Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightകെ.എം. ചെറിയാൻ:...

കെ.എം. ചെറിയാൻ: വിടപറഞ്ഞത് അനേകം ഹൃദയങ്ങളുടെ രക്ഷകൻ -പിണറായി വിജയൻ

text_fields
bookmark_border
കെ.എം. ചെറിയാൻ: വിടപറഞ്ഞത് അനേകം ഹൃദയങ്ങളുടെ രക്ഷകൻ -പിണറായി വിജയൻ
cancel

തിരുവനന്തപുരം: ആധുനിക ഹൃദയ ചികിത്സ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണ് ഡോ. കെ.എം ചെറിയാന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 82ാം വയസ്സിലും ഊർജ്ജസ്വലനായി ആരോഗ്യ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും സജീവ ഇടപെടൽ നടത്തിയ ചെറിയാൻ അനേകം ഹൃദയങ്ങളുടെ രക്ഷകനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

‘ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി നടത്തിയ ഡോ. കെ എം ചെറിയാൻ അതിന്റെ അമ്പതാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായി വിട പറഞ്ഞത്. രാജ്യത്തെ ആദ്യത്തെ ഹാർട്ട് ലംഗ് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ലേസർ ഹാർട്ട്സർജറി എന്നിങ്ങനെ ഒട്ടേറെ റെക്കോർഡുകൾ അദ്ദേഹത്തിന്റേതായുണ്ട്. 82-ാം വയസ്സിലും ഊർജ്ജസ്വലനായി ആരോഗ്യ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും സജീവ ഇടപെടൽ നടത്തിയ ഡോ കെ. എം ചെറിയാൻ അനേകം ഹൃദയങ്ങളുടെ രക്ഷകനായിരുന്നു.

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച് ലോകത്താകെ ആതുരസേവന മേഖലയിൽ മുദ്ര പതിപ്പിച്ചു. ഹൃദയ ചികിത്സാരംഗത്ത് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിലും ഏറ്റവും സാധാരണക്കാർക്ക് വരെ വിദഗ്ധ ചികിത്സ പ്രാപ്യമാക്കുന്നതിനും നിരന്തരം ഇടപെട്ടു. ഈ രംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യയുടെ ഭാഗമായുള്ള നവീന ചികിത്സാരീതികളുടെ ലോക നേട്ടങ്ങൾക്കൊപ്പം നടന്ന അദ്ദേഹം അവയെല്ലാം പ്രാപ്യമാവുന്ന സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുത്തു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഹൃദയ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കാൻ നിരന്തരം സഞ്ചരിച്ച ഡോ. കെ.എം ചെറിയാന് നിരവധി ശിഷ്യഗണങ്ങൾ ഉണ്ട്.

നവ കേരള സൃഷ്ടിക്കുള്ള സർക്കാരിന്റെ ഉദ്യമങ്ങളിൽ ഹൃദയാത്മനാ പങ്കാളിയായിരുന്നു അദ്ദേഹം. എല്ലാ തിരക്കുകളും മാറ്റിവെച്ച് നവകേരള സദസ്സിന് ഉൾപ്പെടെ ചർച്ചാ വേദികളിൽ എത്തുകയും തന്റെ വിലയേറിയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.കേരളം ലോകത്തിന് സംഭാവന നൽകിയ ആ ഭിഷഗ്വര പ്രതിഭയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളുടെയും അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ അനേകം മനുഷ്യരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു’ -മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
TAGS:Pinarayi Vijayan Dr KM Cheriyan 
News Summary - Pinarayi vijayan remembers dr km cheriyan
Next Story