ചെർപ്പുളശ്ശേരി/ശ്രീകൃഷ്ണപുരം: കഥകളി ചെണ്ടയിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനും കലാമണ്ഡലം ചെണ്ട വിഭാഗം മുൻ മേധാവിയുമായ കലാമണ്ഡലം ബാലസുന്ദരൻ (57) നിര്യാതനായി. വെള്ളിനേഴി തിരുവാഴിയോട്ടായിരുന്നു താമസം.
വെള്ളിയാഴ്ച രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാങ്ങോട് സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവാഴിയോട് തേനേഴിത്തൊടി അപ്പുക്കുട്ട തരകന്റെയും ശാന്തകുമാരിയുടെയും മകനാണ്. 1983 ൽ കേരള കലാമണ്ഡലത്തിൽ കഥകളി ചെണ്ട വിദ്യാർഥിയായി ചേർന്ന ബാലസുന്ദരൻ കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ബലരാമൻ എന്നിവരുടെ കീഴിൽ ചെണ്ട പഠിച്ചു. കേന്ദ്ര സർക്കാറിന്റെ സ്കോളർഷിപ്പ് ലഭിച്ച അദ്ദേഹം പഠനശേഷം പ്രമുഖ കലാകാരൻമാരുടെ വേഷത്തിന് ചെണ്ട കൊട്ടി. 2004 മുതൽ കലാമണ്ഡലത്തിൽ കഥകളി ചെണ്ട അധ്യാപകനായി.
കലാമണ്ഡലത്തിൽ അസി. പ്രഫസറായും തുടർന്ന് ചെണ്ടവിഭാഗം വകുപ്പധ്യക്ഷനുമായി. 2023 മാർച്ചിൽ വിരമിച്ചു. ഈ കാലയിളവിൽ പ്രശസ്തരായ നിരവധി ചെണ്ട കലാകാരൻമാരെ വാർത്തെടുത്ത് കലാലോകത്തിന് സമാനിച്ചു. കലാമണ്ഡലം അവാർഡ്, രാജസം പുരസ്കാരം, രമണീയം പുരസ്കാരം, ശ്രീചക്രം ഗൗരീശം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശുഭശ്രീ, മക്കൾ: അർജുൻ, അമൃത. ശനിയാഴ്ച രാവിലെ 10.30 വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 11 ന് സംസ്കാരം പാമ്പാടി ഐവർമഠത്തിൽ.