കാഞ്ഞിരപ്പുഴ: വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീട്ടുമുറ്റത്തെ കിണറിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വാണിയമ്പാറ ചേനക്കാട്ടിൽ ബാലൻ നായരുടെ ഭാര്യ ശാരദാമ്മ (77) ആണ് മരിച്ചത്. റബർപാൽ ഷീറ്റ് ആക്കുന്നതിനുള്ള ആസിഡ് അകത്ത് ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിനും ആന്തരികാവയവങ്ങൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് ശാരദാമ്മയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ഉണ്ണികൃഷ്ണനും മരുമകളും ഓണത്തോടനുബന്ധിച്ച് ബന്ധുവീട്ടിൽ വിരുന്ന് പോയിരുന്നു. ഇവരുടെ മറ്റൊരു മകൻ രാമചന്ദ്രൻ വേറെ വീട്ടിലാണ് താമസിക്കുന്നത് .
മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, സി.ഐ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലം പരിശോധിച്ച് തെളിവെടുത്തു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.