ആമ്പല്ലൂർ: പുതുക്കാട് സ്റ്റാൻഡിനു മുന്നിൽ കെ.എസ്.ആർ.ടി.സി ബസിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. വരാക്കര സ്വദേശി മേച്ചേരിപ്പടി വീട്ടിൽ ആൻസന്റെ മകൻ ആൻസ്റ്റിനാണ് (19) മരിച്ചത്.
വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി വെണ്ണാട്ടുപറമ്പിൽ വീട്ടിൽ അലനാണ് (19) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അലൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
ചാലക്കുടിയിൽനിന്ന് മുളങ്കുന്നത്തുകാവിലേക്ക് പോയിരുന്ന ബസ് ദേശീയപാതയിൽനിന്ന് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂരിൽ നിന്ന് വന്നിരുന്ന ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻസ്റ്റിനെ രക്ഷിക്കാനായില്ല. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.