ജ്യൂസ് കുപ്പിയിൽ സൂക്ഷിച്ച മണ്ണെണ്ണ കുടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
text_fieldsവെള്ളറട (തിരുവനന്തപുരം): അലമാരയില്‍ ജ്യൂസിന്‍റെ കുപ്പിയില്‍ സൂക്ഷിച്ച മണ്ണെണ്ണ എടുത്ത് കുടിച്ച രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. ചെറിയ കൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്.
വീടിന്‍റെ അടുക്കളയിലെ അലമാരയിലാണ് സെവന്‍ അപ്പ് കുപ്പിയില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. സ്ഥിരമായി കുട്ടിക്ക് സെവന്‍ അപ്പ് വാങ്ങിക്കൊടുക്കാറുണ്ട്. രണ്ടു വയസ്സുകാരന്‍ അടുക്കളയുടെ സമീപത്ത് കിടന്ന കസേര തള്ളി അലമാരക്ക് സമീപമെത്തിച്ച് അതില്‍ കയറി അലമാര തുറന്ന് മണ്ണെണ്ണ എടുത്ത് കുടിക്കുകയായിരുന്നു.
മണ്ണെണ്ണ പകുതി കുടിച്ച ഉടന്‍ അലറി കരഞ്ഞ ആരോണിനെ ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആരോണിന്‍റെ പിതാവ് അനില്‍ മാങ്ങ പറിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നയാളാണ്. രണ്ടുവര്‍ഷം മുമ്പ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടില്‍ കിടപ്പാണ്. സംഭവസമയത്ത് ആരോണിന്‍റെ അമ്മയും വീട്ടിലുണ്ടായിരുന്നു. സഹോദരന്‍: അനിരുദ്ധ് (അഞ്ച്).