ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം; ശിഹാബുദ്ദീൻ സഖാഫിയുടെ അപകടമരണം വിശ്വസിക്കാനാവാതെ നാട്ടുകാർ
text_fieldsതൊടുപുഴ/മരട്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന പള്ളി ഇമാം അപകടത്തിൽ മരിച്ചത് വിശ്വസിക്കാനാവാതെ നാട്ടുകാർ. സുന്നി മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സുന്നി യുവജന സംഘം (എസ്.വൈ.എസ്) ഇടുക്കി ജില്ല സാന്ത്വനം പ്രസിഡന്‍റുമായ തൊടുപുഴ ഇടമറുക് കള്ളിക്കുന്നേൽ കെ.എ. ശിഹാബുദ്ദീൻ സഖാഫിയാണ് (40) ലോറിക്കടിയിൽപെട്ട് തൽക്ഷണം മരിച്ചത്.
കൊച്ചി മട്ടാഞ്ചേരി നാച്ചി ജുമാമസ്ജിദ് ഇമാം ആയിരുന്നു. ഒട്ടേറെ ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഖാഫി ഈയിടെ അടിമാലിയിൽ ദുരന്തത്തിൽപെട്ടവർക്കും സഹായവുമായി എത്തിയിരുന്നു.
മട്ടാഞ്ചേരിയിൽനിന്ന് എസ്.വൈ.എസ് ജില്ല യോഗത്തിൽ പങ്കെടുക്കാൻ ബൈക്കിൽ തൊടുപുഴക്കുള്ള യാത്രയിൽ ബുധനാഴ്ച രാവിലെ 8.30ഓടെ മരട് ഗാന്ധി സ്ക്വയർ മിനി ബൈപാസ് ജങ്ഷനടുത്തായിരുന്നു അപകടം. മിനി ബൈപാസ് റോഡിൽ എതിർദിശയിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ലോറിക്കടിയിൽപെട്ട ഷിഹാബ് സഖാഫിയുടെ തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം വൈകുന്നേരത്തോടെ ഉടുമ്പന്നൂർ കാരൂക്ക പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
കോട്ടയത്തുനിന്ന് കൊച്ചിയിലേക്ക് റബർ എടുക്കാൻ പോകുകയായിരുന്നു ലോറി.
പിതാവ്: അലിയാർ. മാതാവ്: സുലൈഖ. ഭാര്യ: സുൽഫത്ത്. മക്കൾ: ഫാത്തിമ ഫർഹത്ത്, ബഹ്ജ റാബിഅ, മുഹമ്മദ് റാഷിദ്, നജ്മ ശിബ്‌ലി.


