Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightജി. ഗോപാലകൃഷ്ണൻ,...

ജി. ഗോപാലകൃഷ്ണൻ, മസ്ജിദുകൾക്കായി സമർപ്പിച്ച ജീവിതം!

text_fields
bookmark_border
ജി. ഗോപാലകൃഷ്ണൻ, മസ്ജിദുകൾക്കായി സമർപ്പിച്ച ജീവിതം!
cancel
camera_alt

 ‘മോസ്ക് മാൻ’ ജി. ഗോപാലകൃഷ്ണൻ ഭാര്യ ജയയോടൊപ്പം -ഫയൽ ചിത്രം (ഫോട്ടോ: പി.ബി. ബിജു)

ഇന്നലെ അന്തരിച്ച ‘മോസ്ക് മാൻ’ എന്നറിയപ്പെട്ട ജി. ഗോപാലകൃഷ്ണൻ ‘മാധ്യമം കുടുംബ’ത്തിന് നൽകിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു. 65 വർഷത്തി​നിടെ 110 പള്ളികളാണ് അദ്ദേഹം രൂപകൽപന ചെയ്ത് നിർമിച്ചത്.

ദിവസവും അഞ്ചുനേരം ബാങ്കൊലി ഉയരുന്ന, ഇസ്‍ലാംമത വിശ്വാസികൾ അല്ലാഹുവിന്റെ ഭവനമായി കണക്കാക്കുന്ന മസ്ജിദുകൾക്കായി സമർപ്പിച്ച ജീവിതമാണ് ‘മോസ്ക് മാൻ’ ജി. ഗോപാലകൃഷ്ണന്‍റെത്. തന്‍റെ ആയുസ്സിലെ ആറരപതിറ്റാണ്ടാണ് ഈ മനുഷ്യൻ പള്ളികൾക്കായി നീക്കിവെച്ചത്. ഇക്കാലയളവിൽ 110 പള്ളികൾ രൂപകൽപ്പന ചെയ്ത് നിർമിച്ചു. അവയുടെ നിർമാണവുമായി ബന്ധപ്പെട്ട് ചിലവഴിച്ച ദിനരാത്രങ്ങളൊക്കെയും സന്തോഷത്തിന്‍റെയും ആത്മനിർവൃതിയുടെയും പെരുന്നാളുകളായിരുന്നുവെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്.

മലപ്പുറം മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലെ മിക്ക നഗരങ്ങളിലും ഇദ്ദേഹത്തിന് ‘സ്വന്തം’ പള്ളികളുണ്ട്. അവിടങ്ങളിലെല്ലാമായി അനേകായിരം പേരുമായി അണമുറിയാത്ത സൗഹൃദവും. ഇൗ സൗഹൃദങ്ങളാണ്, അവ മാത്രമാണ് ഇപ്പോഴുള്ള സമ്പാദ്യം. തുച്ഛമായ പ്രതിഫലമായിരുന്നു പല പള്ളികളുടെയും നിർമാണത്തിന് കൈപ്പറ്റിയത്.

ഇഷ്ടപ്പെട്ട പള്ളിയേത്?

110 പള്ളികളിൽ മനസ്സിന് ഇഷ്ടപ്പെട്ട പള്ളിയേതെന്ന് ചോദിച്ചപ്പോൾ ഒരുനിമിഷം ഗോപാലകൃഷ്ണൻ മൗനിയായി. കൈവളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി പോറ്റി വലുതാക്കിയ മക്കളെ പോലെ, എല്ലാപള്ളിയും തനിക്ക് ഒന്നിനൊന്ന് ഇഷ്ടമാണെന്നായിരുന്നു മറുപടി. എങ്കിലും തന്‍റെ ആദ്യത്തെ കണ്മണിയായ ബീമാപ്പള്ളിയോട് ഒരുപ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ബീമാപ്പള്ളി ആദ്യം പിറന്നുവീണത് ഒരു 31കാരന്‍റെ മനസ്സിലാണ്. അന്നുമുതൽ കണ്ണിലെ കൃഷ്ണമണി പോലെ, ഒരുപക്ഷേ അതിനേക്കാളേറെ കരുതലോടെ ഈ പള്ളിയെ താലോലിച്ച് വളർത്തുകയായിരുന്നു.

