ശ്രീകൃഷ്ണപുരം: വെള്ളിനേഴി അടക്കാപുത്തൂർ സ്വദേശിയും കഥകളി ആചാര്യനുമായ ലീല നിവാസിൽ കലാമണ്ഡലം കുട്ടനാശാൻ (84) നിര്യാതനായി. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം ഫെലോഷിപ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഥകളി പച്ച വേഷത്തിൽ ഏറെ ശ്രദ്ധേയനായിരുന്നു. ദക്ഷൻ വേഷം കെട്ടിയാടുന്നതിൽ ശ്രദ്ധ നേടിയ ഇദ്ദേഹം ദക്ഷൻ കുട്ടൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിയാശാൻ, കലാമണ്ഡലം പത്മനാഭൻ നായർ എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടനാശാൻ കഥകളി അഭ്യസിച്ചത്. 1964 ൽ ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ കഥകളി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് 1990 ൽ കലാനിലയത്തിൽ വൈസ് പ്രിൻസിപ്പലായും 1995ൽ പ്രിൻസിപ്പലായും ചുമതലയേറ്റു. 34 വർഷത്തെ സേവനത്തിനുശേഷം 1998 ൽ ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ നിന്ന് വിരമിച്ചു. 1982ൽ ഏഷ്യാഡിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. 1994ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കഥകളി മഹോത്സവത്തിലും 1997 ൽ ഇറ്റലിയിൽ ഒരു മാസം നീണ്ടുനിന്ന കഥകളി പരിപാടിയിലും കുട്ടനാശാൻ പങ്കെടുത്തിട്ടുണ്ട്. 2008 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, 2003ൽ കേരള കലാമണ്ഡലം കീർത്തി പത്രം, 2008 ൽ കലാദർപ്പണ പുരസ്കാരം, 2014 ൽ പദ്മശ്രീ വാഴേങ്കട കുഞ്ചു നായർ സ്മാരക ഗുരുദക്ഷിണ അവാർഡ്, 2015ൽ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഗ്രാമകലാ പുരസ്കാരം, 2017 ൽ കേരള കലാമണ്ഡലം ഫെലോഷിപ്, 2019 ൽ കേരള സംസ്ഥാന കഥകളി അവാർഡ് തുടങ്ങിയ ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി ആട്ടക്കഥകളും കുട്ടനാശാൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഏറെ ശിഷ്യസമ്പത്തിനുടമ കൂടിയായിരുന്നു. ലീലാവതിയാണ് ഭാര്യ. മക്കൾ: ഉഷ, മധു, മോഹനൻ, സതി, രാധാകൃഷ്ണൻ, ഗീത. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് അടക്കാപുത്തൂരിലെ വീട്ടുവളപ്പിൽ.