എം.എൻ: കുഴല്മന്ദത്തിെൻറ സ്വന്തം എം.എല്‍.എ
text_fieldsകുഴല്‍മന്ദം: മുന്‍ എം.എല്‍.എ എം. നാരായണെൻറ നിര്യാണത്തോടെ കുഴൽമന്ദത്തിന് നഷ്ടമായത് സ്വന്തം നേതാവിനെ. പാര്‍ട്ടിപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തെ എം.എന്‍. എന്നാണ് വിളിച്ചിരുന്നത്. 1991 മുതല്‍ 2001 വരെ കുഴല്‍മന്ദം എം.എല്‍.എ ആയിരുന്നു. 1991ല്‍ 7718, 1996ല്‍ 10496 വോട്ടുമാണ് ഭൂരിപക്ഷം. 1991ല്‍ കോണ്‍ഗ്രസിലെ എം. അയ്യപ്പന്‍ മാസ്റ്റർ, 1996ല്‍ എം.വി. സുരേഷ് എന്നിവരായിരുന്നു എതിരാളികള്‍.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തും എരിമയൂര്‍, തരൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. എതിരാളികള്‍ പോലും അംഗീകരിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ ലാളിത്യം.
ബസുകളില്‍ സഞ്ചരിച്ച് കവലകളിലെ ചായക്കടകളില്‍നിന്ന് ചായ കുടിച്ച് അവിടെയുള്ളവരോട് കുശലാന്വേഷണം നടത്തിയ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തകനായും നിയമസഭ സമാജികനായും മണ്ഡലത്തില്‍ സജീവമായിരുന്നു. കുഴല്‍മന്ദം ഗവ. ഐ.ടി.ഐ, കോട്ടായി മങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാളിയാവ് പാലം എന്നിവ അദ്ദേഹത്തിെൻറ വികസനപ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം.
കാലാവധി പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. സി.പി.എം പാലക്കാട് ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് അര്‍ബന്‍ കോ ഓപറേറ്റിവ് ബാങ്കിെൻറ ചെയര്‍മാനായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.