‘മോസ്ക് മാൻ’ ജി. ഗോപാലകൃഷ്ണൻ -ഫയൽ ചിത്രം (ഫോട്ടോ: പി.ബി. ബിജു)

വർഷം 1967. നാശോന്മുഖമായ ബീമാപള്ളിക്ക് പകരം പുതിയത് നിർമിക്കാൻ മഹല്ല് കമ്മിറ്റി ആലോചിക്കുന്ന സമയം. പലരും പ്ലാനുകൾ സമർപ്പിച്ചെങ്കിലും അവർക്ക് ഇഷ്ടമായില്ല. ഗോപാലകൃഷ്ണൻ തന്‍റെ മനസ്സിലുള്ള സ്വപ്നരൂപത്തെ പെൻസിലുപയോഗിച്ച് വെള്ളക്കടലാസിലേക്ക് പകർത്തി ബീമാപ്പള്ളി മഹല്ല് നിവാസികൾക്ക് കാണിച്ചുകൊടുത്തു. മഹല്ലുകാർക്കത് പെരുത്ത് ഇഷ്ടമായി. പിന്നീടുള്ള 17 വർഷങ്ങൾ അത് യാഥാർഥ്യമാക്കാനുള്ള കഠിനപ്രയത്നങ്ങളുടേതായിരുന്നു. ബീമാബീവിയുടെ മഖ്ബറയിൽ (ഖബറിടം) സിയാറത്തി(സന്ദർശന)ന് എത്തുന്നവർ നൽകുന്ന ചില്ലറത്തുട്ടുകൾ കൂട്ടിച്ചേർത്ത് ഗോപാലകൃഷ്ണന്‍റ മേൽനോട്ടത്തിൽ ഇന്നുകാണുന്ന മനോഹരമായ വലിയ പള്ളി സാക്ഷാത്കരിച്ചു.

താജ്മഹൽ മാതൃകയാക്കി കരുനാഗപ്പള്ളിയിൽ നിർമിച്ച ശൈഖ് മസ്ജിദിനോടും ഇഷ്ടക്കൂടുതലുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല, ലോകശ്രദ്ധയാകർഷിച്ച താജിന്‍റെ മാതൃകയിൽ ഒരു പള്ളി നിർമിക്കണം എന്നത് താൻ ഏറെ ബഹുമാനിക്കുന്ന ടി.പി. കുട്ട്യാമുസാഹിബിന്‍റെ നിർദേശമായിരുന്നു. അത് സാക്ഷാത്കരിച്ച നിർമിതിയാണ് ശൈഖ് മസ്ജിദ്.

‘‘തിരുവനന്തപുരം പാളയം പള്ളിയുടെ നിർമാണത്തിൽ അച്ഛന്‍റെ സഹായിയായാണ് എന്‍റെ പള്ളി ജീവിതം തുടങ്ങിയത്. അന്നുമുതൽ ഒരു പള്ളിയുമായെങ്കിലും ബന്ധപ്പെടാതെ തന്‍റെ ജീവിതത്തിൽ ഒരുദിവസംപോലും കടന്നുപോയിട്ടില്ല’’ -ഗോപാലകൃഷ്ണൻ പറഞ്ഞു.

ക്രിസ്ത്യാനിയുടെ പണം + ഹിന്ദുവിന്‍റെ അധ്വാനം = മുസ്ലിം പള്ളി

‘കേരളത്തിലെ പ്രഥമ ചീഫ് എൻജിനീയർ ടി.പി. കുട്ട്യാമു സാഹിബ് രൂപകൽപന ചെയ്ത പാളയം പള്ളിയുടെ നിർമാണ കരാർ അച്ഛൻ ഗോവിന്ദനായിരുന്നു. പള്ളിയും ക്ഷേത്രവും ചർച്ചും സംഗമിക്കുന്ന ആ കവലയുടെ മതേതര പൈതൃകം പോലെ നിർമാണത്തിനിടെയിലും ആകസ്മികമായ ഒരു സംഭവം ഉണ്ടായി. അക്കാലത്ത് കരാറുകാരന് സർക്കാർ അഡ്വാൻസ് തുക നൽകുന്ന പതിവുണ്ടായിരുന്നില്ല. നിർമ്മാണ കാലയളവിൽ സ്വന്തംപോക്കറ്റിൽ നിന്ന് പണം ചെലവഴിക്കണം. എന്നാൽ, അതിനുമാത്രം പണം അച്ഛന്‍റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. പി.പി. ചുമ്മാർ എന്നയാളാണ് ഇക്കാര്യത്തിൽ സഹായവുമാെയത്തിയത്. അങ്ങനെ, ഹിന്ദുക്കളായ ഞങ്ങൾ ക്രിസ്ത്യാനിയുടെ ധനസഹായത്തോടെ മുസ്ലിം പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കി. 1967ൽ അന്നത്തെ രാഷ്ട്രപതി സാക്കിർ ഹുസൈനാണ് പള്ളി ഉദ്ഘാടനം ചെയ്തത്’ -ഗോപാലകൃഷ്ണൻ പറഞ്ഞു.

