തിരശ്ശീലയിൽ ചിരിയുടെ തിരയിളക്കം തീർത്തൊരാൾ
text_fieldsകൊച്ചി: ഹാസ്യത്തിന്‍റെ കൈപിടിച്ച് സരസമായി കഥ പറഞ്ഞ് പ്രേക്ഷകരെ കൈയ്യിലെടുത്ത സംവിധായകനായിരുന്നു ഷാഫി. കോമഡി ചിത്രങ്ങൾ എന്ന ലേബലിൽ നിലവാരമില്ലാത്ത ഹാസ്യം ചേർത്തൊരുക്കിയ ചിത്രങ്ങൾ പ്രേക്ഷകർ കൂട്ടത്തോടെ കൈയൊഴിഞ്ഞപ്പോൾ അവരെ തിയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഷാഫിയുടെ സിനിമകളാണ്. സാധാരണക്കാരെയും കുട്ടികളെയും കുടുംബങ്ങളെയും ഒന്നുപോലെ രസിപ്പിച്ച് അദ്ദേഹം ഒരുക്കിയ മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.
റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലെ റാഫിയുടെ സഹോദരനായ ഷാഫി 1996ൽ രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാല രാജകുമാരൻ’ എന്ന ചിത്രത്തിൽ സഹ സംവിധായകനായാണ് സിനിമ ജീവിതം തുടങ്ങുന്നത്. ഹിറ്റ്ലർ, ഫ്രണ്ട്സ്, ആദ്യത്തെ കൺമണി തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്‍റായും പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, സത്യം ശിവം സുന്ദരം തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു.
പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചേരുവകൾ ചേർത്ത് അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കാമ്പുള്ളൊരു കഥ പറയുക എന്നതായിരുന്നു ഷാഫിയുടെ സംവിധാന ശൈലി. ആ പരീക്ഷണം വിജയിച്ചപ്പോൾ ദിലീപ് മാത്രമല്ല മമ്മൂട്ടിയും ജയറാമും ബിജു മേനോനും പൃഥ്വിരാജുമെല്ലാം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചു. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാൻ, വെനീസിലെ വ്യാപാരി, ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക്ക് തുടങ്ങി ഷാഫി ഒരുക്കിയ മിക്ക ചിത്രങ്ങളും ഇത്തരത്തിൽ ചിരിയും ചിതറിപ്പോകാത്ത കഥയും ചേർത്ത് മെനഞ്ഞെടുത്തവയായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകുമ്പോഴും ഓരോ സിനിമയും വ്യത്യസ്തമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് വേണ്ടിയുള്ള കാത്തിരിപ്പുകളാണ് ഓരോ സിനിമക്കുമിടയിൽ ദീർഘമായ ഇടവേളകൾ സൃഷ്ടിച്ചത്.
സിനിമകളുടെ എണ്ണത്തിനല്ല മികവിനാണ് ഷാഫി എന്നും പ്രാധാന്യം കൽപ്പിച്ചത്. അതുകൊണ്ടുതന്നെ ഓടിനടന്ന് സിനിമയെടുക്കുന്ന സംവിധായകനായിരുന്നില്ല. കാൽനൂറ്റാണ്ട് നീളുന്ന ചലച്ചിത്ര ജീവിതത്തിൽ 20ൽ താഴെ ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തത്. ഒരു വർഷം രണ്ട് സിനിമ റിലീസായതാകട്ടെ മൂന്ന് തവണ മാത്രവും. കോമഡി സിനികളുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞവർക്ക് മുന്നിൽ വ്യത്യസ്ത പാറ്റേണിൽ ചെയ്യുന്ന അത്തരം ചിത്രങ്ങൾക്ക് എക്കാലവും പ്രേക്ഷകർ ഉണ്ടെന്ന് അദ്ദേഹം തെളിയിച്ചു.
