തൂക്കി, 140 തൂക്കുപാലങ്ങൾ; ഇത് ഗ്രാമങ്ങളെ പുറംലോകം കാണിച്ച എൻജിനീയർ
text_fieldsഗിരീഷ് ഭരദ്വാജ്
കോഴിക്കോട്: പഠിച്ചെടുത്ത സാങ്കേതികവിദ്യയും സ്വയംവികസിപ്പിച്ച രീതികളും ഫലപ്രദമായി കൂട്ടിച്ചേർത്ത് ഗ്രാമങ്ങളെ പുറംലോകം കാണിക്കാൻ തൂക്കുപാലങ്ങൾ നിർമിച്ച എൻജിനീയർ ഇനി ഓർമ. മംഗളൂരു സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അന്തരിച്ച ഗിരീഷ് ഭരദ്വാജ് (74) പാലങ്ങളുടെ രാജാവും ബ്രിഡ്ജ്മാനുമായാണ് അറിയപ്പെടുന്നത്.
കുറഞ്ഞചെലവിലും സമയത്തിലും പൂർത്തിയാക്കിയ നിരവധി തൂക്കുപാലങ്ങൾ ഗിരീഷിന്റെ വൈദഗ്ധ്യത്തിന്റെ സാക്ഷ്യമായി ഇന്നും നിലകൊള്ളുന്നു. നിറഞ്ഞൊഴുകുന്ന പുഴകൾക്കപ്പുറം ഒറ്റപ്പെടുന്ന കേരളത്തിലെയും കർണാടകയിലെയും ഗ്രാമങ്ങളെ ബന്ധിപ്പിച്ചത് ഗിരീഷ് നിർമിച്ച തൂക്കുപാലങ്ങളാണ്. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും തൂക്കുപാലങ്ങൾ നിർമിച്ചിട്ടുണ്ട്.
1994ൽ കാസർകോട് പാണത്തൂരിൽ ചന്ദ്രഗിരിപ്പുഴയിൽ 55 മീറ്റർ നീളമുള്ള തൂക്കുപാലമാണ് കേരളത്തിൽ ആദ്യം നിർമിച്ചത്. പിന്നീട് കാസർകോട്, കണ്ണൂർ ജില്ലകളിലെ മിക്ക നദികൾക്ക് കുറുകെയും തൂക്കുപാലം പണിതു. ഈ പാലങ്ങൾ നിരവധി ഗ്രാമീണരുടെ ജീവിതങ്ങളെയാണ് മാറ്റിമറിച്ചത്.
മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചായിരുന്നു ആദ്യകാലത്തെ തൂക്കുപാലങ്ങൾ. പിന്നീട് കോൺക്രീറ്റ് സ്ലാബുകളും തൂണുകളും നിർമാണത്തിന് ഉപയോഗിച്ചു. വിദേശ രാജ്യങ്ങളിൽനിന്നു വരെ തൂക്കുപാലം നിർമിക്കാൻ അദ്ദേഹത്തിന് ക്ഷണം ലഭിച്ചു.
1989-ൽ, 40 വയസ്സിലാണ് ഗിരീഷ് ഭരദ്വാജിന്റെ ജീവിതം മാറിമറിയുന്നത്. മാണ്ഡ്യ പി.ഇ.എസ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹത്തോട് അരംഭുരു നിവാസികൾ ഒരു പാലം നിർമിക്കാൻ ആവശ്യപ്പെട്ടതാണ് തുടക്കം. ആദ്യം തമാശയായി കണ്ടെങ്കിലും, സ്കൂൾ കുട്ടികളും കർഷകരും രോഗികളും നദി കടക്കാൻ അനുഭവിക്കുന്ന പ്രയാസം തിരിച്ചറിഞ്ഞതോടെ വെല്ലുവിളി ഏറ്റെടുത്തു. സുഹൃത്തുക്കളായ എൻജിനീയർമാരുടെ സഹായത്തോടെയും പൊതുജനങ്ങളുടെ സംഭാവനയോടെയും ആ പാലം യാഥാർഥ്യമായി.
തുടർന്ന് സുള്ള്യയിൽ ‘റേഷണൽ എൻജിനീയറിങ് വർക്സ്’ എന്ന സ്ഥാപനവും പിന്നീട് ‘അയാശില ഇൻഡസ്ട്രീസ്’ എന്ന കമ്പനിയും ആരംഭിച്ചു. ഏകദേശം 30 ജോലിക്കാരുള്ള ഗിരീഷിന്റെ സംഘം വർഷത്തിൽ മൂന്ന് പാലങ്ങൾ വരെ പൂർത്തിയാക്കിയിരുന്നു. ചെലവ് കുറഞ്ഞതും എന്നാൽ, അതീവ സുരക്ഷയുള്ളതുമായിരുന്നു ഈ തൂക്കുപാലങ്ങൾ. 2017-ൽ രാജ്യം പത്മശ്രീ നൽകി ഗിരീഷിനെ ആദരിച്ചിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആരോഗ്യ മന്ത്രി യു.ടി. ഖാദർ തുടങ്ങിയവർ ഗിരീഷ് ഭരദ്വജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 140-ലധികം തൂക്കുപാലങ്ങൾ നിർമിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതം എളുപ്പമാക്കിയ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് ശിവകുമാർ അനുസ്മരിച്ചു.


