Begin typing your search above and press return to search.
exit_to_app
exit_to_app
balakrsihnan 9089798
cancel
camera_alt

ഡോ. കെ.വി. ബാലകൃഷ്ണൻ

തേഞ്ഞിപ്പലം: മണ്ണും മരങ്ങളും ജീവജാലങ്ങളും ചേർന്ന പ്രകൃതിയിൽ അവരിലൊരാളായി ജീവിച്ച അത്യപൂർവ മനുഷ്യനായിരുന്നു ബാലേട്ടൻ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ച ഡോ. കെ.വി. ബാലകൃഷ്ണൻ. കാലിക്കറ്റ് സർവകലാശാലയിൽ രസതന്ത്ര വിഭാഗത്തില്‍നിന്ന് സയന്റിഫിക് ഓഫിസറായി വിരമിച്ച അദ്ദേഹം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ബാലേട്ടനായിരുന്നു.

സര്‍വകലാശാല കാമ്പസിൽ വൃക്ഷത്തൈകള്‍ നടുകയും പരിപാലിക്കുകയും ചെയ്തിരുന്ന ഇദ്ദേഹം വിരമിച്ചിട്ടും സ്വദേശമായ കണ്ണൂരിലേക്ക് തിരിച്ചുപോകാതെ കാമ്പസിനു സമീപം വില്ലൂന്നിയാലിൽ ഒറ്റക്കായിരുന്നു വാടകക്ക് താമസിച്ചിരുന്നത്. ഇവിടെവെച്ച് കുഴഞ്ഞുവീണായിരുന്നു മരണം. പ്രകൃതിയെ സ്നേഹിച്ച് നിശ്ശബ്ദനായി ജീവിച്ച് മരിച്ച അത്യപൂർവ വ്യക്തിത്വങ്ങളിൽ ഒരാളായി ബാലേട്ടൻ മാറുകയായിരുന്നു.

സര്‍വകലാശാല കാമ്പസില്‍ പലതരം മാവുകളും പ്ലാവും ഞാവലും ഉള്‍പ്പെടെ ഫലവൃക്ഷങ്ങളുമെല്ലാം ബാലേട്ടന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കന്നുകാലികള്‍ തിന്നാതിരിക്കാന്‍ കമ്പിവേലിക്കൂട് സ്ഥാപിച്ചും കടുത്ത വേനലില്‍ വെള്ളം നല്‍കിയും കീടങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ മരുന്ന് തളിച്ചും ബാലേട്ടന്‍ തൈകളെ കുഞ്ഞുങ്ങളെപ്പോലെ പരിരക്ഷിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം 1980ല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായാണ് സര്‍വകലാശാലയിലെത്തുന്നത്. തരിശായി കിടന്നിരുന്ന കാമ്പസ് പ്രദേശങ്ങളിലെല്ലാം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇദ്ദേഹം തൈകള്‍ നട്ടു. വിത്ത് മുളപ്പിച്ച് സ്വന്തമായാണ് തൈകള്‍ തയാറാക്കിയത്. ഗ്രാഫ്റ്റിങ്ങും ബഡിങ്ങും നടത്തി പുതിയ സങ്കര ഇനങ്ങളും ഉണ്ടാക്കി. മരിച്ചുപോയ സുഹൃത്തുക്കളുടെ പേരിലും കാമ്പസില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

15 വര്‍ഷം മുമ്പാണ് വിരമിച്ചതെങ്കിലും നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തിനായില്ല. അതിന് പ്രധാന കാരണം താൻ നട്ടുപരിപാലിക്കുന്ന സസ്യജാലങ്ങളും പ്രകൃതിയുമായിരുന്നു. തിരക്കൊഴിയുന്ന കാമ്പസ് നേരങ്ങളിൽ മിക്കപ്പോഴും താൻ നട്ടുവളർത്തിയ ഫലവൃക്ഷങ്ങളെ കാണാൻ ബാലേട്ടൻ എത്തും. അത്രക്ക് ആത്മബന്ധമായിരുന്നു അദ്ദേഹത്തിന് കാമ്പസ് പ്രകൃതിയോട്.

Show Full Article
TAGS:memoir calicut university 
News Summary - memoir dr kv balakrishnan
Next Story