തന്‍റെ തന്നെ ചില ചിത്രങ്ങൾക്ക് രണ്ടാം ഭാഗവും പുതുമയുള്ള കാഴ്ചാനുഭവമാകേണ്ട മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളായിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ അവ നടക്കാതെ പോയി. ടു കൺട്രീസിന്‍റെ തുടർച്ചയായി ത്രീ കൺട്രീസ്, മായാവി 2 എന്നിവയുടെ പ്രാരംഭ ചർച്ചകൾ വരെ തുടങ്ങിയിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ‘ഹലോ മായാവി’ എന്നൊരു സിനിമ ആലോചിച്ചു. രണ്ടുപേരും സമ്മതിക്കുകയും ചെയ്തു. ഗംഭീര സിനിമയായി മാറുമെന്ന് ഷാഫി ഉറച്ചുവിശ്വസിച്ചിരുന്ന ആ പ്രൊജക്ട് നടക്കാതെ പോയതിന് പിന്നിൽ ചിലരുടെ പിടിവാശിയാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേടവേളക്ക് ശേഷമാണ് 2022ൽ ‘ആനന്ദം പരമാനന്ദം’ സംവിധാനം ചെയ്തത്. ചിരിക്കൊപ്പം ഹൃദയബന്ധങ്ങളുടെ തീക്ഷ്ണതയും നോവും കൂടി ചേർത്തുവെച്ചതായിരുന്നു ആ ചിത്രം.
ഷാഫിയുടെ സിനിമകൾക്കൊപ്പം മനസ്സിൽ തങ്ങി നിൽക്കുന്നവയായിരുന്നു അവയിലെ കഥാപാത്രങ്ങളും ഗാനങ്ങളും. പവിഴമലർ പെൺകൊടി (വൺമാൻ ഷോ), കഥയിലെ രാജകുമാരിയും (കല്യാണ രാമൻ), മുറ്റത്തെ മുല്ലേ ചൊല്ല് (മായാവി), ഗുജറാത്തി കാൽത്തള (പുലിവാൽ കല്യാണം), ഇഷ്ടമല്ലേ ഇഷ്ടമല്ലേ (ചോക്ലേറ്റ്) തുടങ്ങിയ പാട്ടുകൾ ഉദാഹരണം. സ്വന്തമായി സംവിധാനം ചെയ്ത മേക്കപ്പ്മാൻ, 101 വെഡ്ഡിങ്സ് എന്നീ ചിത്രങ്ങളുടെ കഥയും ഷെർലക് ടോംസ് എന്ന ചിത്രത്തന്‍റെ കഥയും തിരക്കഥയും ഷാഫി തന്നെയായിരുന്നു. ലോലിപോപ്, 101 വെഡ്ഡിങ്സ് എന്നീ ചിത്രങ്ങൾ നിർമിച്ചു. ‘തൊമ്മനും മക്കളും’ മജാ എന്ന പേരിൽ റീമേക്ക് ചെയ്ത് തമിഴിലും സാന്നിധ്യമറിയിച്ചു.
കോലാഹലങ്ങളില്ലാത്ത സിനിമ ജീവിതവും സിനിമക്കാരന്‍റെ ജാഡകളില്ലാത്ത വ്യക്തിജീവിതവുമായിരുന്നു ഷാഫിയുടേത്. എല്ലാത്തരം പ്രേക്ഷകർക്കും ലളിതമായി ആസ്വദിക്കാൻ കഴിയുന്ന, വൃത്തിയുള്ളാരു എൻറർടെയ്നർ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചലച്ചിത്ര സങ്കൽപ്പം. അതുകൊണ്ടുതന്നെ പുതിയ കാല സിനിമയുടെ ആഘോഷങ്ങൾക്കിടയിലും കൃത്രിമമായ ആഡംബരങ്ങളൊന്നുമില്ലാതെ ഷാഫിയുടെ ചിത്രങ്ങൾ വേറിട്ട അനുഭവമായി നിലകൊള്ളുന്നു.