Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_right‘തങ്കച്ചനെ സിറിയയിലെ...

‘തങ്കച്ചനെ സിറിയയിലെ സ്ഥാനപതിയാക്കാമെന്ന് സോണിയ ഗാന്ധി നിർദേശിച്ചിരുന്നു, ഈ നാട്ടില്‍ നിന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’

text_fields
bookmark_border
‘തങ്കച്ചനെ സിറിയയിലെ സ്ഥാനപതിയാക്കാമെന്ന് സോണിയ ഗാന്ധി നിർദേശിച്ചിരുന്നു, ഈ നാട്ടില്‍ നിന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’
cancel

കൊച്ചി: പി.പി. തങ്കച്ചന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. നിയമസഭ സ്പീക്കറായും കൃഷിമന്ത്രിയായും കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റായും യു.ഡി.എഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. ആ മേഖലയിലെല്ലാം സ്വന്തം പാദമുദ്ര പതിപ്പിച്ചു. എന്നോട് ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11ന് രാജഗിരി ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കണ്ടു. എന്റെ പേര് പറഞ്ഞപ്പോള്‍ കണ്ണ് തുറന്നുനോക്കി. ഇത്ര പെട്ടെന്ന് അദ്ദേഹം വിട്ടുപിരിയുമെന്ന് കരുതിയില്ല.

തങ്കച്ചന്‍ യു.ഡി.എഫ് കണ്‍വീനറായിരിന്ന കാലത്ത് അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഞാന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയോടും എ.കെ. ആന്റണിയോടും ആലോചിച്ചശേഷമാണ് ഞാൻ ഇക്കാര്യം ഉന്നയിച്ചത്. ഗവര്‍ണര്‍ സ്ഥാനം ഒഴിവില്ലാത്തതിനാൽ സിറിയയിലെ സ്ഥാനപതിയാക്കാമെന്ന നിർദേശം സോണിയ ഗാന്ധി മുന്നോട്ടുവെച്ചു. എന്നാൽ, അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ല. ഈ നാട്ടില്‍തന്നെ നിന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാര്‍ട്ടി വിരുദ്ധമായ ഒരു കാര്യവും അദ്ദേഹം ചെയ്തിട്ടില്ല. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ എല്ലാ ഘടകകക്ഷികളെയും ഒരുമിച്ചുനിര്‍ത്താനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അദ്ദേഹം പ്രയത്നിച്ചതായും ചെന്നിത്തല അനുസ്മരിച്ചു.

വ്യക്തി, രാഷ്ട്രീയ ജീവിതത്തിലെ തനിത്തങ്കം -വി.ഡി. സതീശൻ

അധികാരം ദൈവാനുഗ്രഹമെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു പി.പി. തങ്കച്ചനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനമാനങ്ങളില്‍ ഒരിക്കലും അഹങ്കരിക്കരുതെന്ന തോന്നലുണ്ടാക്കിയ ഒരാള്‍. കിട്ടിയ അവസരം മനുഷ്യര്‍ക്ക് ഉപകാരം ചെയ്യാന്‍ ഉപയോഗിക്കണമെന്ന നിഷ്‌കര്‍ഷയുണ്ടായിരുന്ന ഒരാള്‍. ആര്‍ക്കെങ്കിലും ഉപകാരം ചെയ്യാനായില്ലെങ്കിലും അവരെ ഉപദ്രവിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഒരാള്‍. ഇതൊക്കെയായിരുന്നു പി.പി. തങ്കച്ചന്‍ എന്ന മനുഷ്യസ്നേഹിയും നിഷ്‌കളങ്കനുമായ പൊതുപ്രവര്‍ത്തകൻ.

