‘37കഷണങ്ങളായി സുധീഷേട്ടൻ അച്ഛനമ്മമാരുടെ കണ്മുന്നിൽ പിടഞ്ഞു പിടഞ്ഞു മരിച്ചു’ -പൊള്ളുന്ന ഓർമ പങ്കുവെച്ച് ബിനീഷ് കോടിയേരി
text_fieldsകണ്ണൂർ: 1994 ജനുവരി 26. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ആർ.എസ്.എസുകാർ നടത്തിയ ഒരു അരുംകൊലയുടെ ഓർമകൾ അയവിറക്കുകയാണ് സി.പി.എം മുൻ സംസ്ഥാനസെക്രട്ടറി പരേതനായ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. അച്ഛന്റ ഉറ്റചങ്ങാതിയും വീട്ടിലെ നിത്യസന്ദർശകനുമായ എസ്.എഫ്.ഐ നേതാവ് കെ.വി. സുധീഷിനെയാണ് സ്വന്തം വീട്ടിൽ അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും കൺമുന്നിലിട്ട് ആർ.എസ്.എസുകാർ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയത്. വെട്ടു കൊണ്ടശേഷം സുധീഷ് ഒരു നിമിഷം പോലും ജീവിച്ചിരിക്കാനിടയില്ലെന്നാണ് മൃതദേഹം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. അത്രമാരകമായിരുന്നു ആ മനുഷ്യ ശരീരത്തിലേറ്റ മുറിവുകൾ. കൊല്ലപ്പെടുമ്പോൾ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയും സിപിഎം ജില്ലാ കൗൺസിൽ അംഗവുമായിരുന്നു സുധീഷ്.
‘‘നിങ്ങൾ എന്നെ കൊന്നുകൊള്ളൂ എന്റെ മോനെ ഒന്നും ചെയ്യരുതേ എന്ന സുധീഷേട്ടന്റെ അച്ഛൻ നാണുവേട്ടൻ നിലവിളിച്ചു കൊണ്ട് പറഞ്ഞപ്പോൾ നാണുവേട്ടനെ വെട്ടി വീഴ്ത്തി. അമ്മയും സഹോദരിയും തടയാൻ ശ്രമിക്കുന്നതിനിടെ തുടരെ തുടരെ ശരീരം വെട്ടി തുണ്ടമാക്കി. അമ്മയുടെയും സഹോദരിയുടെയും നിലവിളി ഒന്നും ആർ.എസ്.എസ് കാപാലികർ ചെവികൊണ്ടില്ല.
മോട്ടോർ മെക്കാനിക്കായ അച്ഛൻ നാണുവേട്ടന്റെയും അമ്മ നളിനിയുടെയും കണ്മുന്നിലിട്ടു ഏകമകന്റെ ശരീരം തുണ്ടു തുണ്ടായി മാറുമ്പോൾ അവർക്കത് കണ്ടു നിൽക്കേണ്ടി വന്നു... സ്വന്തം മകൻ കണ്മുന്നിലിട്ട് മാംസ കഷ്ണമായി മാറുന്ന കാഴ്ച കണ്ട അമ്മയുടെ മനസ്സ് എങ്ങനെയായിരിക്കും അതുമായി പരുവപ്പെട്ടിട്ടുണ്ടാകുക... ഞങ്ങളെ രണ്ടുപേരെയും കൊന്നാലും മോനെ കൊല്ലരുതെയെന്നു അവർ കെഞ്ചി നോക്കി... വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ അക്രമികളെ നിലവിളിച്ചു കൊണ്ട് തടഞ്ഞ നാണുവേട്ടനെ അവർ വെട്ടിയും ചവിട്ടിയും വീഴ്ത്തി.. ഒരുറുമ്പിനെ പോലും നോവിക്കാത്ത എന്റെ മോനെ എന്തിനു കൊല്ലുന്നുവെന്ന അമ്മയുടെ ദീനരോദനവും അക്രമികൾ കേട്ടില്ല.. മകന്റെ ചുടുചോര വീണതറയിൽ ബോധരഹിതയായി അവർ വീണു...
