‘മാധ്യമം’ മുൻ എഡിറ്റർ എ. മുഹമ്മദലി ആലത്തൂരിന് വിട
text_fieldsഎ. മുഹമ്മദലി ആലത്തൂർ
ആലത്തൂർ (പാലക്കാട്): ഞായറാഴ്ച രാത്രി അന്തരിച്ച ‘മാധ്യമം’ മുൻ എഡിറ്റർ എ. മുഹമ്മദലി ആലത്തൂരിന് (77) വിട. നാട്ടിലും വിദേശത്തും ഏറെക്കാലം ജമാഅത്തെ ഇസ്ലാമിയുടെ നേതൃനിരയിൽ പ്രവർത്തിച്ച എ. മുഹമ്മദലി, ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹമുള്ള ബഹുഭാഷാ പണ്ഡിതനായിരുന്നു. അസുഖബാധിതനായി വിശ്രമജീവിതത്തിലേക്ക് നീങ്ങുംവരെ പൊതുരംഗത്ത് സജീവമായിരുന്നു.
‘മാധ്യമം’ പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷന്റെ സെക്രട്ടറിയായും ഇടക്കാലത്ത് എഡിറ്ററായും സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ പ്രതിനിധി സഭാംഗം, സംസ്ഥാന കൂടിയാലോചന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ആലത്തൂരിലും പരിസരപ്രദേശങ്ങളിലും മത-സാമൂഹിക സംരംഭങ്ങൾക്ക് നേതൃത്വം വഹിച്ച അദ്ദേഹം, മജ്ലിസു തഅ്ലീൽ ഇസ്ലാമി ജനറൽ സെക്രട്ടറിയായും വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട് .
മുഹമ്മദലിക്ക് അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാമേഖലകളിലുള്ളവർ എത്തി. കെ.ഡി. പ്രസേനൻ എം.എൽ.എ, മുൻ മന്ത്രിമാരായ കെ.ഇ. ഇസ്മയിൽ, വി.സി. കബീർ, മുൻ എം.എൽ.എ കളത്തിൽ അബ്ദുല്ല, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീം, പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാനും ‘മാധ്യമം’ ജോയന്റ് എഡിറ്ററുമായ പി.ഐ. നൗഷാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി, ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, മീഡിയവൺ എം.ഡി സലാം മേലാറ്റൂർ, ബൈത്തുസ്സകാത് കമ്മിറ്റി ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന്, വി.എ. കബീർ, ടി.കെ. ഉബൈദ്, ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം യൂസുഫ് ഉമരി, എ.എ. ഹലീം, കൂട്ടിൽ മുഹമ്മദലി, ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഇശാഅത്തുൽ ഇസ്ലാം മസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിനുശേഷം ആറാപ്പുഴയിലെ ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: എ.പി. ആയിഷാബി. മക്കൾ: ഡോ. അൻവർ മുഹമ്മദലി (ക്രസന്റ് ആശുപത്രി, ആലത്തൂർ), ഫൈസൽ മുഹമ്മദലി (അബൂദബി), സുഹൈൽ മുഹമ്മദലി (ഫിസിയോ തെറപ്പിസ്റ്റ്, ക്രസന്റ് ആശുപത്രി), മുഫീദ് മുഹമ്മദലി (ക്രസന്റ് ആശുപത്രി), സീമ മുഹമ്മദലി (അധ്യാപിക), മുഹ്സിൻ മുഹമ്മദലി (ക്രസന്റ് ആശുപത്രി). മരുമക്കൾ: ഹസീന അൻവർ, സറീന ഫൈസൽ, ശാക്കിറ സുഹൈൽ, ഹസ്ബുന മുഫീദ്, മൻസൂർ അരങ്ങാട്ടിൽ. സഹോദരങ്ങൾ: ബീഫാത്തിമ, സിദ്ദീഖ് (ഖത്തർ), അബ്ദുറഹ്മാൻ (റിട്ട. ബാങ്ക് മാനേജർ), ഉസ്മാൻ (മാനേജിങ് ഡയറക്ടർ, ക്രസന്റ് ആശുപത്രി), സഫിയ (കല്ലൂർ), ഉമ്മർ (ഖത്തർ), കദീജ (എടത്തനാട്ടുകര), ഹുസൈൻ (അബൂദബി), ഡോ. കബീർ (റാസൽഖൈമ), ലൈല (കണ്ണൂർ), പരേതനായ മൊയ്തുപ്പ.
മറഞ്ഞത് സാമൂഹികരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം
ആലത്തൂർ: എ. മുഹമ്മദലിയുടെ നിര്യാണത്തോടെ നഷ്ടമായത് ആറു പതിറ്റാണ്ട് സാമൂഹിക-സാംസ്കാരിക-സാമുദായിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന ആലത്തൂരിന്റെ സൗമ്യ മുഖം. ജമാഅത്തെ ഇസ്ലാമിയുടെ നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ആലത്തൂരിനെ വികസന പാതയിലേക്കു നയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ഉപരിപഠനത്തിന് ആലത്തൂരിൽനിന്ന് ആദ്യ വ്യക്തികളിലൊരാളായി അദ്ദേഹം വിദേശത്തേക്ക് പോയതോടെയാണ് ഗൾഫ് രാജ്യത്തെ തൊഴിൽസാധ്യത ആലത്തൂർ എന്ന ഗ്രാമത്തിൽ അറിയാൻ തുടങ്ങിയത്.
ആലത്തൂരിൽ സ്വകാര്യ മേഖലയിൽ ഒരു ആതുരാലയം എന്ന സ്വപ്നം ‘ക്രസന്റ്’ എന്ന ആശുപത്രിയിലൂടെ 1997 മേയ് ഒന്നിന് സാക്ഷാത്കരിച്ചതും അദ്ദേഹം മുൻകൈയെടുത്തായിരുന്നു. ഇന്ന് ആശുപത്രിയുടെ കീഴിൽ നഴ്സിങ് കോളജും നഴ്സിങ് സ്കൂളുമുണ്ട്. മുഹമ്മദലിയുടെ ശ്രമഫലമായി ഒരുപാട് പേർ ഗൾഫ് രാജ്യങ്ങളിലെത്തുകയും തുടർന്ന് ആലത്തൂർ എന്ന ഉൾനാടൻ ഗ്രാമം മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്തു.
ഒട്ടേറെ സാമൂഹിക-സാമുദായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള മുഹമ്മദലി അവസാന നാളുകളിൽ ശാരീരിക അവശതയിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു.
ആലത്തൂർ ജി.എം.എൽ.പി സ്കൂളിന് ആവശ്യമായ സ്ഥലം ദാനംചെയ്തത് മുഹമ്മദലിയാണ്. ടൗണിനടുത്തുകൂടി ഒഴുകുന്ന ഗായത്രി പുഴക്കക്കരെ ആറാപ്പുഴയിൽ അദ്ദേഹം നേതൃത്വം നൽകിയ ഇശാഅത്തുൽ ഇസ്ലാം മസ്ജിദിന്റെ പുതിയ ഖബർസ്ഥാനിൽ ആദ്യം ഖബറടക്കിയത് അദ്ദേഹത്തിന്റെ മൃതദേഹമാണ്.