‘പി.ടി പോയ ദിവസമാണിത്, പൊള്ളിക്കുന്ന തണുപ്പാണിതെനിക്ക്...’ -പ്രിയപ്പെട്ടവന്റെ കല്ലറക്ക് മുന്നിൽ ഉമ തോമസ്
text_fieldsതൊടുപുഴ: പ്രിയതമന്റെ ഓർമദിവസം കല്ലറയ്ക്കരികിൽ ദുഃഖഭാരത്തോടെ ഉമതോമസ് എം.എൽ.എയും മക്കളും കുടുംബാംഗങ്ങളും. തൃക്കാക്കര എം.എൽ.എയായിരുന്ന പി.ടി.തോമസ് 2021 ഡിസംബറിൽ ഇതേ ദിവസമായിരുന്നു വിടവാങ്ങിയത്.
‘ഈ പുലർച്ചയിൽ ഞാനും മക്കളും ഇവിടെ ഉപ്പുതോടാണ്. ഈ മണ്ണിൽ നിന്നാണ് എന്റെ പിടി തുടങ്ങിയത്. തിരിച്ചെത്തിയതും ഇവിടേക്ക് തന്നെയാണ്. പി.ടി പോയ ദിവസമാണിത്. പൊള്ളിക്കുന്ന തണുപ്പാണിതെനിക്ക്. അത്രമേൽ ശൂന്യതയിലാണ് ഞാൻ.
ആരെയും കൂസാത്ത, ആർക്കും ഭയപ്പെടുത്താനാവാത്ത, ഒരിക്കലെങ്കിലും കണ്ട ഒരാളെ പോലും മറന്നു പോകാത്ത, എന്റെ പി ടി ഇവിടെയാണുള്ളത്. പ്രിയപ്പെട്ട അമ്മച്ചിയോടൊപ്പം..’ -മക്കളായ വിഷ്‌ണു തോമസിനും വിവേക് തോമസിനുമൊപ്പം കല്ലറയ്ക്കരികിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഉമതോമസ് ഫേസ്ബുക്കിൽ കുറിച്ചു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12ന് ജനിച്ച പി.ടി. തോമസ് 71ാം വയസ്സിൽ അർബുദ രോഗബാധയെ തുടർന്നായിരുന്നു അന്തരിച്ചത്. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു. പി.ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമതോമസാണ് വിജയിച്ചത്.