തലയിലും പുറത്തും ശരീരമാസകലവും ആഴത്തിലുള്ള 37കഷണങ്ങളായി സുധീഷേട്ടൻ കിടപ്പു മുറിക്കു തൊട്ടടുത്ത മുറിയിൽ അച്ഛനമ്മമാരുടെ കണ്മുമ്പിൽ പിടഞ്ഞു പിടഞ്ഞു മരിച്ചു... മഴു കൊണ്ടുള്ള വെട്ടേറ്റു കണങ്കാലുകൾ അറ്റ് വീണു... നെറുകയിൽ10 സെ. മീറ്റർ ആഴത്തിൽ വെട്ടേറ്റ മുറിവുകൾ ഉണ്ടായിരുന്നു.... മനുഷ്യരൂപം പൂണ്ട പൈശാചികർ വെട്ടിപ്പൊളിച്ചിട്ട ശരീരം കണ്ടവരെയെല്ലാം നടുക്കി . മഴു കൊണ്ടുള്ള വെട്ടുതടുക്കാൻ ശ്രമിച്ച സുധീഷേട്ടന്റെ ഇരു കൈകളും ഭീകരർ വെട്ടിപ്പൊളിക്കുകയായിരുന്നു... ഇടതു കണങ്കാലിന്മുകളിൽ നിന്നും വലതു കാലും മഴു കൊണ്ട് വെട്ടി വീഴ്ത്തി.. ഇടതു തോളിൽ മഴു കൊണ്ട് വെട്ടി വലിച്ചു... മാംസം ചിതറി വീണു തോളിൽ വലിയ കുഴിയായിരുന്നു... കൈകാലുകളുടെ എല്ലുകൾ മുഴുവൻ വെട്ടേറ്റു പിളർന്നു... അത്യന്തം പൈശാചികമായ അക്രമത്തിൽ സുധീഷേട്ടൻ ഒരുമിനിട്ടിനകം തന്നെ മരണപ്പെട്ടിട്ടുണ്ടാവും എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി’ -ബിനീഷ് കോടിയേരി അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു.
കുറിപ്പിന്റെ പൂർണരൂപം:
എന്റെ സുധീഷേട്ടൻ
ഓരോ വർഷവും സുധീഷേട്ടന്റെ സ്മരണ പുതുക്കുമ്പോൾ അല്ലെങ്കിൽ ഓർക്കുമ്പോൾ ഓരോ വർഷവും കടന്നു പോയ എന്റെ ജീവിതത്തിലെ മാറ്റങ്ങളും ആ മാറ്റങ്ങൾക്ക് ഈ സ്മരണകൾക്കൊക്കെ തന്നെ വലിയ സ്ഥാനമുണ്ട് .
പ്രത്യേകിച്ചും ഇന്ന് അച്ഛനില്ലാതായ ലോകത്തു നിന്നും ഈ ഓർമ്മകൾ ഓർത്തുവെക്കപ്പെടുമ്പോൾ…
എന്റെ കാഴ്ചപ്പാടുകളുടെ രൂപാന്തരം പ്രാപിക്കലിൽ ഞാൻ പോലുമറിയാതെ എനിക്ക് വന്നു ഭവിച്ചിട്ടുള്ള മാറ്റങ്ങളുടെ ബീജവാഹം ഇതൊക്കെ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം .
വർഷങ്ങൾ കഴിയുമ്പോൾ ചിലപ്പോ ഓർമ്മകൾ ഒളിമങ്ങാറാണ് പതിവ് എന്നാൽ രക്തസാക്ഷി സ്മരണകൾ മാത്രം എപ്പോഴും പുത്തൻ കാലഘട്ടത്തിന്റെ അസുരതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളിൽ സിരകളിലെ ചോരയ്ക് ചൂടുകൂട്ടുകയാണ് . അതും നേരിട്ടറിയാമായിരുന്ന വ്യക്തി രക്തസാക്ഷിയാകുമ്പോൾ അവരോടുത്തുള്ള ഓർമ്മകൾ പ്രത്യേകിച്ചും..
RSS ഇല്ലാതാക്കിയ തെളിമ നിറഞ്ഞ മുഖത്തിന്റെ രക്തസാക്ഷിത്വത്തിനു ഇന്ന് 31 വർഷം.
ജീവിതത്തിന്റെ തുടക്കത്തിൽ മരണം എന്ന ജീവിതാവസ്ഥ മനസ്സിനെ ആദ്യമായി മുറിവേൽപ്പിച്ച ദിവസം , അതും ഏറ്റവും പ്രിയപ്പെട്ട ജേഷ്ഠതുല്യനായി കണ്ടിരുന്ന വ്യക്തിയുടെ കൊലപാതകം .
