നേമം: സിനിമ-സീരിയല്‍ സംവിധായകന് കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി ആദിത്യന് (ഷിജിരാജ്- 47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെ തിരുമലയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. പരേതരായ മുഹമ്മദ് ഹനീഫ-ജമീല ദമ്പതികളുടെ മകനാണ്. കുറച്ചുനാളായി വിളപ്പില്‍ പേയാട് പിറയില്‍ ഭാഗത്ത് വാടകക്ക് താമസിക്കുകയായിരുന്നു.
അനില്‍ദേവ് നിർമിച്ച ആര്‍വം എന്ന തമിഴ് ചലച്ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ടി.വി പരമ്പരകളായ സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നിവയുടെ സംവിധായകനാണ്. പുതിയൊരു സിനിമയുടെ പണിപ്പുരയിലായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചു. ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വിജിരാജ്, റജിരാജ് എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ: റോണു ആദിത്യൻ. മക്കള്‍: റിഷാന്, ഋഷിക. വ്യാഴാഴ്ച വൈകീട്ട് ആറിന് മൃതദേഹം പോളയത്തോട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.