കിണർ ശുചീകരിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു
text_fieldsഅങ്കമാലി: കിണറിൽ ഇറങ്ങി ചളി വാരികൊടുക്കുന്നതിനിടെ കാൽ വഴുതി പാറക്കല്ലിൽ തലയടിച്ച് വീണ് തൊഴിലാളി മരിച്ചു. അങ്കമാലി കാഞ്ഞൂർ വടക്കൻ വീട്ടിൽ ദേവസിയുടെ മകൻ വി.ഡി. ജിനുവാണ് (44) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 10.30ന് അങ്കമാലി ടൗണിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം. മൂന്ന് തൊഴിലാളികളാണ് ശുചീകരണത്തിനെത്തിയത്. കിണറിൽ ഇറങ്ങാൻ വൈദഗ്ധ്യമുള്ള ജിനു കിണറിലിറങ്ങി കുട്ടയിൽ ചളി കോരി കൊടുക്കുകയും മറ്റ് രണ്ട് പേർ ചളി മുകളിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നു.
അതിനിടെയാണ് കുട്ടയിൽ നിറഞ്ഞ ചളി കൈകൾ കൊണ്ട് ഉയർത്തുന്നതിനിടെ കാൽ വഴുതി മലർന്ന് തല പാറക്കല്ലിലടിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തിൽ തല പൊട്ടി ചോര വാർന്നൊഴുകി. അവശ നിലയിലായ ജിനുവിനെ അഗ്നി രക്ഷസേനയെത്തി കരക്കെടുത്ത് അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ആനി. സഹോദരങ്ങൾ: ജിൻസി,ജിനിത.