1994 january 26 എന്നത് എന്നെ സംബന്ധിച്ച് വെറും ഒരു ദിവസം മാത്രമായിരുന്നില്ല .ആദ്യമായി എന്റെ ജീവിതത്തിൽ SFI യുടെ മെമ്പർഷിപ്പ് എനിക്ക് തന്ന എന്റെ സുധീഷേട്ടൻ . ആ സമയത് അച്ഛനോടൊപ്പം മിക്കവാറും രാത്രി വീട്ടിൽ വരാറുള്ളതും വീടുമായും ഏറ്റവും അടുപ്പവും ഉണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട ചേട്ടൻ . എനിക്ക് ആദ്യമായി അറിയാവുന്നSFI നേതാവ് . അച്ഛൻ കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് മിക്ക ദിവസവും ഞാനും ചേട്ടനും ഉറങ്ങി കഴിഞ്ഞാണ് അച്ഛൻ വീട്ടിൽ എത്താറുള്ളത് , സുധീഷേട്ടൻ കൂടെ ഉണ്ടാകുന്ന സമയത്ത് ഞങ്ങൾ ഉറങ്ങുകയാണെങ്കിലും ഞങ്ങൾക് എഴുന്നേറ്റ് സംസാരിക്കാൻ ഇഷ്ടമുണ്ടായിരുന്ന ഞങളുടെ സുധീഷേട്ടൻ. കൊല്ലപ്പെടുന്നതിന്റെ കുറച്ചു ദിവസങ്ങൾക് മുൻപും സുധീഷേട്ടൻ വീട്ടിൽ അച്ഛനോടൊപ്പം വന്നിരുന്നു .
വളരെ ചെറുപ്പത്തിലേ ഞങൾ രാഷ്ട്രീയം സംസാരിക്കുമ്പോൾ കഥകൾ പോലെ സമരങ്ങളും സമരാനുഭവങ്ങളും പറഞ്ഞു തന്നിരുന്ന ഞങ്ങൾക് ഞങളുടെ സ്വന്തം തന്നെയായിരുന്ന സുധീഷേട്ടൻ .
ഒരു കൊലപാതകം എന്റെ ജീവിതത്തിൽ എന്താണെന്നു പോലും മനസിലാകാതിരുന്ന പ്രായത്തിലും ,എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട് അച്ഛൻ പുലർച്ച 31 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം ഇറങ്ങി പോകുമ്പോൾ അമ്മയുടെ ആർത്തലച്ച കരച്ചിൽ കേട്ടാണ് ഞാനും ചേട്ടനും എഴുന്നേൽക്കുന്നത് . ഞങൾ അമ്മയോട് എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചപ്പോൾ അമ്മയാണ് കരഞ്ഞ് കൊണ്ട് ഞങ്ങളോട് പറയുന്നത് സുധീഷേട്ടനെ കൊന്നു മോനെ എന്ന് . ആദ്യമായി ഒരു കൊലപാതകം കേൾക്കുമ്പോൾ അത് ഞങ്ങൾക്ക് ഏറ്റവും അടുത്തറിയുന്ന ഒരാൾ , മനസ്സിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു തരത്തിലുള്ള മരവിപ്പായിരുന്നു അതിലേറെ സങ്കടവും ദേഷ്യവും . ഞാൻ ആദ്യമായി കണ്ട രക്തസാക്ഷി മൃതദേഹവും സുധീഷേട്ടന്റെതായിരുന്നു. ..
നിങ്ങൾ എന്നെ കൊന്നുകൊള്ളു എന്റെ മോനെ ഒന്നും ചെയ്യരുതേ എന്ന സുധീഷേട്ടന്റെ അച്ഛൻ നാണുവേട്ടൻ നിലവിളിച്ചു കൊണ്ട് പറഞ്ഞപ്പോൾ നാണുവേട്ടനെ വെട്ടി വീഴ്ത്തി , അമ്മയുടെയും സഹോദരിയുടെയും തടയുവാനുള്ള ശ്രമങ്ങൾക്കിടയിലൂടെ തുടരെ തുടരെ ശരീരം വെട്ടി തുണ്ടമാക്കി , അമ്മയുടെയും സഹോദരിയുടെയും നിലവിളി ഒന്നും RSS കാപാലികർ ചെവികൊണ്ടില്ല .
