Begin typing your search above and press return to search.
exit_to_app
exit_to_app
സേവനത്തിനായി സ്വയം സമർപ്പിച്ചൊരാൾ
cancel
camera_alt

എ മുഹമ്മദലി

ജീവിതത്തിലുടനീളം സൂക്ഷ്മതയും കണിശതയും അച്ചടക്കവും പാലിച്ച, താൻ ഏറ്റെടുത്ത ദൗത്യങ്ങളോട് നൂറുശതമാനവും നീതി ചെയ്യാൻ നിഷ്കർഷിച്ച, ഉത്തരവാദിത്തങ്ങളോട് പരമാവധി പ്രതിബദ്ധത പ്രകടിപ്പിച്ച വേറിട്ട വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ ആലത്തൂർ എ. മുഹമ്മദലി. ശാന്തപുരം ഇസ് ലാമിയ കോളജിൽ വിദ്യാർഥിയായിരിക്കുമ്പോഴേ ബൗദ്ധികമായും വൈജ്ഞാനികമായും അദ്ദേഹം സഹപാഠികളിൽനിന്ന് വേറിട്ടുനിന്നു. എഴുപതുകളുടെ തുടക്കത്തിൽ ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് വിദ്യാർഥിയായിരുന്ന കാലത്താണ് അദ്ദേഹവുമായി ബന്ധപ്പെടാനും സഹവസിക്കാനും എനിക്കാദ്യമായി അവസരം ലഭിക്കുന്നത്.

അദ്ദേഹവും പരേതനായ എം.വി. മുഹമ്മദ് സലീം മൗലവി, ഒ.പി. ഹംസ തുടങ്ങിയവരുടെ ഒന്നാം ബാച്ചും ഒ. അബ്ദുല്ല, ഇ.വി. അബ്ദു, കെ.കെ. മുഹമ്മദ്, പരേതനായ ടി.പി. അബ്ദുല്ല എന്നിവരും ഞാനുമടങ്ങിയ രണ്ടാമത്തെ ബാച്ചുമാണ് ഡോ. യൂസുഫുൽ ഖറദാവി ഡയറക്ടറായിരുന്ന മഅഹദുദ്ദീനി എന്ന സ്ഥാപനത്തിൽ ആദ്യമെത്തിയ കേരളീയർ. നേരത്തേ നാട്ടിലെ ഇസ് ലാമിക കലാലയങ്ങളിൽ പഠനം പൂർത്തിയാക്കിയവർ എന്ന നിലയിൽ ഞങ്ങൾക്ക് അവസാനത്തെ രണ്ട് വർഷമാണ് തുടർപഠനത്തിന് അവസരം നൽകിയിരുന്നത്. തന്റെ ബാച്ച് ഫൈനൽ പരീക്ഷ എഴുതി ഫലം പുറത്തുവന്നപ്പോൾ ഒന്നാം റാങ്ക് മുഹമ്മദലി നേടിയത് തീർത്തും സ്വാഭാവികം. അറബികളായ സഹപാഠികളെ അറബി ഭാഷാ സാഹിത്യത്തിലും അനുബന്ധ വിഷയങ്ങളിലും നിഷ്പ്രയാസം പിന്നിലാക്കിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

പഠനം കഴിഞ്ഞ് ഖത്തറിൽതന്നെ ജോലി ചെയ്യാൻ തീരുമാനിച്ചപ്പോൾ ഖത്തർ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അറബി- ഇംഗ്ലീഷ് ഭാഷകളിൽ അവഗാഹമുള്ള ഒരാളുടെ വേക്കൻസിയുണ്ടെന്നറിഞ്ഞ് മുഹമ്മദലി ഭാഗ്യപരീക്ഷണത്തിനൊരുങ്ങി. അതേവരെ ഈജിപ്ഷ്യന്മാരും സുഡാനികളുമൊക്കെ നിയമിതരായ പോസ്റ്റായിരുന്നു ദ്വിഭാഷിയുടേത്. ഒരു ഇന്ത്യക്കാരൻ പ്രസ്തുത തസ്തികയിൽ, അതും പൊലീസ് മേധാവിയുടെ സഹായിയായിരിക്കേണ്ട കസേരയിൽ ഉദ്യോഗാർഥിയായി വരികയെന്നത് അക്കാലത്ത് അചിന്ത്യമായിരുന്നു. എങ്കിലും അപേക്ഷകൻ ഹാജറായ സ്ഥിതിക്ക് വെറുതെ പറഞ്ഞുവിടാൻ അവർക്ക് മനസ്സുവന്നില്ല. ഇംഗ്ലീഷിലുള്ള സുദീർഘമായ പൊലീസ് മാന്വൽ രണ്ടാഴ്ചക്കകം അറബിയിലേക്ക് ഭാഷാന്തരം ചെയ്ത് കൊണ്ടുവരുവാനുള്ള പരീക്ഷ അഥവാ പരീക്ഷണമാണ് അവർ മുഹമ്മദലിയെ ഏൽപിച്ചത്. അകാരണമായി പറഞ്ഞയക്കുന്നതിലും ഭേദം അസാധ്യമായ ദൗത്യം നൽകി പരീക്ഷിക്കുകയാവും ഉചിതമെന്ന് അധികാരികൾ കരുതിയിട്ടുണ്ടാവണം. പക്ഷേ, എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് രണ്ടാഴ്ചക്കകം മാന്വലിന്റെ മൊഴിമാറ്റം ഭംഗിയായ അറബിയിൽ നിർവഹിച്ച് മുഹമ്മദലി പരീക്ഷകർക്ക് കൈമാറി. ഉടനെ അദ്ദേഹത്തിന് നിയമനവും ലഭിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. വെറും പത്ത് മാസങ്ങൾക്കകം പ്രമോഷനും അദ്ദേഹത്തെ തേടിയെത്തി. പതിറ്റാണ്ടുകൾ പൊലീസ് ആസ്ഥാനത്തെ സേവനം പൂർത്തീകരിച്ചാണ് അദ്ദേഹം സ്വദേശത്തേക്ക് മടങ്ങിയത്.