‘പെരുമ്പാവൂരിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ പലവട്ടം കേട്ട തങ്കം പോലൊരു തങ്കച്ചന്‍’ എന്ന മുദ്രാവാക്യം പോലെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പി.പി. തങ്കച്ചന്‍ തനിത്തങ്കമായിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പതാകവാഹകന്‍. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തിപ്രഭാവം. നിസ്വാര്‍ഥവും ആത്മാര്‍ഥവുമായ പൊതുപ്രവര്‍ത്തനത്തിന്റെ പര്യായമായിരുന്നു പി.പി. തങ്കച്ചന്‍.

കൃത്രിമവും കപടവുമായ സ്നേഹപ്രകടനമോ അതിശയോക്തിപരമായ വര്‍ത്തമാനമോ പി.പി. തങ്കച്ചനില്‍ നിന്നുണ്ടാകില്ല. മൃദുഭാഷി, അതുപോലെ മിതഭാഷി. മുഖത്തും മനസ്സിലും രണ്ട് ഭാവങ്ങളില്ല. മുഖത്തുള്ള നിഷ്‌കളങ്കമായ ചിരി തന്നെയാണ് മനസ്സിലും. അധികാരം അദ്ദേഹത്തെ മത്ത് പിടിപ്പിച്ചതേയില്ല.

പി.പി. തങ്കച്ചനുമായി ഒരിക്കല്‍ ഇടപെട്ടവര്‍ക്ക് അദ്ദേഹത്തെ കുറിച്ച് നല്ല വാക്കേ പറയാനുണ്ടാകൂ. കയറിപ്പോകാനുള്ള എണിപ്പടികളായല്ല ജനത്തെ പി.പി. തങ്കച്ചന്‍ കണ്ടത്. അതുകൊണ്ടാണ് പ്രായത്തില്‍ മുതിര്‍ന്നവര്‍ക്കും ഇളയവര്‍ക്കും ഒരുപോലെ അദ്ദേഹം തങ്കച്ചന്‍ ചേട്ടനായത്. കുലീനമായാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം നടത്തിയത്. തൂവെള്ള ഖദറില്‍ ഒരു കറുത്ത പാടുപോലും വീഴാതെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

ഏഴ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതം. അതും താഴേത്തട്ടില്‍ നിന്നും പടിപടിയായി പാർട്ടിയുടെയും മുന്നണിയുടെയും ഉന്നത പദവികളിലേക്ക്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റില്‍ തുടങ്ങി ബ്ലോക്ക് പ്രസിഡന്റും ഡി.സി.സി പ്രസിഡന്റും നിയമസഭാംഗവും മന്ത്രിയും സ്പീക്കറും കെ.പി.സി.സി അധ്യക്ഷനും യു.ഡി.എഫ് കണ്‍വീനറുമായി. കയറിവന്ന ഓരോ പടവും രാഷ്ട്രീയനേതാവെന്ന നിലയില്‍ കഴിവുകള്‍ക്കുള്ള അംഗീകാരമായിരുന്നു.

ആര്‍ക്കും എപ്പോഴും എന്ത് ആവശ്യത്തിനും സമീപിക്കാവുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സൗമ്യമായി പെരുമാറുമ്പോഴും കാര്‍ക്കശ്യത്തോടെയുള്ള നിലപാടുകള്‍ സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്നേഹനിധിയായ ജ്യേഷ്ഠ സഹോദരനായിരുന്നു എനിക്ക് പി.പി. തങ്കച്ചന്‍. എന്റെ ജില്ലയില്‍ നിന്നുള്ള നേതാവ്. ഏത് സമയത്തും എന്തിനും എനിക്ക് സമീപിക്കാന്‍ കഴിയുമായിരുന്ന നേതാവ്. നിറഞ്ഞ വാത്സല്യത്തോടെ എന്നും എന്നെ ചേര്‍ത്തുപിടിച്ചയാള്‍. രാഷ്ട്രീയത്തില്‍ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്ന ഗുരുതുല്യനായ ഒരാള്‍ -സതീശൻ അനുസ്മരിച്ചു.

Show Full Article
TAGS:Ramesh Chennithala PP thankachan Oommen Chandy sonia gandhi 
News Summary - Ramesh chennithala remembers pp thankachan
Next Story