മോട്ടോർ മെക്കാനിക്കായ അച്ഛൻ നാണുവേട്ടന്റെയും അമ്മ നളിനിയുടെയും കണ്മുന്നിലിട്ടു ഏകമകന്റെ ശരീരം തുണ്ടു തുണ്ടായി മാറുമ്പോൾ അവർക്കത് കണ്ടു നിൽക്കേണ്ടി വന്നു... സ്വന്തം മകൻ കണ്മുന്നിലിട്ട് മാംസ കഷ്ണമായി മാറുന്ന കാഴ്ച കണ്ട അമ്മയുടെ മനസ്സ് എങ്ങനെയായിരിക്കും അതുമായി പരുവപ്പെട്ടിട്ടുണ്ടാകുക, അല്ലെങ്കിൽ അങ്ങനെ ഉള്ള മരവിപ്പ് മാറിയിട്ടിണ്ടാകുമോ അറിയില്ല. .
ഞങ്ങളെ രണ്ടുപേരെയും കൊന്നാലും മോനെ കൊല്ലരുതെയെന്നു അവർ കെഞ്ചി നോക്കി... വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ അക്രമികളെ നിലവിളിച്ചു കൊണ്ട് തടഞ്ഞ നാണുവേട്ടനെ അവർ വെട്ടിയും ചവിട്ടിയും വീഴ്ത്തി.. ഒരുറുമ്പിനെ പോലും നോവിക്കാത്ത എന്റെ മോനെ എന്തിനു കൊല്ലുന്നുവെന്ന അമ്മയുടെ ദീനരോദനവും അക്രമികൾ കേട്ടില്ല.. മകന്റെ ചുടുചോര വീണതറയിൽ ബോധരഹിതയായി അവർ വീണു...
വെട്ടു കൊണ്ടശേഷം സുധീഷ് ഒരു നിമിഷം പോലും ജീവിച്ചിരിക്കാനിടയില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അത്രമാരകമായിരുന്നു മുറിവുകൾ.... തലയിലും പുറത്തും ശരീരമാസകലവും ആഴത്തിലുള്ള 37കഷണങ്ങളായി സുധീഷേട്ടൻ കിടപ്പു മുറിക്കു തൊട്ടടുത്ത മുറിയിൽ അച്ഛനമ്മമാരുടെ കണ്മുമ്പിൽ പിടഞ്ഞു പിടഞ്ഞു മരിച്ചു... മഴു കൊണ്ടുള്ള വെട്ടേറ്റു കണങ്കാലുകൾ അറ്റ് വീണു... നെറുകയിൽ10 സെ. മീറ്റർ ആഴത്തിൽ വെട്ടേറ്റ മുറിവുകൾ ഉണ്ടായിരുന്നു.... മനുഷ്യരൂപം പൂണ്ട പൈശാചികർ വെട്ടിപ്പൊളിച്ചിട്ട ശരീരം കണ്ടവരെയെല്ലാം നടുക്കി . മഴു കൊണ്ടുള്ള വെട്ടുതടുക്കാൻ ശ്രമിച്ച സുധീഷേട്ടന്റെ ഇരു കൈകളും ഭീകരർ വെട്ടിപ്പൊളിക്കുകയായിരുന്നു... ഇടതു കണങ്കാലിന്മുകളിൽ നിന്നും വലതു കാലും മഴു കൊണ്ട് വെട്ടി വീഴ്ത്തി.. ഇടതു തോളിൽ മഴു കൊണ്ട് വെട്ടി വലിച്ചു... മാംസം ചിതറി വീണു തോളിൽ വലിയ കുഴിയായിരുന്നു... കൈകാലുകളുടെ എല്ലുകൾ മുഴുവൻ വെട്ടേറ്റു പിളർന്നു... അത്യന്തം പൈശാചികമായ അക്രമത്തിൽ സുധീഷേട്ടൻ ഒരുമിനിട്ടിനകം തന്നെ മരണപ്പെട്ടിട്ടുണ്ടാവും എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി.
