തളിക്കുളം: സി.പി.എം നേതാവും തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ മണ്ണത്താംപറമ്പിൽ എം.കെ. ബാബു (55) നിര്യാതനായി. അസുഖത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നിലവിൽ തളിക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. സി.പി.എം തളിക്കുളം മുൻ ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായിരുന്നു. നിലവിൽ ലോക്കൽ കമ്മിറ്റിയംഗമാണ്. തുടർച്ചയായി 25 വർഷം ജനപ്രതിനിധിയായിരുന്നു. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിൽ ആദ്യത്തെ കമ്പ്യൂട്ടർവൽകൃത പഞ്ചായത്തായി തളിക്കുളത്തെ അടയാളപ്പെടുത്തിയത് ഇദ്ദേഹം പ്രസിഡന്റായി ഇരിക്കുമ്പോഴാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും സമ്പൂർണ സാക്ഷരത പ്രസ്ഥാനത്തിന്റെയും മുൻനിര പ്രവർത്തകനായിരുന്നു.
സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.വി. ഹരിദാസ്, ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, എൻ.കെ. അക്ബർ എം.എൽ.എ, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ആർ. സീത, ഇ.പി.കെ സുഭാഷിതൻ എന്നിവർ ചേർന്ന് മൃതദേഹത്തിൽ പതാക പുതപ്പിച്ചു.
അച്ഛൻ: പരേതനായ കുഞ്ഞിക്കോരൻ. അമ്മ: പരേതയായ തങ്ക. ഭാര്യ: ജോളി (നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്). മകൾ: അയന (വിദ്യാർഥിനി). സംസ്കാരം തിങ്കളാഴ്ച 11ന് തളിക്കുളം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും. തുടർന്ന് തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളിൽ 11.30ന് സർവ്വകക്ഷി യോഗം ചേരും.