‘മോസ്ക് മാൻ’ ജി. ഗോപാലകൃഷ്ണൻ -ഫയൽ ചിത്രം (ഫോട്ടോ: പി.ബി. ബിജു)

ദിവസവും അച്ഛന്‍റെ കൂടെ പള്ളിയുടെ നിർമാണരീതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പോകുമായിരുന്നു. അന്നുതുടങ്ങിയ പള്ളികളോടുള്ള മുഹബ്ബത്ത് ഇപ്പോഴും തുടരുന്നു. ഇതിനകം 110 മുസ്ലിം പള്ളികളും നാല് ചർച്ചുകളും ഒരുക്ഷേത്രവും പൂർത്തിയാക്കി. കൈവിറയൽ കാരണം രണ്ടുവർഷമായി പ്ലാൻ വരക്കാൻ കഴിയുന്നില്ലെന്ന സങ്കടമാണ് ഇപ്പോൾ.

ബീമാപള്ളി മുതൽ താജ് മഹൽ പള്ളി വരെ

തിരുവനന്തപുരത്തെ പ്രശസ്തമായ ബീമാപള്ളിയാണ് സ്വന്തമായി നിർമിച്ച ആദ്യ പള്ളി. വിസ്തൃതമായ ഈ പള്ളിയുടെ നിർമാണത്തിന് മറ്റുചിലരും പ്ലാനുകൾ വരച്ചിരുന്നുവെങ്കിലും ജമാഅത്ത് കമ്മിറ്റിക്ക് ഇഷ്ടമായത് കൃഷ്ണന്റെ മനസ്സിൽ വിരിഞ്ഞ പള്ളിയായിരുന്നു. പ്രസ്തുത പ്ലാൻ ഒരു ബിഗ് ബജറ്റാണെന്നും നിങ്ങൾക്ക് പൂർത്തീകരിക്കാനാവില്ലെന്നും പറഞ്ഞ് കമ്മിറ്റിയെ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അവർക്ക് ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. വിശ്വാസികൾ നൽകുന്ന ചില്ലറത്തുട്ടുകൾ സമാഹരിച്ച് പള്ളിയുടെ നിർമാണം പൂർത്തിയാക്കി. 1967ൽ തുടങ്ങിയ നിർമാണം 1984ലാണ് പൂർത്തിയാക്കിയത്. എരുമേലിയിലെ വാവരുപള്ളിയിലും ഇദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

തുടക്കം എങ്ങനെയായിരുന്നു?

1940 കളിൽ സ്കൂൾ വിദ്യാർഥിയായിരിക്കേയാണ് കെട്ടിടങ്ങളോട് കമ്പം തുടങ്ങിയത്. കരാറുകാരനായ പിതാവ് കെ. ഗോവിന്ദനിൽനിന്നാണ് വരയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. പി.ഡബ്ല്യു.ഡി ഓഫിസിലെ ഡ്രാഫ്റ്റ്സ്മാനായ ആംഗ്ലോ-ഇന്ത്യക്കാരൻ എൽ.എ. സൽദാന വരച്ച് ഉപേക്ഷിച്ച കെട്ടിടങ്ങളുടെ ബ്ലൂപ്രിന്‍റുകളായിരുന്നു അക്കാലത്ത് ‘പാഠപുസ്തകം’. ഈ ബ്ലൂപ്രിന്‍റുകൾ അച്ഛൻ വീട്ടിൽ കൊണ്ടുവരും. വെള്ളക്കടലാസിൽ വെളിച്ചെണ്ണ തേച്ച് ആ രൂപരേഖകളുടെ മുകളിൽ വെച്ച് അതിന്‍റെ പകർപ്പുകൾ വരച്ചെടുത്തു.

