Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightരാഷ്ട്രീയ എതിർപ്പുകളിൽ...

രാഷ്ട്രീയ എതിർപ്പുകളിൽ കോംപ്രമൈസില്ലാതെ, സൗഹൃദം കാത്തുസൂക്ഷിച്ച നേതാവ് -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
രാഷ്ട്രീയ എതിർപ്പുകളിൽ കോംപ്രമൈസില്ലാതെ, സൗഹൃദം കാത്തുസൂക്ഷിച്ച നേതാവ് -പി.കെ. കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം വ്യക്തിബന്ധവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നയാളാണ് വി.എസ് അച്യുതാനന്ദനെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. പാണക്കാട് തങ്ങൾ വിടവാങ്ങിയപ്പോൾ വി.എസ് ഇവിടെ വന്നിരുന്നു. രാഷ്ട്രീയ എതിർപ്പുകളിൽ യാതൊരു കോംപ്രമൈസും ഇല്ലാതെയാണ് വി.എസ് പോരാടിയത്. പ്രവർത്തനത്തിലും പ്രസംഗത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ശൈലി ഉണ്ടായിരുന്നു. നിയമസഭയിലായാലും പുറത്തായാലും അത് അദ്ദേഹത്തിന് സ്വന്തമായിരുന്നു. ​തൊഴിലാളിയായിരുന്ന കാലത്ത് ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് നിലപാടുകൾ മുഖ്യമന്ത്രിയായപ്പോഴും അതുപോലെ കൊണ്ടുനടന്ന വ്യത്യസ്തനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്.

രാഷ്ട്രീയമായി അങ്ങോട്ടും ഇങ്ങോട്ടും ഫൈറ്റ് നടത്തിയവരാണ് നമ്മൾ. അതൊക്കെ രാഷ്ട്രീയപരമായി മാത്രമായിരുന്നു. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത ആളാണ് അദ്ദേഹം. വേർപാട് കേരളത്തിന് നഷ്ടമാണ്. ഒരുവലിയ ചരിത്രമാണ് അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ അവസാനിച്ചത്. അ​ദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ സന്ദർശിച്ചിരുന്നു. ​കുടുംബത്തിന്റെയും സംസ്ഥാനത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി.പി.എം സ്ഥാപക നേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദൻ തിങ്കളാഴ്ച വൈകീട്ട് 3.20ന് എസ്‌.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യശ്വാസം വലിച്ചത്. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനായി.

1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ അംഗമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി സ്ഥിരംക്ഷണിതാവാണ്. 1980 മുതൽ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2001 മുതൽ 2021 വരെ മലമ്പുഴയിൽ നിന്നും, 1991 മുതൽ 1996 വരെ മലമ്പുഴയിൽ നിന്നും 1967 മുതൽ 1977 വരെ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. ഭാര്യ: കെ. വസുമതി. മക്കൾ: അരുൺകുമാർ, ആശ.

1923 ഒക്‌ടോബര്‍ 20ന് പുന്നപ്ര വേലിക്കകത്ത് ശങ്കരെൻറയും അക്കമ്മയുടെയും മകനായാണ് ജനനം. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്‌ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിർത്തേണ്ടിവന്നു. തുടര്‍ന്ന്‌ മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കു നിന്നു. അതിനുശേഷം കയര്‍ ഫാക്‌ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Show Full Article
TAGS:PK Kunhalikutty VS Achuthanandan Kerala News Malayalam News 
News Summary - PK Kunhalikutty about vs achuthanandan
Next Story