അതിനിടയിൽ 1977 മുതൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷന്റെ സാമൂഹിക-സാംസ്കാരിക-സേവന പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായി. നാട്ടിൽനിന്ന് തൊഴിൽതേടി എത്തിയവരെ യോഗ്യത ഉറപ്പുവരുത്തി പൊലീസ് ഡിപ്പാർട്ട്മെൻറിൽ നിയമിക്കാനും അദ്ദേഹം സമയം കണ്ടു.

നാട്ടിൽ തിരിച്ചെത്തിയശേഷം ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മജ്‍ലിസുത്തഅ്ലീമിൽ ഇസ്ലാമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതിയുടെ ശാസ്ത്രീയമായ പുനഃസംവിധാനമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യദൗത്യം. അതദ്ദേഹം അതീവശ്രദ്ധയോടെ പൂർത്തീകരിച്ചുവെന്ന് അന്ന് മജ് ലിസ് ഉപാധ്യക്ഷനായിരുന്ന എനിക്ക് നേരിൽ ബോധ്യമുള്ള കാര്യമാണ്. അതിനിടെയാണ് ‘മാധ്യമം’ എഡിറ്ററായിരുന്ന വി.കെ. ഹംസ അബ്ബാസ് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്ററായി പോയതും പകരം മുഹമ്മദലി ‘മാധ്യമം’ എഡിറ്ററായി ചുമതലയേൽക്കുന്നതും. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. ഭാഷാപരമായ പിഴവുകളും ശൈലീ ഭംഗവുമൊക്കെയായിരുന്നു അദ്ദേഹം ഏറെ ശ്രദ്ധിച്ച കാര്യങ്ങൾ.

ഇംഗ്ലീഷ് ഭാഷയിൽ അതീവ കണിശത പുലർത്തിപ്പോരുന്ന ഒരു പ്രമുഖ ദേശീയപത്രത്തിന്റെ പ്രതിവാര യുവജന സപ്ലിമെൻറ് ഒരിക്കൽ അദ്ദേഹത്തെ കാണിച്ചപ്പോൾ അതിലെ ഭാഷാപരമായ പിഴവുകളുടെ അടിയിൽ വരച്ച് അദ്ദേഹം തിരികെ നൽകിയത് ഇപ്പോഴും കൗതുകപൂർവം ഓർമിക്കുന്നു. ഖത്തർ പൊലീസിലായിരുന്നപ്പോഴും കേരളത്തിൽ തിരിച്ചെത്തി വിവിധ പദവികൾ വഹിച്ചപ്പോഴും ശ്രദ്ധിച്ച കാര്യം ഒരു സ്വകാര്യവും അന്യരുമായി പങ്കുവെക്കാതിരിക്കാൻ അദ്ദേഹം പുലർത്തിയ വിശ്വാസ്യതയും കരുതലുമാണ്. ചുരുക്കത്തിൽ മാറ്റങ്ങൾ സശ്രദ്ധം ഉൾക്കൊണ്ട് അതിനനുസൃതമായി സ്വയം മാറ്റിയെടുക്കാൻ മടിക്കാഞ്ഞ, ആരോഗ്യം അനുവദിക്കുവോളം സേവനനിരതനായ നിസ്വാർഥ മനുഷ്യനെയാണ് എ. മുഹമ്മദലിയുടെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്. പരേതാത്മാവിന്റെ സ്വർഗീയ ജീവിതത്തിനായി പ്രപഞ്ചനാഥനോട് അകമഴിഞ്ഞ് പ്രാർഥിക്കുന്നു.

Show Full Article
TAGS:Madhyamam Editor Madhyamam 
News Summary - A. Muhammadali: A person who dedicates himself to service
Next Story