വരച്ചെടുത്ത സ്കെച്ചുകൾ യഥാർഥ കെട്ടിടമായി മാറുേമ്പാൾ എന്തുസംഭവിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒഴിവുദിവസങ്ങളിൽ അച്ഛന്‍റെ വർക്ക് സൈറ്റുകൾ സന്ദർശിക്കാറുണ്ടായിരുന്നു. അളവുകളും രൂപങ്ങളും മനസ്സിൽ കുടിയിരിക്കാൻ ഇത് ഏറെ സഹായിച്ചു. ഞാൻ ഒരു എൻജിനീയർ ആകണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം.

പക്ഷേ, എനിക്ക് എഞ്ചിനീയറിങ് പഠിക്കാൻ കഴിഞ്ഞില്ല. പത്താംക്ലാസിന് ശേഷം എ.ഐ.എം.ഇ കോഴ്‌സിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പിന്നീട് പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിട വിഭാഗത്തിൽ ശമ്പളമില്ലാതെ ട്രെയിനിയായി ചേർന്നു. എസ്.എ.ടി ആശുപത്രിയുടെ നിർമാണത്തിലും മറ്റും സജീവമായി പങ്കുകൊണ്ടു. ഓഫിസ് ജോലിയിലും ഇക്കാലയളവിൽ നൈപുണ്യം നേടി. ഇത് നിർമാണമേഖലയിൽ ധൈര്യസമേതം കാലെടുത്തുവെക്കാൻ വലിയ പ്രചോദനമായി.

ഖുർആന്റെ മലയാള വിവർത്തനവുമായി ബന്ധപ്പെട്ട നിർദേശത്തോട് എന്തായിരുന്നു പ്രതികരണം?

മസ്ജിദുകൾ നിർമിക്കുന്നതിനിടെ ഹൃദയസ്പർശിയായ ഒേട്ടറെ അനുഭവങ്ങളും തേടിയെത്തി. സൗഹൃദത്തിന്‍റെ ആഴവും നൻമയുടെ നീരുറവകളും അടുത്തറിയാൻ ലഭിച്ച നിരവധി അവസരങ്ങൾ. നിർമാണസാമഗ്രികൾ വാങ്ങാൻ പണം തികയാതെ വരുേമ്പാൾ സ്വന്തമായി ഉള്ളതെല്ലാം പെറുക്കിയെടുത്ത് വരുന്ന മനുഷ്യർ... നിരന്തരം അലട്ടുന്ന പ്രയാസങ്ങളുടെ ദൂരീകരണത്തിനും ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനുമായി ഉള്ളംതപിച്ച് നൽകുന്ന നാണയത്തുട്ടുകളടക്കമുള്ള നേർച്ചപ്പണത്തിന്‍റെ മാഹാത്മ്യം... എല്ലാം മനസ്സിനെ ഏറെ സ്വാധീനിച്ചു.

അതിനിടെ കൗതുകകരമായ ഒേട്ടറെ കാര്യങ്ങളും കടന്നുപോയി. അതിൽ ഏറെ ചിന്തനീയമായത്, പള്ളികളിൽ അലങ്കാരപ്പണികൾ ചെയ്ത് കൊത്തിവെക്കുന്ന കാലിഗ്രഫിയുമായി ബന്ധപ്പെട്ട കുഞ്ഞുകുഞ്ഞുവിവാദങ്ങളായിരുന്നു. ഖുർആൻ സൂക്തങ്ങളും ശഹാദത്ത് കലിമയുമാണ് (സത്യസാക്ഷ്യ വാചകം) മിക്ക പള്ളികളിലും കാലിഗ്രഫി ചെയ്തിരുന്നത്. എന്നാൽ, ഇതെന്തോ കൂ​ടോത്രപ്പണിയാണ് എന്നായിരുന്നു ഇസ്‍ലാം മതവിശ്വാസികളല്ലാത്ത പലരും വിചാരിച്ചിരുന്നത്. ഈ തെറ്റിദ്ധാരണ മാറ്റാൻ സൂക്തങ്ങളുടെ അർഥം മലയാളത്തിൽ എഴുതിവെക്കാമെന്ന് കമ്മിറ്റിക്കാരോട് ഞാൻ നിർദേശിച്ചു. പക്ഷേ, ഖുർആന്‍ വിവർത്തനം ചെയ്യുന്നത് അക്കാലത്ത് അധികപേർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