കൊലപാതകം നടന്ന വിവരം അറിഞ്ഞ ഉടൻ സുധീഷേട്ടന്റെ വീട്ടിൽ ആണ് അച്ഛനും ആളുകളും പോയത് എന്ന് പിന്നീട് അച്ഛൻ പറഞ്ഞറിഞ്ഞു . അച്ഛനും അവരും ചേർന്നാണ് സുധീഷേട്ടനെ എടുത്തു ആശുപത്രിയിൽ കൊണ്ട് പോയത്,
അന്നത്തെ സുധീഷേട്ടന്റെ ശരീരത്തെ കുറിച്ച് അച്ഛൻ കുറേ കാലത്തിനു ശേഷം പറഞ്ഞപ്പോൾ നിണങ്ങൾ ത്രസിച്ചിട്ടുണ്ട് .
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ഇന്ക്വസ്റ്റ് നടത്തിയ കൂത്തുപറമ്പ്
എസ് ഐ സുബ്രമണ്യം പോലും ആദ്യ ഘട്ടത്തിൽ പതറിപ്പോയി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർ ഒന്നും മിണ്ടാനാവാതെ ഏതാനും നിമിഷം നിശ്ചലനായി നിന്നുകൊണ്ട് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് കോടിയേരിയോട് പറഞ്ഞു പുറത്തെ മുറിവിനു 14 സെ. മീറ്റർ ആഴമുണ്ട്."...
മരിച്ചത് കമ്മ്യൂണിസ്റ്റു കാരനായതുകൊണ്ട് ആ അച്ഛനമ്മമാരുടെ കണ്ണീരിന്റെ കണക്കെടുക്കാനോ വെട്ടുകളുടെ എണ്ണമെടുക്കാനോ ഒന്നുമായി ഒരുമാധ്യമ പണ്ഡിതന്മാരും അരാഷ്ട്രീയ ജീവികളും പ്രത്യേക വിഷയങ്ങളിൽ മാത്രം ഹൃദയം തേങ്ങുന്ന സാഹിത്യ നായകരും നായികമാരും ഒന്നും ആ വഴി വന്നില്ല..
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ഒരു യുവാവ് ആർക്കും ഒരു പരാതിയും പറയാനില്ലാതിരുന്ന ഒരാളെ 37 തുണ്ടമാക്കി അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൺ മുൻപിൽ ഇട്ട് RSS ക്രിമിനലുകൾ വെട്ടി നുറുക്കിയ കൊലപാതകം ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു . 37 കഷ്ണമായി വെട്ടിനുറുക്കിയ സുധീഷേട്ടനെ പറ്റി ഒരു കവി ഹൃദയവും തുടിച്ചില്ല ഒരു മാധ്യമ സ്ഥാപനങ്ങളും മുഖ പ്രസംഗം എഴുതിയില്ല കാരണം സുധീഷേട്ടൻ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു .
കാലം എത്ര കഴിഞ്ഞാലും മനസ്സിന്റെ നെരിപ്പോടിൽ ഇപ്പോഴും സുധീഷേട്ടന്റെ മുഖവും വാക്കുകളും മായാതെ തന്നെ ഉണ്ട് . കൂടുതൽ കരുത്തോടെ സുധീഷേട്ടനെ കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയ ആശയങ്ങളെ സമൂഹത്തിൽ ഒറ്റപെടുത്തുവാനുള്ള പോരാട്ടത്തിൽ മുന്നോട്ട് പോകുവാൻ പ്രിയപെട്ട സുധീഷേട്ടന്റെ ഓർമ്മകളും ജീവിതവും കരുത്തായി ഉണ്ട് ..
അച്ഛന് ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി നേതാവായിരുന്നു സുധീഷേട്ടൻ , സുധീഷേട്ടന്റെ കൊലപാതകം അതുകൊണ്ട് തന്നെ എന്നും വൈകാരികമായിട്ടായിരുന്നു അച്ഛൻ ഓർമിക്കുമ്പോൾ പറയാറുള്ളത് . ഒരു പക്ഷേ ഒരു നീണ്ട ഇടവേളകൾക്ക് ശേഷം കണ്ണൂർ രാഷ്ട്രീയം കലുഷിതമാവുന്നത് ഇവിടെനിന്നായിരുന്നു…
സുധീഷേട്ടന്റെ കൊലപാതകത്തിന് ശേഷം അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഭാവിയിൽ അതുപോലെ തന്നെ സംഭവിച്ചു .
ചില ഓർമ്മകൾ അങ്ങനെയാണ് ഓർക്കുമ്പോൾ അകലം കുറയുന്ന ഓർമ്മകൾ ...
സുധീഷേട്ടൻ : ഓർമ്മയുടെ നെരിപ്പോട്