ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ അനുശോചിച്ചു
text_fieldsതിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി അനുശോചിച്ചു. മികച്ച സംഘാടകനും കറകളഞ്ഞ മതേതരവിശ്വാസിയുമായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഉത്തവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തിലും എഴുത്തിലും മികവ് കാട്ടി. ലാളിത്യത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തിന് വലിയ സുഹൃദ്‌വലയം സൃഷ്ടിച്ചു. സഹകരണ മേഖലയുടെ ഉന്നമനത്തിനായി നിരന്തരമായ ഇടപെടലുകള്‍ നടത്തിയ ശൂരനാട് രാജശേഖരന്‍ സഹകരണ പ്രസ്ഥാന രംഗത്ത് കോണ്‍ഗ്രസിന്റെ മുഖമായി മാറി. ശൂരനാടിന്റെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
ശൂരനാട് രാജശേഖരന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികൾ മാറ്റിവെക്കുമെന്നും കൊല്ലം ജില്ലയില്‍ മൂന്ന് ദിവസം ദുഃഖമാചരിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.
അടിമുടി കോണ്‍ഗ്രസുകാരനായിരുന്നു ഡോ. ശൂരനാട് രാജശേഖരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. പാര്‍ട്ടി ഒരു വികാരമായി കൊണ്ടു നടന്ന, പാര്‍ട്ടിയോടും നേതൃത്വത്തോടും അത്രമേല്‍ കൂറ് പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. മികച്ച സംഘാടകന്‍, സഹകാരി, എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, ഗവേഷകന്‍ അങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ പേര് അടയാളപ്പെടുത്തി. ഏത് വിഷമ ഘട്ടത്തില്‍ നില്‍ക്കുമ്പോഴും ഏത് പ്രതിസന്ധിയെ നേരിടുമ്പോഴും അദ്ദേഹം മുഖത്തൊരു പുഞ്ചിരി സൂക്ഷിച്ചിരുന്നുവെന്നും ആ ചിരി മാഞ്ഞുവെന്നും സതീശൻ അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.