‘പ്രിയ അനുജാ, എല്ലാവരുടെയും സ്നേഹഭാജനം ആയിരുന്ന നിങ്ങൾ എന്തിനിത് ചെയ്തു? നിങ്ങളുടെ ചിരി ഒരിക്കലും മായുകയില്ല’ -അനൂപിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് മന്ത്രി ബിന്ദു
text_fieldsതൃശൂർ: കേരളവർമ്മ കോളജിലെ മുൻസഹപ്രവർത്തകനും ഇലഞ്ഞിക്കൂട്ടം ബാന്‍ഡ് ലീഡറുമായ അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് മന്ത്രി ഡോ. ആർ. ബിന്ദു. വിവേകോദയം സ്‌കൂളിലെ ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപകനായിരുന്ന അനൂപിനെ ഇന്നലെ രാത്രിയാണ് തൃശ്ശൂര്‍ ചെല്ലൂരിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മന്ത്രിയുടെ കുറിപ്പ് വായിക്കാം:
‘ദീപ്തമായ ഈ പുഞ്ചിരി ഇനിയാർക്കും കാണാൻ ആവില്ല. പ്രിയപ്പെട്ട അനൂപ്, അനുഗൃഹീതമായ ഒരു ജീവിതം എന്തിനാണ് പാതി വഴി പോലുമെത്തും മുൻപ് അവസാനിപ്പിച്ചു കളഞ്ഞത്? പാട്ടും ഉപകരണസംഗീതവും സർഗ്ഗാത്മകത ഉടൽ പൂണ്ടതു പോലുള്ള സംഘാടനവൈഭവവും ഉള്ള, വിദ്യാർത്ഥികളുടെ സ്നേഹം ആവോളം ലഭിച്ചിരുന്ന അവരുടെ ഉറ്റ ചങ്ങാതിയായ മാഷായി നിങ്ങൾ എത്ര പേരെ പ്രചോദിപ്പിച്ചു!
വിവേകോദയം സ്കൂളിലെ കുട്ടികളെ സംസ്ഥാന യുവജനോത്സവമുൾപ്പടെ നിരവധി പരിപാടികളിൽ പരിപാടികൾ അവതരിപ്പിക്കാൻ പരിശീലിപ്പിച്ച നിങ്ങൾ, കേരളവർമ്മ കോളേജിൽ ഗസ്റ്റ് ലെക്ചറർ ആയിരിക്കേ ഞങ്ങൾ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ജീവിതത്തിൽ സംഗീതവും പ്രകാശവും നിറച്ച നിങ്ങൾ, എല്ലാവരുടെയും മനം കവർന്ന സ്നേഹഭാജനം ആയിരുന്ന നിങ്ങൾ എന്തിനിത് ചെയ്തു എന്നറിയില്ല. ..
അവസാനം കണ്ടത് തൃശൂർ പൂരത്തിന് തെക്കേ ഗോപുരനടയിൽ കുട്ടികളോടൊപ്പം ഗിറ്റാർ മീട്ടി പാട്ടു പാടി റിപ്പോർട്ടർ ചാനൽ പരിപാടിയിൽ നിറയുന്നത്. .. അന്ന് നമ്മളൊന്നിച്ച് പാടിയത് “എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ”...
ഒന്നും അറിയാൻ കഴിയാത്തത് മനുഷ്യ മനസ്സിനെ പറ്റിയയാണ്
പ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല. ....’