‘കെ.കെ. കൊച്ച് ബൗദ്ധികമായും ആക്ടിവിസ്റ്റെന്ന നിലക്കും തന്റേതായ മുദ്ര പതിപ്പിച്ച ധിഷണാശാലി’
text_fieldsകൊച്ചി: കേരളത്തിലെ കീഴാള സമുദായങ്ങളിൽ നിന്ന് ഉയർന്നുവന്ന ഏറ്റവും ശ്രദ്ധേയനായ ബുദ്ധിജീവിയും ചിന്തകനും ആണ് ഇന്ന് അന്തരിച്ച കെ.കെ. കൊച്ച് എന്ന് ആക്ടിവിസ്റ്റ് സുദേഷ് എം. രഘു അനുസ്മരിച്ചു. ചരിത്രം, സംസ്കാരം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിൽ ബൗദ്ധികമായും ആക്ടിവിസ്റ്റെന്ന നിലയിലും ഇടപെട്ടുകൊണ്ട് തന്റേതായ മുദ്ര കേരളസമൂഹത്തിൽ പതിപ്പിച്ച ധിഷണാശാലിയാണ് കെ.കെ. കൊച്ച്.
‘ദലിതൻ എന്ന ജീവിതചരിത്രം അദ്ദേഹത്തിന്റെ ജീവിതസമരത്തിന്റെയും ധൈഷണിക ജീവിതത്തിന്റെയും നേർചിത്രം കൂടിയാണ്. ആശയപരമായി എതിർ നിൽക്കുന്നവരോടു പോലും ഇത്രക്ക് ആദരത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനോളം വ്യക്തിബന്ധമുള്ള കീഴാള ബുദ്ധിജീവി വേറെ ഉണ്ടോ എന്നു സംശയമാണ്.
രോഗാവസ്ഥയിൽ കിടക്കുമ്പോഴും ഫേസ്ബുക്കിലൂടെ നിരന്തരം സജീവമായി ബൗദ്ധിക ഇടപെടൽ നടത്തിക്കൊണ്ടിരുന്നു കൊച്ചേട്ടൻ. എന്നെ സംബന്ധിച്ചിടത്തോളം ദീർഘനാളത്തെ സൗഹൃദവും സ്നേഹവും അദ്ദേഹവുമായുണ്ട്. ഏറ്റവും അവസാനം കൊച്ചേട്ടനെ വീട്ടിൽപ്പോയി കാണുമ്പോൾ എന്റെ കൂടെ പ്രഫ.(ഡോ) ജി മോഹൻ ഗോപാലും ബാൻശ്രീയും ഉണ്ടായിരുന്നു. കൊച്ചേട്ടനെ ഏറെ സന്തോഷിപ്പിച്ച സന്ദർശനം ആയിരുന്നു അത്. എന്റെ പുതിയ വീട് വന്നു കാണാൻ കഴിയാത്തതിന്റെ സങ്കടവും അദ്ദേഹം അന്നു പങ്കുവച്ചു. പ്രതീക്ഷിച്ച മരണമായിരുന്നെങ്കിലും കൊച്ചേട്ടന്റെ മരണം എല്ലാവരെയും അഗാധ ദുഖത്തിലാഴ്ത്തും എന്നതിൽ സംശയമില്ല. കൊച്ചേട്ടന് സ്നേഹാഞ്ജലി’ -സുദേഷ് എം. രഘു അനുസ്മരിച്ചു.