Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightവന്ദേമാതര വിവാദകാലത്ത്...

വന്ദേമാതര വിവാദകാലത്ത് കെ.എം. സീതിസാഹിബിനെ ഓർക്കുമ്പോൾ

text_fields
bookmark_border
വന്ദേമാതര വിവാദകാലത്ത് കെ.എം. സീതിസാഹിബിനെ ഓർക്കുമ്പോൾ
cancel

1949 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി വെറും രണ്ടു വർഷം മാത്രം കഴിഞ്ഞ ഇന്ത്യയോട് കെ.എം. സീതിസാഹിബ് പറഞ്ഞത് ഇന്നും ഏറെ പ്രസക്തമാണ്. രാജ്യം പല മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ചേർന്നുണ്ടായതാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ടുള്ള ജനാധിപത്യ ദേശീയത. ഭൂരിപക്ഷത്തിന്റെ സന്മനോഭാവവും ന്യൂനപക്ഷങ്ങളുടെ പൂർണമായ വിശ്വാസവും തമ്മിലുള്ള ബന്ധമാണ് സ്വാതന്ത്ര്യത്തിന്റെ സുരക്ഷിതമായ അടിത്തറയെന്ന മനോഹരമായ കാഴ്ചപ്പാടായിരുന്നു ‘സ്വാതന്ത്ര്യലബ്ധിയും ന്യൂനപക്ഷ സംരക്ഷണവും’ എന്ന ലേഖനത്തിലൂടെ അദ്ദേഹം പങ്കുവെച്ചത്.

‘യഥാർത്ഥമായി നാടിൻറെ സ്വാതന്ത്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്നവർ മുസ്‍ലിംകൾ അടക്കമുള്ളവരുടെ മതപരവും സാംസ്കാരികവുമായ പൂർണ്ണമായ സ്വാതന്ത്യം അനുവദിച്ചു കൊടുക്കുകയും, ഇന്ത്യാരാജ്യം ഭിന്ന മതങ്ങളും സംസ്കാരങ്ങളും വളർന്നിട്ടുള്ളതും വളരാവുന്നതുമായ രാജ്യമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി ഏക സംസ്കാരത്തിനും ഏക മതത്തിനും വേണ്ടിയുള്ള വൃഥാ ശ്രമങ്ങൾ നിർത്തിവെച്ചു സഹിഷ്ണുതയോടും മൈത്രിയോടും ന്യൂനപക്ഷങ്ങളോട് വർത്തിക്കുകയുമാണ് വേണ്ടത്’ ( ‘സ്വാതന്ത്ര്യലബ്ധിയും ന്യൂനപക്ഷ സംരക്ഷണവും’ -ചന്ദ്രിക സ്വാതന്ത്ര്യദിന വിശേഷാൽ പതിപ്പ് -1949 ആഗസ്റ്റ് 15).

