പി.പി. തങ്കച്ചൻ: നഷ്ടമായത് ആത്മ സുഹൃത്തിനെ
text_fieldsപി.പി. തങ്കച്ചന്റെ വിയോഗത്തിലൂടെ നഷ്ടമായത് ആത്മ സുഹൃത്തിനെ. 60 വർഷത്തിലേറെയായി ഞങ്ങൾ തമ്മിൽ അടുപ്പമുണ്ട്. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്ത് തുടങ്ങിയ ബന്ധം ഇപ്പോഴും സൂക്ഷിച്ചിരുന്നു. മൂന്ന് ആഴ്ച മുമ്പ് ആശുപത്രിയിലേക്ക് പോകുന്നതിന് തലേന്നാണ് അവസാനമായി ദീർഘനേരം ഫോണിലൂടെ സംസാരിച്ചത്. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്.
ചെറുപ്പകാലം മുതൽ എറണാകുളം ജില്ലയിലും ശേഷം കേരളത്തിലുടനീളവും യൂത്ത് കോൺഗ്രസിനും ഇന്ത്യൻ നാഷനൽ കോൺഗ്രസിനും അടിത്തട്ടിൽ വേരോട്ടമുണ്ടാക്കാൻ വേണ്ടി ടി.എച്ച്. മുസ്തഫക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച നേതാവാണ് പി.പി. തങ്കച്ചൻ. ശേഷം എറണാകുളം ഡി.സി.സി പ്രസിഡന്റായി, എം.എൽ.എയായി. രണ്ടാമത് മുഖ്യമന്ത്രിയായപ്പോഴാണ് എന്റെ മന്ത്രിസഭയിലെ കൃഷി മന്ത്രിയായത്. കാർഷികമേഖലയിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്ന കാലമായിരുന്നു അത്. എന്നാൽ, ഒാരോ പ്രശ്നവും പഠിച്ച് കർഷകരുമായി സംസാരിച്ച് പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിനായി. തങ്കച്ചൻ കൃഷി മന്ത്രിയായിരുന്നപ്പോൾ നടത്തിയ സേവനങ്ങൾ കേരളത്തിലെ കർഷകർ ഒരുകാലത്തും വിസ്മരിക്കില്ല.
ഞാൻ രണ്ടാമത് മുഖ്യമന്ത്രിയായത് പ്രത്യേക സാഹചര്യത്തിലാണ്. അത് കോൺഗ്രസിൽ മുറിവുണ്ടാക്കി, കേരള രാഷ്ട്രീയത്തിൽ സംഘർഷമുണ്ടാക്കി. ആ സംഘർഷമൊന്നും മന്ത്രിസഭക്കകത്തുണ്ടാകാതിരിക്കാൻ തങ്കച്ചൻ പ്രത്യേകം ശ്രദ്ധിച്ചു. അന്ന് എല്ലാ പ്രശ്നങ്ങളും രമ്യമായും സൗഹൃദപരമായും പരിഹരിക്കാൻ മുൻകൈയെടുത്ത്, സമന്വയത്തിന്റെയും യോജിപ്പിന്റെയും ഒരു പാലം വെട്ടിത്തുറന്നത് തങ്കച്ചനാണ്. ശേഷം സ്പീക്കറായി. സംഘർഷഭരിതമായ എല്ലാ ഘട്ടത്തിലും അദ്ദേഹം ഇടപെട്ട് അത് ലഘൂകരിച്ചു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കൂട്ടിയിണക്കാൻ അദ്ദേഹം കാണിച്ച ക്ഷമയും അനുഭവജ്ഞാനവും പ്രശംസനീയമാണ്. ഒപ്പം പ്രതിപക്ഷ നേതാക്കളുമായി അദ്ദേഹം സൂക്ഷിച്ച വ്യക്തിബന്ധവും മികച്ചതാണ്.
നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമാക്കാൻ കരുണാകരനോടൊപ്പം പ്രവർത്തിച്ച രണ്ട് വ്യക്തികളിലൊരാൾ പി.പി. തങ്കച്ചനായിരുന്നു. മറ്റൊരാൾ ടി.എം. ജേക്കബാണ്. സ്ഥലമെടുപ്പിനിടെ നേരിട്ട ആരോപണങ്ങൾ, ആക്ഷേപങ്ങൾ, വ്യക്തിഹത്യകൾ എന്നിവയിലൊന്നും പതറാതെ കരുണാകരന് ഇടവും വലവും നിന്ന് പ്രവർത്തിച്ചവരാണ് ഇരുവരും.
കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പുണ്ടായിരുന്നു. എന്നാൽ, എല്ലാ ഗ്രൂപ്പുകാരും ഒരുപോലെ ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു തങ്കച്ചന്റേത്. അടിയുറച്ച മതവിശ്വാസിയാണ്. പക്ഷേ, എല്ലാ മതവിശ്വാസികൾക്കും സ്വീകാര്യനായിരുന്നു. രാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങൾക്കപ്പുറം ഊഷ്മളമായ വ്യക്തിബന്ധം എല്ലാവരോടും കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. പ്രശ്നങ്ങൾ വഷളാക്കുന്ന ആളല്ല, പ്രശ്നങ്ങൾ പരിഹരിക്കുന്ന ആളായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും വിദ്വേഷവും പകയും വർധിച്ചുവരുന്ന കേരള രാഷ്ടീയത്തിൽ പി.പി. തങ്കച്ചൻ മാതൃകയായിരുന്നു. കേരളത്തിലെ മാതൃക പൊതുപ്രവർത്തകനെന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി. അദ്ദേഹത്തെ പോലുള്ള നേതാക്കൾ ഇന്നത്തെ കാലത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിനും കോൺഗ്രസിനും വലിയ നഷ്ടമാണ്. തങ്കച്ചന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു .