Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightമഷിപുരട്ടിയ...

മഷിപുരട്ടിയ സെല്ലുലോയ്ഡ്

text_fields
bookmark_border
മഷിപുരട്ടിയ സെല്ലുലോയ്ഡ്
cancel

ഉപ്പ യാത്രയായിട്ട് അധികമായില്ല. ഈ നിമിഷവും അതൊരു ദുഃസ്വപ്നമാണെന്നും ഉപ്പ ഇവിടെത്തന്നെയുണ്ടെന്നും ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുന്നു. പുറം കാഴ്ചകള്‍ കേള്‍ക്കുന്നൊരാള്‍ക്ക്് എണ്‍പതു വയസ്സിനോട് അടുപ്പിച്ചു കടന്നുപോയ ഒരാളെ കുറിച്ചാണ് പറയുന്നതെന്ന് അറിയുമ്പോള്‍ കൗതുകം തോന്നാം. അത്രമേല്‍ കുടുംബത്തെ ഒരോ ശ്വാസത്തിലും ചേര്‍ത്തുവെക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു ഉപ്പ.

വി.കെ. ഹംസ അംഗീകാരങ്ങള്‍ തേടിപ്പിടിക്കാന്‍ അന്വേഷിച്ച് നടന്നിട്ടില്ല. സിനിമാ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സത്യന്‍ മുതല്‍ പുതുകാല സിനിമാ താരങ്ങളുമായും സംവിധായകരായ അരവിന്ദന്‍, അടൂര്‍, മോഹന്‍, കെ.ജി. ജോര്‍ജ്, ഐ.വി. ശശി, ഹരിഹരന്‍ തുടങ്ങി മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരുമായും വളരെ അടുത്ത ബന്ധമായിരുന്നു ഉപ്പാക്ക്.

പണ്ട് ഉപ്പാന്റെ കല്യാണത്തിന് സത്യന്‍ വരുന്നെന്ന് ശ്രുതിപരന്നപ്പോള്‍ ‘സത്യന്‍ വന്നാൽ കൈയിന്റെ ഉള്ളനടിയില്‍നിന്ന് രോമം പറിച്ചുതരും’ എന്ന് ആരൊക്കെയോ പറഞ്ഞുനടന്നതും, കല്യാണത്തിന് സത്യന്‍ വന്നപ്പോ തിരൂര്‍ തുഞ്ചന്‍പറമ്പ് മുതല്‍ അന്നാരയിലെ തറവാടുവീടുവരെ വഴിക്കിരുവശത്തും ജനം ആര്‍ത്തുവിളിച്ചുനിന്നതും ഉപ്പപറഞ്ഞുതന്ന ഓർമകളാണ്. ചെറുതുരുത്തിയിലെ ഉമ്മവീട്ടില്‍ സ്‌കൂള്‍ അവധിക്കാലത്തു പാര്‍ക്കാന്‍ പോകുമ്പോള്‍ ഷൂട്ടിങ്ങുകളുടെ ഉത്സവകാലമാകും അവിടെ. വൈകുന്നേരങ്ങളില്‍ നെടുമുടിവേണു, ഭരത് ഗോപി, ഡയറക്ടര്‍ മോഹന്‍, ഇന്നസെന്റ് തുടങ്ങിയവര്‍ രാത്രി പത്തിരി കഴിക്കാന്‍ വന്നതും, പാതിരാത്രിവരെ നെടുമുടിച്ചേട്ടന്‍ മണ്‍കുടത്തില്‍ താളമിട്ടു പാട്ടുപാടിയതും ഇപ്പോഴും ഓര്‍മയിലുണ്ട്.

‘ഞാന്‍ ഗന്ധർവന്‍’ ഷൂട്ടിങ്ങിനുവന്ന പത്മരാജന് ഉപ്പയായിരുന്നു കൂട്ട്. വാടാനക്കുറുശ്ശി വഴി എപ്പോള്‍ കടന്നുപോവുകയാണെങ്കിലും ബാലന്‍ കെ. നായര്‍ മരിക്കുന്നതുവരെ ആ വീട്ടില്‍ കയറാതെ ഉപ്പ പോയിട്ടില്ല. അത്ര ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍.

ഞാന്‍ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരിക്കല്‍ േപ്രംനസീറിന്റെ കത്തുവന്നു. കാലിക്കറ്റ് വരുന്നു എന്നും, കാണണം എന്നുമായിരുന്നു അതിൽ. അന്ന് എല്ലാം കത്തുകളിലൂടെയായിരുന്നു അറിയിച്ചിരുന്നത്. മിക്കവാറും എല്ലാദിവസവും പോസ്റ്റുമാന്‍ ഞങ്ങടെ വാടക വീട്ടില്‍ കയറാതെ പോകുമായിരുന്നില്ല. ചിലപ്പോഴത് കത്തുകളുടെയും മാസികയുടെയും കെട്ടുകളായിരിക്കും. പത്ര ഓഫിസുകളില്‍നിന്നു പണം വന്നിരുന്നത് മണി ഓര്‍ഡര്‍ ആയും.