ചിലസ്ഥലങ്ങളിൽ ഇമാമുമാരടക്കമുള്ളവർ സമ്മതിച്ചെങ്കിലും കമ്മറ്റിയിൽ ചിലർ വിസമ്മതിച്ചു. അങ്ങനെ, പണിപൂർത്തിയാക്കിയ ചില ഫലകങ്ങൾ വരെ വെളിച്ചം കാണാതെ മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. എന്‍റെ നിർദേശമായിരുന്നു ശരി എന്ന് കാലം തെളിയിച്ചു. ഇപ്പോൾ മിക്ക പള്ളികളിലും ഖുർആൻ വിവർത്തനം ലഭ്യമാണ്. ആർക്കും എപ്പോഴും മാതൃഭാഷയിൽ ഖുർആന്‍റെ സാരാംശം പഠിക്കാനും മനസ്സിലാക്കാനും ഇപ്പോൾ സംവിധാനങ്ങളുണ്ട്.

‘ഞാൻ കണ്ട ഖുർആൻ’ എന്ന പുസ്തകം രചിക്കാനുള്ള പ്രേരണ എന്തായിരുന്നു?

സുഹൃത്തായ പള്ളി കമ്മിറ്റി പ്രസിഡന്‍റിന്‍റെ വീട്ടിൽ ഒരിക്കൽ വിരുന്ന് പോയതായിരുന്നു. അവിടെ വരാന്തയിൽ ആയത്തുൽ കുർസി എന്നറിയപ്പെടുന്ന ഖുർആനിലെ രണ്ടാം അധ്യായമായ അൽ ബഖറയിലെ 254, 255 സൂക്തങ്ങൾ കാലിഗ്രഫി ചെയ്തുവെച്ചിരിക്കുന്നു. കൗതുകത്തിന് ഞാൻ അതിന്‍റെ അർഥം വീട്ടുടമയായ സുഹൃത്തിനോട് ചോദിച്ചു. എന്നാൽ, അദ്ദേഹത്തിന് അതറിയില്ലായിരുന്നു.


ദൈവവചനത്തിന്‍റെ അർഥമറിയാതെ എന്തിന് എഴുതിവെച്ചുവെന്ന് ചോദിച്ചപ്പോൾ ‘ഇത് കണ്ടാൽ തന്നെ ഉള്ളിൽ ഭക്തി വരും’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇത് എന്നെ ഏറെ അസ്വസ്ഥനാക്കി. ‘കണ്ടാൽ ഭക്തി തോന്നുന്ന’ വിശ്വാസരീതിയല്ലല്ലോ പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. അറിഞ്ഞ് മനസ്സിലാക്കി ആരാധിക്കുന്നതാണല്ലോ ഇസ്ലാമിന്‍റെ രീതി. ഈ അസ്വസ്ഥത ഞാൻ അദ്ദേഹവുമായി പങ്കുവെച്ചു.

വീട്ടിൽ എത്തിയതുമുതൽ ഈ വിഷയം എന്നെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ, അർഥങ്ങളും ആശയങ്ങളും പഠിച്ച് എനിക്കറിയാവുന്ന ഖുർആനിനെ മനുഷ്യർക്ക് പരിചയപ്പെടുത്തണമെന്ന് തീരുമാനമെടുത്തു. അതാണ് ‘ഞാൻ കണ്ട ഖുർആൻ’ എന്ന പുസ്തകം രചിക്കാനുള്ള പ്രേരണ. ആയിരത്തിലേറെ പേജുവരുന്ന പ്രസ്തുത പുസ്തകത്തിന്‍റെ രചന കഴിഞ്ഞു. ഇപ്പോൾ ഡി.ടി.പി വർക്ക് നടന്നുെകാണ്ടിരിക്കുകയാണ്. നല്ല പ്രസാധകരെ കണ്ടെത്തിയാൽ പ്രസിദ്ധീകരണത്തിനുള്ള നടപടികൾ ആരംഭിക്കും. ഖുർആനിനൊപ്പം ഭഗവത് ഗീതയും ബൈബിളും എല്ലാം പങ്കുവെക്കുന്ന സാരാംശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുസതകം രചിച്ചിരിക്കുന്നത്.

