ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂരിന് നാടിന്റെ യാത്രാമൊഴി
text_fieldsമലപ്പുറം: മതപ്രഭാഷണത്തില്‍ വേറിട്ട ശൈലിയിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കിയ ഹാഫിള് മസ്ഊദ് സഖാഫി (41) ഗൂഡല്ലൂരിന് നാടിന്റെ യാത്രാമൊഴി. കിഴിശ്ശേരി പുളിയക്കോട് മേല്‍മുറി സുന്നീ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‍ലിയാർ നേതൃത്വം നല്‍കി. വഴിക്കടവ് കെട്ടുങ്ങല്‍ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് സയ്യിദ് അലി അക്ബര്‍ പാടന്തറയും ഹകീം സഖാഫിയും നേതൃത്വം നല്‍കി. വൈകീട്ട് അഞ്ചു മണിയോടെ തോരക്കുന്ന് ഖബര്‍സ്ഥാനില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി.
ഞായറാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച ഗൂഡല്ലൂരിലെ പ്രഭാഷണം കഴിഞ്ഞ് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് പുളയിക്കോട്ടെ വിട്ടിലെത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക അടക്കം പല സംസ്ഥാനങ്ങളിലും അദ്ദേഹം പ്രഭാഷണവേദികളില്‍ നിറഞ്ഞുനിന്നു.
ഗൂഡല്ലൂരിന് സമീപം പെരിയശോല സ്വദേശിയും ഇപ്പോള്‍ വഴിക്കടവ് കെട്ടുങ്ങലില്‍ താമസക്കാരനുമായ പരേതനായ മൂന്നാംതൊടിക അബ്ദുല്‍ കരീമിന്റെ മകനാണ്. ചിറപ്പാലത്തിനടുത്ത് പുളിയക്കോട് മേല്‍മുറിയിൽ താമസിച്ചിരുന്ന ഇദ്ദേഹം ചെമ്മാട് സി.കെ നഗറിലാണ് നിലവില്‍ ദര്‍സ് നടത്തിയിരുന്നത്. ഏറെക്കാലം കിഴിശ്ശേരി കടുങ്ങല്ലൂര്‍ ചെറപ്പാലത്ത് ദര്‍സ് നടത്തിയിരുന്നു. സമസ്ത കൊണ്ടോട്ടി താലൂക്ക് മുശാവറ മുന്‍ അംഗവുമായിരുന്നു പരേതന്‍.
ഭാര്യ: റമീസ ഗൂഡല്ലൂര്‍. മക്കള്‍: അബ്ദല്ല ഉവൈസ്, അബ്ദുല്ല ലബീബ്, ഫാത്തിമ ദിഷ്ന. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ അഹ്സനി ഓമശ്ശേരി, ശിഹാബുദ്ദീന്‍ ഇര്‍ഫാനി തൃശൂര്‍, ഖദീജ, സുബൈബ, ഹഫ്സ, ആത്തിഖ, സൗദ.