നസീര്‍ വരുമെന്ന് പറഞ്ഞദിവസം അന്ന് കാലിക്കറ്റ് പോയപ്പോള്‍ ഉപ്പ എന്നെയും കൂട്ടി. റെയിൽവേ സ്റ്റേഷന്‍ കാര്‍പാര്‍ക്കിങ്ങില്‍ എത്തിയപ്പോള്‍ വെളുത്ത അംബാസഡര്‍ കാറില്‍ നസീര്‍ ഇരിക്കുന്നു. നസീറിനെ ആദ്യമായി അടുത്തുകാണുന്നത് അന്നാണ്. സിനിമാ കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നത് ആര്‍ത്തിയോടെ കേട്ടിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം ആ കാറില്‍ അവര്‍ക്കിടയില്‍ ഇരുന്നു. ട്രെയിനില്‍ കയറാന്‍ നേരം നസീര്‍ പറഞ്ഞു, ‘ഹംസ തിരൂര്‍ എത്തുമ്പോള്‍ കാണണം’എന്ന്. ഞങ്ങള്‍ അടുത്തുള്ള കമ്പാര്‍ട്‌മെന്റില്‍ കയറി. തിരൂര്‍ എത്തിയപ്പോള്‍ എ.സി കമ്പാര്‍ട്‌മെന്റ് ഡോറിനടുത്ത് നസീർ നിൽക്കുന്നു. ആ ശബ്ദം ഇപ്പോഴും ചെവിയിലുണ്ട്, ‘നന്നായി പഠിക്കണം, നന്നായി വായിക്കണം വാപ്പയെ പോലെ’ എന്ന്.

റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഉപ്പാന്റെ കൂടെ റെയില്‍വേ ലൈന്‍ വഴി വീട്ടിലേക്കു നടക്കുമ്പോള്‍ ഉപ്പ പറഞ്ഞുതന്ന ഒരു മദിരാശി കഥയുണ്ട്. പണ്ട് സത്യനും നസീറും മദിരാശിയില്‍ രാജവാഴ്ചയുടെ കാലം. ഉപ്പ സത്യനെ പുകഴ്ത്തിയും നസീറിനെ താഴ്ത്തിയും ലേഖനങ്ങളെഴുതിയിരുന്ന ആ കാലത്ത് ആ ആഴ്ച ഇറങ്ങിയ ഒരു മാസികയില്‍ പ്രേംനസീറിനെ പറ്റി മോശമായി എഴുതിയിരുന്നു. ആ വീക്കിലി ഇറങ്ങി അടുത്ത ദിവസം ചെന്നൈ മഹാലിംഗപുരം റോഡില്‍ ടാക്‌സി കാത്തുനിൽക്കുമ്പോള്‍ പെട്ടെന്ന് മുന്നില്‍ ഒരു കാർ വന്നുനിന്നു. ഹംസ എങ്ങോട്ടേക്കാണെന്ന് ചോദിച്ചു. നോക്കുമ്പോള്‍ ഉള്ളില്‍ നസീര്‍. പോകേണ്ട സ്റ്റുഡിയോ പറഞ്ഞപ്പോള്‍ നസീറും അങ്ങോട്ടേക്കാണെന്നു പറഞ്ഞു. ഡോര്‍ തുറന്നു.

ആദ്യം നല്ല ചമ്മലോടെയാണ് തുടങ്ങിയതെന്ന് ഉപ്പ പറഞ്ഞു. ഉപ്പാന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘അങ്ങനെയും ലോകത്തില്‍ മനുഷ്യരുണ്ടെന്ന് മനസ്സിലായ ദിവസം’. അന്നുതുടങ്ങിയ ആ ബന്ധം നസീറിന്റെ മരണംവരെ തുടര്‍ന്നു. നസീറിന്റെ മരണംവരെ എല്ലാ ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നസീർ നൽകാറുള്ള 2000 രൂപയുടെ ചെക്കുകൊണ്ടാണ് ഞങ്ങള്‍ പെരുന്നാള്‍ ആഘോഷിച്ചിരുന്നത്.

