കെ.ആർ. ചന്ദ്രൻ: ജ്വലിക്കുന്ന ഓർമയിൽ ഒരാണ്ട്
text_fieldsകെ.ആർ. ചന്ദ്രൻ
മനാമ: കെ.ആർ. ചന്ദ്രന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ഒരാണ്ട് തികയുകയാണ്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അകാല വിയോഗം പ്രവാസലോകത്ത് മാത്രമല്ല അദ്ദേഹത്തെ ഒരു വേളയെങ്കിലും പരിചയപ്പെട്ട ആരിലും വേദന ഉളവാക്കുന്നതായിരുന്നു. വേർപാട് അറിഞ്ഞത് മുതൽ നൂറുകണക്കിന് ആളുകളാണ് അന്ന് സൽമാനിയ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത്.
മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസത്തിനിടയിൽ നാട്ടിലും വിദേശത്തുമായി നിരവധിപേരെയാണ് സംഘടന പ്രവർത്തനത്തിന്റെ ഭാഗമായും സ്വന്തം നിലയിലും സഹായിച്ചത്. അതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം വടകര കുറിഞ്ഞാലിയോട് വിപഞ്ചികയിൽ എത്തിയപ്പോൾ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും തടിച്ചുകൂടിയ ജനാവലി. പ്രദേശവാസികൾക്ക് പുറമെ അവധിക്ക് നാട്ടിൽ വന്നവരും പ്രവാസം മതിയാക്കി വർഷങ്ങളായി നാട്ടിൽ സ്ഥിരതാമസമാക്കിയ തൊട്ടടുത്ത ജില്ലകളിലുള്ളവർപോലും കുടുംബത്തോടൊപ്പമാണ് അന്നവിടെയെത്തിയത്.
വടകര സഹൃദയവേദിയുടെ പ്രാരംഭ ഘട്ടം മുതൽ സംഘടനയുടെ പ്രസിഡന്റ്, ട്രഷറർ, രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സമയത്തും വ്യക്തിപരമായി ഏറെ അടുപ്പം വെച്ചുപുലർത്തിയിരുന്നു.
ചിട്ടയായ സംഘടനാ പാടവവും ആരിലും നീരസം തോന്നാത്ത ഹൃദയനൈർമല്യം തുളുമ്പുന്ന വാക്കുകളും സഹജീവി സ്നേഹവുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് ഏറെ വ്യത്യസ്തനാക്കുന്നത്. തന്റെ പ്രദേശത്തെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസരംഗത്തും കലാ കായിക രംഗത്തും മികവ് പുലർത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭകളെ സഹായിക്കുന്നതിലും നിരാലംബരായ രോഗികൾക്ക് സഹായം എത്തിക്കുന്നതിലും അദ്ദേഹം അതീവ തൽപരനായിരുന്നു.
ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവരെ അറിയിച്ച് പ്രചരിപ്പിക്കണം എന്നതും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു അദ്ദേഹം. പ്രസംഗിക്കാൻ ലഭിക്കുന്ന അവസരത്തിൽപോലും പാട്ടുപാടാനും കവിത ചൊല്ലാനുമാണ് അദ്ദേഹത്തിന് പ്രിയം. നൂറിൽപരം സംഗീത ആസ്വാദകരും പാട്ടുകാരുമുള്ള ഇൻഡിപെൻഡന്റ് ക്ലാസ്മേറ്റ്സ് എന്ന നാട്ടിലെ ഒരു വാട്സ്ആപ് ഗ്രൂപ്പിലും അദ്ദേഹം സജീവമായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം വിപഞ്ചികയിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഓർമയിലെ കെ.ആർ.സി എന്ന പേരിൽ ഒരു അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
ബഹ്റൈനിലെ വടകര സഹൃദയവേദി നാളെ ഏപ്രിൽ 10ന് സഗയ്യ ബി.എം.സി ഹാളിൽ ‘സാഗരം നീല സാഗരം’ എന്ന പേരിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കും.