കൈവിരൽ മാന്ത്രികതയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ വിദ്യാർഥി മരിച്ച നിലയിൽ
text_fieldsകാഞ്ഞങ്ങാട്: കൈവിരൽ മാന്ത്രികതയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ കോളജ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥി ശ്രീഹരിയെയാണ് (21) കഴിഞ്ഞദിവസം രാത്രി എട്ടോടെ പടന്നക്കാട്
കരുവളം കാരക്കുണ്ട് റോഡിലെ ശ്രീനിലയം വീട്ടിൽ തൂങ്ങിയനിലയിൽ കണ്ടത്. വീട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉച്ചക്ക് 11.45ന് ശേഷമുള്ള സമയത്ത് തൂങ്ങിയെന്നാണ് കരുതുന്നത്. കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. അവസാനവർഷ ബിരുദ വിദ്യാർഥിയായ ശ്രീഹരി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്.
ഒരുവിരലിൽ ഒരുമണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയായിരുന്നു ശ്രീഹരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കിയത്. ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഈ നേട്ടത്തിനർഹനായത്.
ഗിന്നസ് ബുക്കിൽ ഇടംനേടണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സഹോദരി: ശ്രീക്കുട്ടി.