സത്യന്‍, നസീര്‍, മധു, സുകുമാരന്‍, സോമന്‍ മുതല്‍ എത്രയോ പ്രഗത്ഭ നടീനടന്മാര്‍ക്കൊപ്പമുള്ള എത്രയോ കഥകള്‍ എഴുതിയും പറഞ്ഞും കേട്ടിട്ടുണ്ട്. ജഗതി, സുകുമാരന്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കൊപ്പം ഒരേ ലോഡ്ജില്‍ മദിരാശിയില്‍ താമസിച്ച കഥകളും ഒരുപാട് കേട്ടിരിക്കുന്നു. മമ്മൂക്കയുമായും വല്ലാത്ത അടുപ്പമായിരുന്നു ഉപ്പാക്ക്. ഉപ്പ മരിച്ചപ്പോൾ മമ്മൂക്ക ഫേസ്ബുക്കില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

മലയാള സിനിമാ ജേണലിസം ഡിജിറ്റല്‍ യുഗത്തിലേക്കി മാറുന്നതുവരെ നിറസാന്നിധ്യമായിരുന്നു ഹംസാക്ക. ഐ.വി. ശശിയുടെ ഷൂട്ടിങ്ങുകളില്‍ സജീവ സാന്നിധ്യം തന്നെയായിരുന്നു എന്റെ ഉപ്പ. മഹാറാണി രാത്രികളിലെ ഉത്സവത്തെക്കുറിച്ച് മോഹന്‍ലാല്‍ എഴുതിയ ഓർമക്കുറിപ്പിലും വി.കെ. ഹംസ ഉണ്ടായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിനെ കാണാന്‍ നസീര്‍ സര്‍ വരുമ്പോളൊക്കെ ഉപ്പയെ അറിയിക്കും. അവരൊന്നിച്ചാണ് ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ പോകാറ്. അന്ന് ചിത്രരമയില്‍ സുല്‍ത്താനും സുല്‍ത്താനും നേരില്‍കണ്ടപ്പോള്‍ എന്നൊരു ഫീച്ചര്‍ തുടര്‍ച്ചയായി വന്നിരുന്നു. യു.എ. ഖാദര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എന്‍.എന്‍. പിള്ള തുടങ്ങിയ സാഹിത്യകാരന്മാരുമായും അടുത്ത ബന്ധമായിരുന്നു.

ഇതൊന്നുമല്ല ഞാന്‍ ഓര്‍ക്കുന്ന വി.കെ. ഹംസ. ഉപ്പാനെ ഞങ്ങളുടെ കുടുംബം അടയാളപ്പെടുത്തുന്നത് ഇതൊന്നും കൊണ്ടല്ല, ഇത്രമേല്‍ സ്വന്തം കുടുംബത്തെ ചേര്‍ത്തുപിടിച്ചുനടന്നൊരാളെ ഇതുവരെ വായിച്ച ഒരു കഥയിലും നോവലിലും സിനിമയിലും കണ്ടിട്ടില്ല. പോയകാലത്തും ഇനിയുള്ള കാലത്തും ഇങ്ങനെയൊരാള്‍ ഉണ്ടാവുമോയെന്നതും സംശയമാണ്. കലാമണ്ഡലത്തില്‍ പഠിച്ച ആദ്യ മുസ്‍ലിം പെണ്‍കുട്ടിയായ എന്റെ ഉമ്മാനെ യാഥാസ്ഥികത്വത്തിന്റെ മതിലുകള്‍ ഭേദിച്ച് വിവാഹം ചെയ്തതുമാത്രം ഒരു മൂന്ന് മണിക്കൂര്‍ സിനിമക്കുള്ള കഥയുണ്ട്.

കൂടെ നടന്നവരൊക്കെ ഒന്നൊന്നായി കടന്നുപോകുന്നത് വേദനയോടെ എപ്പോഴും പറയാറുണ്ടായിരുന്നു. സംവിധായകന്‍ മോഹന്റെ മരണം ഉപ്പാനെ വല്ലാതെ പിടിച്ചുലച്ചു. വല്ലാത്ത ആത്മബന്ധമായിരുന്നു മോഹനുമായി ഉപ്പക്ക്. ഇനിയുള്ള ഒരുദിനവും പൂര്‍ണമാവില്ല, ഒരോ ശ്വാസത്തിലും ഉപ്പ കൂടെയില്ലെന്നുള്ള വേദന മരണംവരെ പിന്തുടരും. നെഞ്ചിനുള്ളില്‍ അടക്കിനിര്‍ത്തിയ സങ്കടത്തിന്റെ കടല്‍ പൊട്ടാതെ കാത്തുവെക്കാന്‍ ശ്രമിക്കുന്നു...

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Malayalam Cinema memoir 
News Summary - V.K. Hamza And Golden Malayalam Cinema
Next Story