ആലത്തൂർ: പഴമ്പാലക്കോട് തോട്ടുമ്പള്ളയില്‍ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് വായനശാലക്ക് സമീപം ചായക്കട നടത്തിയിരുന്ന ഉറവംചാലില്‍ വീട്ടില്‍ പരേതനായ മാധവെൻറയും ജാനകിയുടെയും മകന് ചോലയില്‍ സുരേഷ് കുമാര്‍ (50) ഭാര്യ സുഭദ്ര (40) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30ന് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയി തിരിച്ചെത്തിയ മകന് സുജിത്താണ് വീടിനോട് ചേര്‍ന്ന് മാതാപിതാക്കൾ കമ്പികള്‍ക്കിടയില്‍ വീണ് കിടക്കുന്നത് കണ്ടത്. സുജിത്തിെൻറ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഇരുവരെയും പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുണി ഉണക്കാനിടാൻ സമീപ വീട്ടുവളപ്പിലെ മരത്തില്‍ കെട്ടിയ ജി.ഐ വയര്‍ ഇവരുടെ വീട്ടിലെ ഫ്യൂസ് കാരിയറിന് മുകളിലൂടെ കഴുക്കോലില്‍ കെട്ടുന്നതിനിടെ ജി.ഐ വയറിെൻറ ഭാഗം ഫ്യൂസില്‍ കുടുങ്ങിയാണ് അപകടമെന്ന് കരുതുന്നു. സുരേഷിന് ഷോക്കേറ്റപ്പോള്‍ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാകും സുഭദ്രക്ക് ഷോക്കേറ്റതെന്നാണ് നിഗമനം. സംഭവസ്ഥലത്തെത്തിയ സുരേഷ് കുമാറിെൻറ അമ്മക്കും മറ്റും താഴെ കിടന്ന വയറില്‍നിന്ന് ഷോക്കേറ്റെങ്കിലും അപകടം സംഭവിച്ചില്ല. പാടൂർ സെക്ഷൻ വൈദ്യുതി ഉദ്യോഗസ്ഥരും ആലത്തൂർ പൊലീസും സംഭവസ്ഥലം പരിശോധിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹങ്ങൾ ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സുരേഷ് കുമാറിെൻറ രണ്ടാം ഭാര്യയാണ് സുഭദ്ര. ഇതിലുള്ള മകനാണ് സുജിത്ത് (പഴമ്പാലക്കോട് എസ്.എം.എം എച്ച്.എസ്.എസ് 10ാം ക്ലാസ് വിദ്യാർഥി). പഴമ്പാലക്കോട് കുട്ടൻകോട്ടിൽ പരേതനായ ഗോവിന്ദെൻറ മകളാണ്. മാതാവ്: ഭാർഗവി. സഹോദരങ്ങൾ: പ്രേമൻ, മണികണ്ഠൻ, രാധ, പുഷ്പ, കണ്ണൻകുട്ടി.
ചേലക്കര സ്വദേശി സത്യഭാമയാണ് സുരേഷിെൻറ ആദ്യ ഭാര്യ. മക്കൾ: സൗമ്യ, സുനിത, സരിത, പരേതയായ സാന്ദ്ര.