‘ഷാജീ... നിങ്ങളുടെ കാമറ ഇനി ചലിക്കില്ലായിരിക്കാം. പക്ഷേ, പകർത്തിയ ഫ്രെയിമുകൾ എന്നും നിലനിൽക്കും’; ഛായാഗ്രാഹകന്റെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുരേഷ് ഗോപി
text_fieldsഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് സിനിമയിലെ സഹപ്രവർത്തകനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് കുറിപ്പ്. ഷാജി ഇനിയില്ലെന്ന യാഥാർഥ്യം ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ലെന്നും എത്ര എഴുതിയാലും മനസ്സിലെ വേദന വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവില്ലെന്നും കുറിപ്പിൽ പറയുന്നു.
സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച നാളുകളിലെ ഓർമകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. കാമറക്ക് പിന്നിൽനിന്ന് ഷാജി പകർത്തിയത് വെറും ദൃശ്യങ്ങളായിരുന്നില്ല.
ഓരോ കഥയുടെയും ആത്മാവും കഥാപാത്രങ്ങളുടെ കരുത്തും വികാരങ്ങളുമായിരുന്നു. മികച്ച ഛായാഗ്രാഹകൻ എന്നതിലുപരി സിനിമയെ പൂർണമായി മനസ്സിലാക്കിയ അപൂർവ പ്രതിഭയായിരുന്നു ഷാജിയെന്നും കുറിപ്പിൽ അനുസ്മരിക്കുന്നു.
‘ഒറ്റക്കൊമ്പൻ’ സിനിമയിലെ ഷാജിയുടെ സംഭാവനകളെക്കുറിച്ചും കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഒറ്റക്കൊമ്പനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഷാജിയുടെ അതിമനോഹരമായ ദൃശ്യസങ്കൽപ്പങ്ങളാണ്.
സിനിമയുടെ നട്ടെല്ലായി നിൽക്കുന്നത് അദ്ദേഹത്തിന്റെ ഛായാഗ്രഹണ മികവാണ്. കഥാപാത്രത്തിന്റെ കരുത്തും കഥയുടെ വലിപ്പവും പ്രേക്ഷകരിലെത്തിക്കാൻ ഷാജിയുടെ കാമറക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ അധ്വാനവും ആത്മാർഥതയും സ്വപ്നങ്ങളുമുണ്ടെന്നും കുറിപ്പിൽ പറയുന്നു.
ഒരു കലാകാരൻ വിടപറഞ്ഞാലും അയാളുടെ കല മരിക്കുന്നില്ല. ഷാജി പകർത്തിയ ഓരോ ഫ്രെയിമും വരുംതലമുറകളോട് അത് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, തങ്ങൾക്ക് നഷ്ടമായത് മികച്ച ഛായാഗ്രാഹകനെ മാത്രമല്ല, സിനിമയെ അത്രമേൽ സ്നേഹിച്ച പ്രിയപ്പെട്ട സഹപ്രവർത്തകനെ കൂടിയാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
‘ഷാജീ... നിങ്ങളുടെ കാമറ ഇനി ചലിക്കില്ലായിരിക്കാം. പക്ഷേ, ഷാജി പകർത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കും’ എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഷാജിയുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഷാജീ...
ചില വിയോഗങ്ങൾ അങ്ങനെയാണ്. എത്ര എഴുതിയാലും മനസ്സിലെ വേദനയ്ക്ക് വാക്കുകളാകില്ല. ഷാജി ഇനിയില്ല എന്ന യാഥാർത്ഥ്യം ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല.
സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച നാളുകളിലെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുകയാണ്. ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് ഷാജി പകർത്തിയത് വെറും ദൃശ്യങ്ങളായിരുന്നില്ല; ഓരോ കഥയുടെയും ആത്മാവും ഓരോ കഥാപാത്രത്തിന്റെയും കരുത്തും വികാരങ്ങളും ആയിരുന്നു.
ഒരു മികച്ച ഛായാഗ്രാഹകൻ എന്നതിലുപരി, സിനിമയെ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കിയ, ഓരോ ഫ്രെയിമിലും സ്വന്തം കാഴ്ചപ്പാടും ആത്മാവും പകർന്നുനൽകിയ അപൂർവ പ്രതിഭയായിരുന്നു ഷാജി.
ഒറ്റക്കൊമ്പനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഷാജിയുടെ അതിമനോഹരമായ വിഷ്വലൈസേഷനാണ്. ആ സിനിമയുടെ നട്ടെല്ലായി നിൽക്കുന്നത് ഷാജിയുടെ ദൃശ്യസങ്കൽപ്പങ്ങളും ഛായാഗ്രഹണ മികവുമാണ്.
ഒരു കഥാപാത്രത്തിന്റെ കരുത്തും കഥയുടെ വലിപ്പവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിക്കാൻ ഷാജിയുടെ ക്യാമറയ്ക്ക് കഴിയുമായിരുന്നു. ആ സിനിമയുടെ ഓരോ ഫ്രെയിമിലും ഷാജിയുടെ അധ്വാനവും ആത്മാർത്ഥതയും സ്വപ്നവുമുണ്ട്.
ഒരു കലാകാരൻ വിടപറയുമ്പോഴും അയാളുടെ കല മരിക്കുന്നില്ലെന്ന് ഷാജി പകർത്തിയ ഓരോ ഫ്രെയിമും വരുംതലമുറകളോട് പറഞ്ഞുകൊണ്ടിരിക്കും.
പക്ഷേ, ഞങ്ങൾക്കിനി നഷ്ടമായത് ഒരു മികച്ച ഛായാഗ്രാഹകനെ മാത്രമല്ല; സിനിമയെ ഇത്രമേൽ സ്നേഹിച്ച, തന്റെ ജോലിയോട് അത്രമേൽ ആത്മാർത്ഥത പുലർത്തിയ ഒരു പ്രിയപ്പെട്ട സഹപ്രവർത്തകനെയാണ്.
ഷാജീ... നിങ്ങളുടെ ക്യാമറ ഇനി ചലിക്കില്ലായിരിക്കാം. പക്ഷേ, ഷാജി പകർത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കും.
ഷാജിയുടെ അകാല വിയോഗത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പ്രിയപ്പെട്ട ഷാജിക്ക് ആദരാഞ്ജലികൾ.