ഇന്ന്, 2026 ആഗസ്റ്റ് 11ന് കെ.എം. സീതിസാഹിബിന്റെ 127-ാം ജന്മദിനമാണ്. സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പുള്ള ഈ ജന്മദിനത്തിൽ അദ്ദേഹത്തെ ഓർക്കുമ്പോൾ, ഏഴര പതിറ്റാണ്ടുകൾക്കു മുമ്പ് അദ്ദേഹം എഴുതിയ ഈ വാക്കുകൾക്ക് ഇന്നും അത്ഭുതകരമായ പ്രസക്തിയുണ്ടെന്ന് തെളിയുന്നു. ഇന്ന് വന്ദേമാതരത്തിന്റെ പൂർണരൂപം ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വീണ്ടും വലിയ ചർച്ചയും വിവാദവും ഉയരുന്ന സാഹചര്യമാണ്. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി പൂർണരൂപത്തിലുള്ള വന്ദേമാതരം ആലപിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കേരള സർക്കാരും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പൂർണരൂപം ആലപിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദേശീയതയക്ക് യാതൊരു കളങ്കവും ഏൽപ്പിക്കാതെ തന്നെ, സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം എല്ലാവരുടെയും വിശ്വാസത്തെയും സംസ്കാരത്തെയും മാനിക്കുന്നതിലാണെന്ന് 1949ൽ തന്നെ സീതിസാഹിബ് ചൂണ്ടിക്കാട്ടിയിരുന്നു. “പലവിധ അവശതകളും സ്വാഭാവികമായി ഉണ്ടാകാവുന്ന മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക്, അവയുടെ പരിഹാരത്തിന് രാഷ്ട്രീയ സംഘടനകൾ കൂടിയേ തീരൂ. അവയെ ഭത്സിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതിന് പകരം അവയുടെ നിയമ വിധേയമായ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ന്യൂനപക്ഷങ്ങളുടെ യഥാർത്ഥമായ വിശ്വാസവും കൂറും ആർജ്ജിക്കാനുള്ള മാർഗം. 1916 മുതൽ 1925 വരെയുള്ള ഇന്ത്യയുടെ ചരിത്രം ഭൂരിപക്ഷത്തിന്റെ സന്മനോഭാവവും ന്യൂനപക്ഷങ്ങളുടെ പരിപൂർണ്ണമായ സ്നേഹവിശ്വാസങ്ങളെ ഹഠാദാകർഷിക്കുവാനും അവരുടെ ഹൃദയപൂർവ്വകമായ സഹകരണം സമ്പാദിക്കുവാനും എത്ര വിജയകരമായ മാർഗമാണെന്നു തെളിയിച്ചിട്ടുള്ളതാണ്. ആ സൗവർണ്ണ ചരിത്രഘട്ടത്തിന്റെ സുമധുരാനുഭവങ്ങളുള്ള യഥാർത്ഥ ദേശഭക്തന്മാർ അക്കാലത്തെ മനോഭാവം ഭൂരിപക്ഷ സമുദായത്തിൽ സർവത്ര വളർത്തുവാൻ ശക്തരാകുന്ന പക്ഷം, നമ്മുടെ സ്വാതന്ത്ര്യം ഭദ്രവും സുരക്ഷിത വുമായിരിക്കും. അതിനു ദൈവാനുഗ്രഹമുണ്ടാകട്ടെ എന്നാണ് എന്റെ ആത്മാർത്ഥമായ പ്രാർഥന” -ലേഖനത്തിൽ ഓർമിപ്പിച്ചു.

ഇന്ന്, 77 വർഷങ്ങൾക്കുശേഷം, മറ്റൊരു സ്വാതന്ത്ര്യദിനത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ ആ വാക്കുകൾ വീണ്ടും വായിക്കേണ്ടിവരുന്നത് ചരിത്രത്തിന്റെ ഒരു കൗതുകം മാത്രമല്ല; സ്വാതന്ത്ര്യം നേടിയതിന്റെ അർത്ഥത്തെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലുമാണ്.

അർഹിക്കുന്ന പരിഗണന ലഭിച്ചോ?

1960 മാർച്ച് 12 മുതൽ 1961 ഏപ്രിൽ 17 വരെ കേരള നിയമസഭയുടെ സ്പീക്കർ ആയിരുന്നു കെ.എം. സീതിസാഹിബ്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം വരെ ഉൾപ്പെടുത്തി കേരള നിയമസഭയുടെ ഔദ്യോഗിക രേഖകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമസഭയുടെ ‘Speakers since 1957’ പ്രസിദ്ധീകരണത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഇംഗ്ലീഷ്–മലയാളം രേഖയും ലഭ്യമാണ്.

