പകരം മിഷന്റെ നിയന്ത്രണത്തിലുള്ള പരാതി പരിഹാര സംവിധാനം തട്ടിക്കൂട്ടി കേന്ദ്രനിബന്ധനകളിൽ വെള്ളം ചേർക്കുന്ന സമീപനമാണ് സംസ്ഥാന തൊഴിലുറപ്പു മിഷൻ കൈക്കൊള്ളുന്നത്. മുൻമാതൃക പിന്തുടരാനാണ് ശ്രമം. 2005 ൽ തൊഴിലുറപ്പു നിയമം പ്രാബല്യത്തിൽ വന്നെങ്കിലും 2008 ൽ മാത്രമാണ് സംസ്ഥാനത്ത് നടപ്പായത്.
നിയമത്തിൽ കാര്യക്ഷമമായ വകുപ്പുതല പരാതിപരിഹാര സംവിധാനം ഗ്രാമതലം മുതൽ സംസ്ഥാന തലം വരെയും സ്വതന്ത്ര പരാതിപരിഹാരത്തിനായി ഓംബുഡ്സ്മാൻ സംവിധാനം ജില്ല- സംസ്ഥാനതലങ്ങളിലും അതിനുപരിയായി ഓംബുഡ്‌സ് മാൻ അപ്പലേറ്റ് അതോറിട്ടിയും വിഭാവന ചെയ്തിരുന്നു. എന്നാൽ, സംസ്ഥാനത്ത് 2012 വരെ ജില്ല ഓംബുഡ്സ്മാൻ, സംസ്ഥാന അപ്പലറ്റ് അതോറിറ്റി എന്നിവ രൂപവത്കരിച്ചില്ല. കേന്ദ്രസർക്കാർ ഫണ്ട് തടയപ്പെടും എന്ന സ്ഥിതി വന്നപ്പോൾ മാത്രമാണ് ജില്ലകളിൽ ഓംബുഡ്സ്മാൻമാരെ നിയമിച്ചത്. മിഷൻ അധികൃതരുടെ തലതിരിഞ്ഞ നടപടികൾ മൂലം 2014 മുതൽ 2021 വരെ സംസ്ഥാനത്ത് തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻമാർ ഇല്ലാത്ത കാലവുമായിരുന്നു. ഈ കാലയളവിലാാണ് സംസ്ഥാനത്ത് കുത്തഴിഞ്ഞ തൊഴിലുറപ്പ് അഴിമതികൾ നടന്നത്. ഹൈകേടതി ഇടപെടലിനെതുടർന്നാണ് 2021ൽ ഓംബുഡ്സ്മാന്മാരെ നിയമിച്ചത്. 2021 മുതൽ 2025 വരെ സംസ്ഥാനത്ത് തൊഴിലുറപ്പ് ഓംബുഡ്സ്മാൻമാരും അപ്പലേറ്റ് അതോറിറ്റിയും പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുന്നതിന് സംസ്ഥാന മിഷൻ നടപടികൾ സ്വീകരിച്ചിരുന്നുമില്ല. ഇവ നടപ്പാക്കിയിരുന്നെങ്കിൽ ചട്ടവിരുദ്ധമായ പ്രവൃത്തിമൂലം നഷ്‌ടപ്പെട്ട ലക്ഷക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ തിരിച്ചെത്തി തൊഴിലുറപ്പ് അഴിമതികൾക്ക് അറുതി വരുത്താൻ കഴിയുമായിരുന്നു.