എല്ലാ മതങ്ങളുടെയും സംഗമകേന്ദ്രമാണ് ഗോപാലേട്ടന്റെ വീട് എന്നറിഞ്ഞു?

മതസൗഹാർദം സംസാരത്തിൽ മത്രമല്ല, ജീവിതത്തിലും പുലർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. ഹിന്ദു നാടാർ സമുദായാംഗമായ ഞാൻ ക്രിസ്ത്യാനിയായ ജയയെയാണ് നല്ല പാതിയായി സ്വീകരിച്ചത്. ഞങ്ങൾ രണ്ടുപേരും ഇതുവരെ മതം മാറിയിട്ടില്ല. മതം മാറണെമന്ന് കുടുംബക്കാർ നിർബന്ധം ചെലുത്തുേമ്പാൾ ഞാൻ അവർക്കുമുന്നിൽ ഒരു ഒപ്ഷൻ വെച്ചു: ‘ശരി മതംമാറാം. പക്ഷേ, ഹിന്ദുവും ക്രിസത്യനുമല്ലാത്ത മൂന്നാമതൊരു മതമായിരിക്കും സ്വീകരിക്കുക’. അതോടെ ആ സമ്മർദം അസ്തമിച്ചു.

ഗോവിന്ദ് ജൂനിയർ, ശ്രീനി ജി. ഗോവിന്ദ്, നീനി ജി. ഗോവിന്ദ് എന്നിങ്ങനെ മൂന്ന് ആൺമക്കളാണ് ഞങ്ങൾക്ക്. മൂവരും നിർമാണമേഖലയിൽ തന്നെ ചുവടുറപ്പിക്കുന്നു. ജാതി -മത പരിഗണനകൾക്കതീതമായാണ് മക്കളും വിവാഹ കഴിച്ചത്.

ഒരു സംഘടന തുടങ്ങിയിരുന്നുവല്ലോ? എന്തായിരുന്നു അത്?

എല്ലാ മതവിശ്വാസികളും അവരുടെ മതത്തെക്കുറിച്ച് നന്നായി പഠിച്ചാൽ ഒരിക്കലും പരമതദ്വേഷമുണ്ടാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പരസ്പരമുള്ള തെറ്റിദ്ധാരണകൾ അകറ്റണം. വിവിധ സമുദായങ്ങൾ തമ്മിലുള്ള സഹിഷ്ണുതയും സാഹോദര്യ ബന്ധവും പ്രോത്സാഹിപ്പിക്കാൻ 2002ൽ ‘യൂനിവേഴ്സൽ ബ്രദർഹുഡ്’ എന്ന ഒരു സാമൂഹിക സംഘടന ആരംഭിച്ചിരുന്നു. എന്നാൽ, ജോലിത്തിരക്കിനിടയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.


എല്ലാ വിശ്വാസധാരകളെയും കുറിച്ച് പഠിക്കാൻ സഹായിക്കുന്ന ഒരു സ്കൂൾ ഓഫ് റിലീജിയസ് സ്റ്റഡീസ് തുടങ്ങണമെന്നത് എന്‍റെ അഭിലാഷമാണ്. അവിടെ ഹൈന്ദവതയെ കുറിച്ച് ഹിന്ദുമത പണ്ഡിതരും ഇസ്‍ലാമിനെ കുറിച്ച് മുസ്‍ലിം പണ്ഡിതരും ക്രൈസ്തവതയെ കുറിച്ച് ക്രിസ്തീയ പണ്ഡിതരും ജനങ്ങളെ പഠിപ്പിക്കണം എന്നാണ് ആഗ്രഹം. ആളുകൾ അവർക്ക് അറിഞ്ഞു കൂടാത്തതിന്‍റെ ശത്രുവാണ് എന്നാണല്ലോ അറബി പഴമൊഴി. എല്ലാവരും എല്ലാം ശുദ്ധഹൃദയത്തോടെ മനസ്സിലാക്കിയാൽ ഈ ലോകം ഏറെ സുന്ദരമാകും. നമ്മുടെ മനസ്സും.


Show Full Article
TAGS:mosque gopalakrishnan religious harmony Kerala News 
News Summary - Mosque man G. Gopalakrishnan dedicated life to building mosques
Next Story