സീതിസാഹിബിന്റെ ഓർമ നിലനിർത്താൻ കഴിഞ്ഞ സർക്കാർ കാലത്ത് ആ നവോത്ഥാന നായകന്റെ ജില്ലക്കാരനായ റവന്യു മന്ത്രിയും നിയമസഭാ സ്പീക്കറും നടത്തിയ ശ്രമങ്ങളും മറക്കാനാവില്ല. പക്ഷെ അത്‌ പരാജയപ്പെട്ട സാഹചര്യം ഇനി പറഞ്ഞിട്ട് കാര്യമില്ല. നിയമസഭയുടെ ചരിത്രവുമായി ചേർന്നുനിൽക്കുന്ന അദ്ദേഹത്തിന്റെ സ്മരണക്ക് യോജിച്ച ഒരു ഔദ്യോഗിക സ്മാരകം സ്ഥാപിക്കണമെന്ന ആശയം പല ഘട്ടങ്ങളിലും ഉയർന്നിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിർദിഷ്ട ആസ്ഥാനമന്ദിരത്തിന് സീതിസാഹിബിന്റെ പേര് നൽകാനുള്ള ആഗ്രഹവും അതിനായുള്ള ശ്രമവും ഒരിക്കൽ പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ആ ശ്രമങ്ങളും യാഥാർഥ്യമായില്ല.

ഇന്ന് മറ്റൊരു കാലഘട്ടമാണ്. സീതിസാഹിബ് പടുത്തുയർത്തിയ രാഷ്ട്രീയ പാരമ്പര്യം ഉൾപ്പെട്ട മുന്നണിയാണ് കേരളം ഭരിക്കുന്നത്. ആ സർക്കാരിന്റെ ആദ്യബജറ്റിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായുള്ള സംരംഭത്തിനു ഒരു ടോക്കൺ പ്രഖ്യാപനം എങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ പലർക്കുമുണ്ടായിരുന്നു.

അത് ഉണ്ടായില്ല എന്നത് നിരാശാജനകമാണ്. കാരണം സീതിസാഹിബിന്റെ സ്മാരകം എന്നത് ഒരു വ്യക്തിയുടെ പേരിൽ ഒരു കെട്ടിടം സ്ഥാപിക്കുന്നതിന്റെ മാത്രം കാര്യമല്ല. മതനിരപേക്ഷ ജനാധിപത്യ അടിത്തറയിൽ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ഉറപ്പിച്ചുകൊണ്ടേ ഇന്ത്യയുടെ സ്വാതന്ത്ര്യം സുരക്ഷിതമാകൂ എന്ന് 1949-ൽ തന്നെ മുന്നറിയിപ്പ് നൽകിയ ഒരു ദേശീയ നേതാവിന്റെ ചരിത്രസ്മരണ സംരക്ഷിക്കുന്നതിന്റെ കാര്യമാണ്.

കേരള നിയമസഭയുടെ ചരിത്രം സൂക്ഷിക്കുന്ന പഴയ നിയമസഭാ മന്ദിരത്തിന് അദ്ദേഹത്തിന്റെ പേര് നൽകുക എന്ന ആശയം ഒരിക്കൽ ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അതിനെ വീണ്ടും പൊടിതട്ടിയെടുക്കേണ്ട സമയമാണിത്. സീതിസാഹിബിനെ അനുസ്മരിക്കേണ്ടത് വാക്കുകളിൽ മാത്രം അല്ല; അദ്ദേഹം ഉയർത്തിപ്പിടിച്ച സഹിഷ്ണുതയുടെയും ജനാധിപത്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ട് കൂടിയാണ്.

അദ്ദേഹത്തിന്റെ 127-ാം ജന്മദിനത്തിൽ, അതുകൊണ്ട് ഒരു ചോദ്യം കൂടി ബാക്കിവെക്കാം. സ്വാതന്ത്ര്യത്തിന്റെ ഈ 80-ാം വർഷത്തിൽ, കേരളം അതിന്റെ ആദ്യകാല ജനാധിപത്യ ശിൽപികളിലൊരാളായ കെ.എം. സീതിസാഹിബിന് യോജിച്ച ഒരു ഔദ്യോഗിക സ്മാരകം നൽകാൻ ഇനിയെങ്കിലും തയ്യാറാകുമോ? അത് ഒരു സമുദായത്തിനുള്ള ആദരവായിരിക്കില്ല, കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തോടുള്ള ആദരവായിരിക്കും.

കെ.എം സീതി സാഹിബിന്റെ പേരക്കുട്ടി കൂടിയാണ് ലേഖകൻ

Show Full Article
TAGS:Seethi Sahib Vande Mataram memoir 
News Summary - Remembering K.M. Seethi Sahib during Vande Mataram controversy
Next Story